'ദാദ' വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തെത്തുമ്പോള്‍
Cricket
'ദാദ' വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തെത്തുമ്പോള്‍
അതുല്‍.പി
Monday, 14th October 2019, 4:52 pm

രണ്ടായിരത്തോടെ ഉണ്ടായ ഒത്തുകളി വിവാദം ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഒരു ട്രോമയായിരുന്നു. ക്രിക്കറ്റിന് അന്നേറ്റ കളങ്കം ഒരു കാലത്തും മായ്ച്ചുകളയാന്‍ സാധിക്കില്ല. ക്രിക്കറ്റ് ജീവിതത്തിന്റെ ഭാഗമായവര്‍, തോറ്റാല്‍ ചങ്കു തകരുകയും, ജയിച്ചാല്‍ മനസ്സ് നിറയുകയും, ഒരു ബാറ്റ്‌സ്മാന്‍ 90 റണ്‍സ് കഴിഞ്ഞാല്‍ ഹൃദയമിടിപ്പ് കൂടുകയും ചെയ്ത ഒരു ജനതയാകെ തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്നു തിരിച്ചറിഞ്ഞു. അന്നു ക്രിക്കറ്റ് ഉപേക്ഷിച്ച പലരും പിന്നീടൊരുകാലത്തും, പഴയതുപോലെ ക്രിക്കറ്റ് ആസ്വദിച്ചില്ല.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അതു വലിയ പ്രതിസന്ധിയുടെ കാലമായിരുന്നു. ഇന്ത്യക്കാര്‍ സച്ചിന് തൊട്ടുതാഴെ കൊണ്ടുനടന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അസഹ്‌റുദ്ദീന്‍, യുവാക്കളുടെ ഹരമായി മാറിക്കൊണ്ടിരുന്ന അജയ് ജഡേജ അങ്ങനെ പലരെയും അവര്‍ എന്നന്നേക്കുമായി ഹൃദയത്തില്‍ നിന്നും പറിച്ചുമാറ്റി. താരങ്ങളെ ദൈവമായി കണ്ടവര്‍ അവരുടെ കോലം കത്തിച്ചു. വീടുകള്‍ ആക്രമിക്കപ്പെട്ടു. ഇന്ത്യയുടെ നായകനാവാന്‍ സച്ചിന്‍ പോലും വിസമ്മതിച്ചു. അന്ന് ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളൂ.

കാലാകാലമായി ഇന്ത്യക്ക് വേണ്ടി ആരു കളിക്കണം എന്നു തീരുമാനിക്കുന്ന ലോബികള്‍ രംഗം വിട്ട കുറച്ചുകാലം ഗാംഗുലി ക്യാപ്റ്റനായ കാലമായിരുന്നു. ആരു കളിക്കണമെന്ന് ഗാംഗുലി തീരുമാനിച്ചു. അനഭിമതരായിരുന്ന ഹര്‍ഭജനും ലക്ഷ്മണിനും വേണ്ടി വാശിപിടിച്ചു. കുംബ്ലെ ഇല്ലാതെ ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറില്ലെന്നുറപ്പിച്ചു പറഞ്ഞു. ഏതോ കാരണത്താല്‍ സെലക്ടര്‍മാര്‍ക്ക് ഇന്നും പ്രിയപ്പെട്ട കാര്‍ത്തിക്കിന് പകരം ജാര്‍ഖണ്ഡുകാരനായ ധോനി ഇന്ത്യന്‍ ടീമിലെത്തിയതും ഗാംഗുലിയുടെ കാലത്തുതന്നെ.

കളിക്കളത്തില്‍ സ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുന്നത് കാത്തിരിക്കുന്ന ക്യാപ്റ്റനായിരുന്നില്ല ഗാംഗുലി. ഒരുസമയത്തും അലസതയുടെ കുനിഞ്ഞ ചുമലുകളായി ഗാംഗുലിയെ ആരും കണ്ടില്ല. 50 ഓവറും ഗാംഗുലി എന്ന ക്യാപ്റ്റന്‍ മത്സരത്തില്‍ ഇന്‍വോള്‍വ്ഡ് ആയിരുന്നു. കാണികളേക്കാള്‍ ആവേശത്തോടെ ഷര്‍ട്ട് ചുഴറ്റിയും, ബൗണ്ടറി വഴങ്ങുന്ന ബൗളര്‍മാരെ ശകാരിച്ചും അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദയായി. അന്നു ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ വെച്ച് ഷര്‍ട്ടൂരി രോമാവൃതമായ തന്റെ ഇന്ത്യന്‍ നെഞ്ച് കാണിച്ച ഗാംഗുലി കൊളോണിയല്‍ വിധേയത്വത്തില്‍ നിന്നു മോചനം നേടിയ പുതിയ ഇന്ത്യക്കാരന്റെ പ്രതീകമാണ് എന്നു വിലയിരുത്തലുണ്ടായി.

ക്യാപ്റ്റന് വേണ്ടി ജീവന്‍ കൊടുക്കാന്‍ തയ്യാറാണ് എന്നുപറഞ്ഞ യുവരാജ് പിന്നീട് സ്വന്തം ജീവന്‍ പണയം വെച്ച് ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്നു. സെവാഗ്, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍ അങ്ങനെ ഗാംഗുലി ഗ്രൂം ചെയ്ത തലമുറയാണ് കപിലിന്റെ ചെകുത്താന്മാര്‍ക്ക് ശേഷം ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത്.

ഇതിനെല്ലാം വേണ്ടി ഗാംഗുലി കൊടുത്ത വില, ഒരു കാലത്ത് ഏകദിനത്തില്‍ സച്ചിനേക്കാള്‍ ഉയരത്തിലുള്ള ഗ്രാഫുണ്ടായിരുന്ന തന്റെ ബാറ്റിംഗ് കരിയറും, പിന്നീട് ചാപ്പലിന്റെ കാലത്ത് സ്വന്തം കരിയറുമായിരുന്നു. ഒരു സെഞ്ചുറിക്ക് ശേഷം ഗാംഗുലി ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായി. വിരോധാഭാസമെന്ന പോലെ, തന്റെ മുന്‍ഗാമി അസ്ഹര്‍ ടീമില്‍ നിന്നു പുറത്തായ അതേ രീതിയില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോഴവിവാദം പതിയെ എല്ലാവരും മറന്നു. കുറ്റമേറ്റു പറഞ്ഞ സൗത്ത് ആഫ്രിക്കന്‍ കാപ്റ്റന്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പട്ടു. നാലു വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പൈലറ്റിന് പറ്റിയ അബദ്ധമാണ് എന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തി. ഒരു വര്‍ഷത്തിനു ശേഷം 2007-ല്‍ അന്നത്തെ സൗത്ത് ആഫ്രിക്കന്‍ കോച്ച് ആയിരുന്ന ബോബ് വൂമര്‍ പാക്കിസ്ഥാന്‍ ഡ്രസിങ് റൂമില്‍ വെച്ച് ഇന്നും അവ്യക്തമായി തുടരുന്ന കാരണത്താല്‍ മരണപ്പെട്ടു. കോടതി അസ്ഹറിനും ജഡേജക്കുമെതിരെയുള്ള അപരാധങ്ങള്‍ തെളിയിക്കുന്നതില്‍ പരാജയം സമ്മതിച്ചു.

അസ്ഹര്‍ 2009-ലെ തെരഞ്ഞെടുപ്പില്‍ എം.പി ടിക്കറ്റ് നേടി, ഇന്ത്യന്‍ പാര്‍ലമെന്റിലെത്തി. അസ്ഹറിന്റെ ജീവിതം സിനിമയായി. ഇന്നുവരെ കളിക്കപ്പെട്ടിട്ടില്ലാത്ത ക്രിക്കറ്റ് മത്സരങ്ങള്‍ തെളിവുകളായി നിരത്തി അസ്ഹറിന്റെ നിരപരാധിത്വം സിനിമ പ്രഖ്യാപിച്ചു. ജഡേജ ചാനലില്‍ ക്രിക്കറ്റ് നിരീക്ഷകനായി കസേരയിട്ടിരുന്നു.

ഐ.പി.എല്ലിലൂടെ കോടികള്‍ മറിയുന്ന എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയാക്കി ക്രിക്കറ്റിനെ മാറ്റി. വിരാട് കേ0ാഹ്‌ലി വിജയ് മല്യയുടെ ടീമിന്റെ ക്യാപ്റ്റനായി. ധോനിയുടെ ടീം, സ്‌പോട് ഫിക്‌സിങിന്റെ പേരില്‍ രണ്ട് വര്‍ഷം ബാന്‍ ചെയ്യപ്പെട്ടു. അതേ കളങ്കം മലയാളിയായ ശ്രീശാന്തിന്റെ കരിയറെടൂത്തു. ആര്‍.പി സിംഗിന്റെ നോബോള്‍ ഉള്‍പ്പടെ ഐ.പി.എല്ലില്‍ നടക്കുന്ന പല കളികളെക്കുറിച്ചും വീണ്ടും കാണികള്‍ മുറുമുറുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2011 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലുള്ള ഒരു താരമുള്‍പ്പടെ ബെറ്റിങ് മാഫിയയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നു. ആഭ്യന്തര മത്സരങ്ങളിലെ ശരാശരിക്കാര്‍ക്ക് ലഭിക്കുന്ന ലേലത്തുക കണ്ട് ജനം അന്തം വിട്ടു. ലോകകപ്പിലടക്കം ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റിയവരുടെ അര്‍ഹതയെപ്പറ്റി സംശയങ്ങളുണ്ടായി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കേന്ദ്രീകരിച്ചു ദാവൂദിന്റെ ഡി കമ്പനി ഇന്നും പ്രവര്‍ത്തിക്കുന്നു എന്നും, ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നുവെന്നും, കാണികള്‍ വഞ്ചിക്കപ്പെടുന്നുവെന്നും അല്‍ജസീറയുടെ ഡോക്യൂമെന്ററി ഉറപ്പിച്ചുപറഞ്ഞു.

ഇതിനിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ സല്‍മാന്‍ ബട്ടിന്റെ രൂപത്തില്‍ ഒത്തുകളി ഭൂതം പിന്നീടും പ്രത്യക്ഷപ്പെട്ടു. ബെറ്റിങ് മാഫിയയായുള്ള ബന്ധം കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തു നിന്നു മാറിയ ആള്‍, അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ആയി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസ്ഹര്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി.

ഗാംഗുലി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കു വരികയാണ്. ഒരര്‍ത്ഥത്തില്‍ അന്നത്തെക്കാള്‍ വെല്ലുവിളി നിറഞ്ഞ കാലത്തേക്കാണ് അയാള്‍ ഗാര്‍ഡ് എടുത്തുവരുന്നത്. ഇന്ത്യയെ ഉലച്ച ഒത്തുകളി അന്വേഷണത്തിനിടെ ഗാംഗുലിയെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു വാതുവെപ്പുകാരന്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്. ‘അയാളെ അപ്പ്രോച്ച് ചെയ്യണമെന്നൊരു ആലോചനയുണ്ടായിരുന്നു. പക്ഷെ അയാളോട് ഇക്കാര്യം നേരിട്ടുപോയി പറയാന്‍ മാത്രം ധൈര്യമുള്ള ഒരാള്‍ പോലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല’.

ഇപ്പോള്‍ സൗരവ് ബി.സി.സി.ഐ പ്രസിഡന്റ് ആവുമ്പോള്‍ ഒരിന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്ക് തോന്നുന്ന ധൈര്യവും അതു തന്നെയാണ്. ജനത വഞ്ചിക്കപ്പെട്ടുകൂടാ. ഇന്ത്യന്‍ ക്രിക്കറ്റിനെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന നിശബ്ദനായ പിശാചിനെ ദാദാ ശൈലിയില്‍ അതിര്‍ത്തിവരക്കപ്പുറം കടത്താന്‍ ഒരിക്കല്‍ക്കൂടി അയാള്‍ക്ക് കഴിയട്ടെ. എതിരാളികളുടെ ഷോര്‍ട്ട് പിച്ചിന് മുന്നില്‍ മറുപടിയില്ലാതെ അയാള്‍ കളംവിടുന്ന അവസ്ഥയുണ്ടാവാതിരിക്കട്ടെ.

അതുല്‍.പി
ദല്‍ഹി സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി