ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു രജിനികാന്തിനെ നായകനാക്കി മകള്‍ സൗന്ദര്യ രജിനികാന്ത് സംവിധാനം ചെയ്ത കൊച്ചടയാന്‍: ദി ലെജന്‍ഡ് എന്ന അനിമേഷന്‍ ചിത്രം. ഇന്ത്യയിലെ ആദ്യ ഫോട്ടോ റിയലിസ്റ്റിക്ക് മോഷന്‍ ക്യാപ്ച്ചര്‍ ചിത്രം എന്ന സവിശേഷതയോടെ എത്തിയ ചിത്രത്തില്‍ അഭിനേതാക്കളുടെ രൂപവും ശരീരഭാഷയും അടിസ്ഥാനമാക്കിയുള്ള കഥാപാത്രങ്ങളെയാണ് ഒരുക്കിയിരുന്നത്.
രജിനികാന്തിന് പുറമെ ദീപിക പദുകോണ്‍, ശരത് കുമാര്‍, ജാക്കി ഷ്രോഫ്, ശോഭന തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം പക്ഷേ തിയേറ്ററില്‍ തോറ്റ് തുന്നംപാടിയിരുന്നു. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നിര്‍മാണത്തിന് വേണ്ടിയെടുത്ത വായ്പ തിരിച്ചടിക്കാത്തതിനാല്‍ രജിനിയുടെ ഭാര്യയുടെ പേരില്‍ കേസെടുത്തതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ചിത്രമിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ വേളയില്‍ ചിത്രം പരാജയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അനിമേഷന്‍ ചിത്രങ്ങളെക്കുറിച്ചും പറയുന്ന സംവിധായക സൗന്ദര്യ മേനോന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സൗന്ദര്യ നിര്‍മിക്കുന്ന പുതിയ തമിഴ് ചിത്രം വിത്ത് ലൗ വുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. കൊച്ചടയാന്‍ പോലുള്ള ചിത്രങ്ങള്‍ ഇനിയും നിര്‍മിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
‘കൊച്ചടയാന്‍ പോലുള്ള ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ എപ്പോഴും എക്‌സൈറ്റഡ് ആണ്. അന്നത്തെ കാലത്ത് ടെകനോളജികള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് എണ്ണിയാലൊടുങ്ങാത്ത സാധ്യതകളാണുള്ളത്. ചൈനയിലും ജപ്പാനിലും അനിമേഷന്‍ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയിലും ഈ ട്രെന്‍ഡ് പ്രകടമാണ്.
മഹാവതാര്‍ നരസിംഹ ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ചിത്രങ്ങള്‍ക്കുള്ള വഴികാട്ടിയാണ്. നിലവില്‍ അനിമേഷന്‍ ചിത്രങ്ങള്‍ക്ക് വലിയ സപ്പോര്‍ട്ട് ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ സൗന്ദര്യ പറയുന്നു.
അഭിഷാന്‍ ജീവിന്തും അനശ്വര രാജനും പ്രധാന വേഷത്തിലെത്തി മദന്‍ സംവിധാനം ചെയ്യുന്ന വിത്ത് ലൗ ആണ് സൗന്ദര്യയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Soundharya Rajinikanth talks about her animation film kochadayan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.