| Friday, 2nd May 2025, 3:27 pm

ആ തിയേറ്ററുകാര്‍ സൗണ്ടിന് പ്രശ്‌നമുണ്ടെന്ന് സമ്മതിച്ചില്ല; നമ്മളെന്തോ ഇല്ലാത്തതു പറഞ്ഞപോലെ: തുടരും സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2025 ല്‍ മാത്രം ഇറങ്ങിയ അഞ്ച് സിനിമകകള്‍ക്ക് സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുക. ആ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുക,

മലയാളസിനിമയില്‍ നിന്ന് ഇന്ന് ഒഴിച്ചുകൂടാനാകാത്ത പേരായി വിഷ്ണു ഗോവിന്ദ് എന്ന സൗണ്ട് ഡിസൈനര്‍ മാറിക്കഴിഞ്ഞു.

ഈ വര്‍ഷം റിലീസ് ചെയ്ത പ്രാവിന്‍കൂട് ഷാപ്പ്, പൈങ്കിളി, ആലപ്പുഴ ജിംഖാന, മരണമാസ്, ഒടുവില്‍ തുടരും എന്ന ചിത്രം കൂടി തിയേറ്ററുകള്‍ ഇളക്കി മറിക്കുമ്പോള്‍ വിഷ്ണുവിനും ഇത് അഭിമാന നിമിഷമാണ്.

ഒരു സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മോശമാകുന്നതിന്റെ ചില കാരണങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു.

ഒരു സിനിമയില്‍ സൗണ്ട് മിക്‌സിങ്ങിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം ഒരു തിയേറ്ററില്‍ നിന്ന് തനിക്ക് ഉണ്ടായ അനുഭവവും അദ്ദേഹം പറയുന്നുണ്ട്.

‘സൗണ്ട് നമ്മള്‍ എങ്ങനെയാണോ ചെയ്ത് അയച്ചിരിക്കുന്നത് അത് അതിന്റെ വോളിയത്തില്‍ കേള്‍ക്കണം. അത് കൂടാനോ കുറയാനോ പാടില്ല. നിലവില്‍ ഇതിന് ഒരു സ്റ്റാന്റഡെസേഷന്‍ ഇല്ല.

ഇത് ആരേയും കുറ്റപ്പെടുത്തുന്നതല്ല. ഇതില്‍ ഒരു പ്രോപ്പര്‍ സൂപ്പര്‍വിഷന്‍ അല്ലെങ്കില്‍ ആ ഒരു നോളജിന്റെ അപ്ലിക്കേഷന്‍ കറക്ട് ആവുന്നില്ല.

പല നോളജ് ബേസുള്ള ആള്‍ക്കാരാണ് ഇതിനകത്ത് ഇന്‍കോര്‍പ്പറേറ്റ് ആകുന്നത്. നമ്മള്‍ സ്റ്റുഡിയോയില്‍ നിന്ന് ഇത്രയും ഡീറ്റെയില്‍ ചെയ്ത് വിടുന്ന ഒരു കണ്ടന്റ് ഒരു പ്രൊജക്ട് റൂമില്‍ ഇരിക്കുന്ന ഓപ്പറേറ്ററുടെ കയ്യിലാണ് ഇരിക്കുന്നത്.

അതില്‍ ഒരാള്‍ തീരുമാനിക്കുകയാണ് ഇത് ഇച്ചിരി കൂട്ടാം, ഇത് ഇച്ചിരി കുറയ്ക്കാം എന്ന്. അങ്ങനെ തീരുമാനിക്കുന്നവരും ഉണ്ട്. അങ്ങനെ ആകുമ്പോഴേക്ക് അത് മാറി. അത് എന്റെ മിക്‌സ് അല്ല. മിക്‌സില്‍ ഓള്‍ട്ടറേഷന്‍ നടക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഈ പ്രൊഡക്ട് തന്നെ മാറി.

ഒരു തിയേറ്ററില്‍ ഞാന്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ലെഫ്റ്റ് സൈഡ് സ്പീക്കര്‍ വര്‍ക്ക് ചെയ്യുന്നില്ല. ഹൈ ഫ്രീക്വന്‍സി, മിഡ് ഫ്രീക്വന്‍സി ലോ ഫ്രീക്വന്‍സി എന്നിങ്ങനെ സ്പ്ലിറ്റ് ചെയ്തിട്ടാണ് ഉണ്ടാകുക.

ഞാന്‍ നോക്കുമ്പോള്‍ നമ്മള്‍ ചെയ്തുവെച്ച ഇംപാക്ട് ഇല്ല. ആള്‍ക്കാര്‍ കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. പക്ഷേ ഇംപാക്ട് ഇല്ല. അവര്‍ക്ക് പക്ഷേ ഇത് മനസിലാകില്ല.

എന്താണ് ഒറിജിനല്‍ എന്ന് ദിവസങ്ങളോളം കേട്ട് അത് ക്രിയേറ്റ് ചെയ്ത ആളാണല്ലോ ഞാന്‍. അത് കേട്ട മൊമെന്റില്‍ എനിക്ക് മനസിലാകും. കുറച്ച് നേരം ഇങ്ങനെ നോക്കിയപ്പോള്‍ പ്രശ്‌നം മനസിലായി.

ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അവരുടെ അടുത്ത് ചെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് എന്തോ അത് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുപോലെ. അവിടെയാണ് പ്രശ്‌നം നില്‍ക്കുന്നത്.

ഇത് ഞാന്‍ ക്രിയേറ്റ് ചെയ്ത ഒരു പ്രൊഡക്ടാണ്. സൗണ്ട് ട്രാക്ക് ക്രിയേറ്റ് ചെയ്തത് ഞാനാണ്. അതില്‍ ഒരു പ്രശ്‌നം ഉള്ളതുകൊണ്ടാണ് വന്ന് പറയുന്നത്, ഇല്ലെങ്കില്‍ ഞാന്‍ വന്നുപറയേണ്ട കാര്യമില്ലല്ലോ എന്ന് ചോദിച്ചു.

ആദ്യം നമ്മളോട് കാണിക്കുന്ന പ്രതികരണം എന്നത് നമ്മള്‍ എന്തോ ഇല്ലാത്തതുപറയുന്ന പോലെത്തെ രീതിയിലായിരുന്നു. പിന്നെ ശരിയാക്കാമെന്ന് പറഞ്ഞു.

എങ്കില്‍ മാത്രമേ ആ ആ സിനിമ പൂര്‍ണമായും നമുക്ക് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ പറ്റുകയുള്ളൂ. അല്ലെങ്കില്‍ കാണുകയും കേള്‍ക്കുകയും മാത്രമാകും.

ചെവിയിലല്ല ഹൃദയത്തിലാണ് ഫീല്‍ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സ്പീക്കര്‍ ഓഫ് ആകുമ്പോള്‍ ആ ഏരിയയില്‍ നിന്ന് നമ്മള്‍ ഡിസ്‌കണക്ട് ആകും. ഇല്ലാതാകുമ്പോള്‍ മാത്രമല്ല കൃത്യമായ അളവില്‍ കിട്ടിയില്ലെങ്കിലും നമ്മള്‍ സിനിമയില്‍ നിന്ന് ഡിസ്‌കണക്ട് ആകും,’ വിഷ്ണു പറയുന്നു.

Content Highlight: Sound Designer Vishnu Govind about Soud Mixing and Theatre Issues

We use cookies to give you the best possible experience. Learn more