സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ തന്ന പിന്തുണ ചെറുതല്ല; നിശബ്ദതക്ക് വലിയ ഇംപാക്ട് ഉണ്ട്: സൗണ്ട് ഡിസൈനര്‍ അനില്‍ രാധാകൃഷ്ണന്‍
Malayalam Cinema
സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ തന്ന പിന്തുണ ചെറുതല്ല; നിശബ്ദതക്ക് വലിയ ഇംപാക്ട് ഉണ്ട്: സൗണ്ട് ഡിസൈനര്‍ അനില്‍ രാധാകൃഷ്ണന്‍
ഐറിന്‍ മരിയ ആന്റണി
Sunday, 11th January 2026, 12:34 pm

സമീപകാലത്ത് വന്ന ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ ഒരു അണ്‍സങ് ഹീറോ ഉണ്ട്. സൗണ്ട് ഡിസൈനര്‍ അനില്‍ രാധാകൃഷ്ണന്‍. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഞാന്‍ പ്രകാശന്‍, പാച്ചുവും അത്ഭുതവിളക്കും, മകള്‍ തുടങ്ങിയ മലയാളചിത്രങ്ങള്‍ക്ക് പുറമെ ഹിന്ദിയിലും ഇരുപത്തഞ്ചോളം സിനിമകള്‍ക്കും ഇദ്ദേഹം ശബ്ദ രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഒടുവില്‍ പുറത്തിറങ്ങിയ സര്‍വ്വം മായയുടെ സൗണ്ട് ഡിസൈനിങും അനില്‍ തന്നെയാണ്. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. താന്‍ ആദ്യം ചെയ്ത മലയാള സിനിമ അനുരാഗ കരിക്കിന്‍ വെള്ളമാണെന്ന് അനില്‍ പറയുന്നു.

‘എന്നാല്‍ അതില്‍ മുഴുവന്‍ ഭാഗം ചെയ്തിട്ടില്ല. ബിജു മേനോന്‍, ആശാ ശരത്ത്, ആസിഫ് അലി എന്നിവരുടെ വീട്ടിലെ കോമ്പിനേഷന്‍ സീന്‍ മാത്രമാണ് അതില്‍ ചെയ്തത്. ആ സീന്‍ സിങ്ക് സൗണ്ടാണ് ചെയ്തത്. അത് പലര്‍ക്കും അറിയില്ല.

അതിന്റെ സൗണ്ട് ഡിസൈനിലും മിക്‌സിങ്ങിലും നമ്മള്‍ ഭാഗമല്ലായിരുന്നു. പിന്നീട് ചെയ്തത് തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്. അതിലും ബസിലെ സീന്‍ മുതലാണ്
സിങ്ക് സൗണ്ട് തുടങ്ങുന്നത്. പിന്നീട് കാര്‍ബണ്‍ ചെയ്തു,’ അനില്‍ പറയുന്നു.

കാര്‍ബണ്‍ എന്ന സിനിമയിലാണ് തനിക്ക് ആദ്യത്തെ സ്റ്റേറ്റ് അവാര്‍ഡ് ലഭിക്കുന്നതെന്നും നാല്പത്തിയൊമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സിങ്ക് സൗണ്ട് വിഭാഗത്തിലാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ പ്രകാശനാണ് താന്‍ ചെയ്ത ആദ്യ കൊമേര്‍ഷ്യല്‍ സിനിമയെന്നും മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ തന്ന പിന്തുണ ചെറുതായിരുന്നില്ലെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ആയ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം ഡബ്ബിങ്ങില്‍ നിന്ന് സിങ്ക് സൗണ്ടിലേക്ക് മാറിയത് മറ്റു സംവിധായകര്‍ക്കും ഇങ്ങനെ ചെയ്യാനുള്ള പ്രചോദനമായിരുന്നു,’ അനില്‍ പറഞ്ഞു.

സിനിമയില്‍ നിശബ്ദതക്കുള്ള പ്രധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വൈകാരികമായ സംഭാഷണം പറയുന്നതിന് അല്ലെങ്കില്‍ ഒരു പഞ്ച് ഡയലോഗിന് മുന്നേ, ഇങ്ങനെ പല പ്രധാന ശബ്ദങ്ങളും പല പ്രധാന സംഭാഷണങ്ങളും വരുന്നതിന് മുന്‍മ്പ് ദീര്‍ഘമായ നിശ്ശബ്ദത അവിടെ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറയുന്നു.

‘നിശബ്ദത വന്നുകഴിഞ്ഞാല്‍ പിന്ന വരുന്ന ഏത് ശബ്ദമായാലും മ്യൂസിക് ആയാലും ഡയലോഗ് ആയാലും അതിന് വലിയ പ്രാധാന്യവും ശ്രദ്ധയും കിട്ടും. അങ്ങനെ പല രീതിയില്‍ നമുക്ക് അതിനെ ഉപയോഗിക്കാം.

ചില സ്ഥലങ്ങളില്‍ ശബ്ദങ്ങള്‍ ഉപയോഗിച്ച് ഒരുപാട് മാജിക് കാണിക്കുന്നതിലും വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ നിശ്ശബ്ദതയ്ക്ക് സാധിക്കും. സര്‍വ്വംമായയില്‍ അങ്ങനെ പല സ്ഥലങ്ങളിലും നിശ്ശബ്ദത ഉപയോഗിച്ചിരുന്നു,’ അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: Sound designer Anil Radhakrishnan about the films he has worked on

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.