സർവ്വം മായയിലെയും ഹൃദയപൂർവത്തിലെയും ചില സീനുകൾ അങ്ങനെ ചെയ്തത്: അനിൽ രാധാകൃഷ്ണൻ
Malayalam Cinema
സർവ്വം മായയിലെയും ഹൃദയപൂർവത്തിലെയും ചില സീനുകൾ അങ്ങനെ ചെയ്തത്: അനിൽ രാധാകൃഷ്ണൻ
നന്ദന എം.സി
Sunday, 11th January 2026, 8:00 am

കഥ പറയലിനെ പൂർണമാക്കണമെങ്കിൽ ഫ്രെയിമിനകത്തുള്ള ദൃശ്യങ്ങൾക്കൊപ്പം ഫ്രെയിമിന് പുറത്തുള്ള ശബ്ദങ്ങളെയും ഒരുപോലെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പ്രമുഖ സൗണ്ട് ഡിസൈനർ അനിൽ രാധാകൃഷ്ണൻ പറയുന്നു. സമീപകാലത്ത് വലിയ വിജയങ്ങൾ നേടിയ നിരവധി സിനിമകളിലെ ശബ്ദരൂപകൽപനയ്ക്ക് പിന്നിലെ പ്രധാന സാന്നിധ്യമാണ് അദ്ദേഹം.

മോഹൻലാൽ, Photo: YouTube / Screen grab

ഹൃദയപൂർവം, ഉള്ളൊഴുക്ക്, സർവ്വം മായ തുടങ്ങി നിരവധി സിനിമകൾക്ക് ശബ്ദരൂപകൽപന നിർവഹിച്ച അനിൽ, സിനിമയിൽ സംവിധാനം ചെയ്യുമ്പോൾ അത്യന്തം സൂക്ഷ്മത ആവശ്യമാണെന്നും ഒരു സീനിൽ ഇടുന്ന ചെറു ശബ്ദം പോലും കഥപറച്ചിലിൽ നിർണായകമാണെന്നും വ്യക്തമാക്കി. മാതൃഭൂമി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഹൃദയപൂർവം, സർവ്വം മായയും ഉൾപ്പെടെയുള്ള സിനിമകളിലെ ചില അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

ഒരു സീനിൽ ഇടുന്ന പക്ഷിയുടെ ശബ്ദം പോലും ആ രംഗത്തിന്റെ സ്ഥലകാലബോധത്തെ ബാധിക്കുമെന്ന് അനിൽ പറയുന്നു. ആ ശബ്ദം ആ സീനിന്റെ സമയത്തോടും സാഹചര്യത്തോടും യോജിക്കുന്നുണ്ടോ എന്നത് വരെ പരിശോധിക്കേണ്ടതുണ്ടെന്നും, അതിനാൽ തന്നെ സൗണ്ട് സെലക്ഷൻ വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർവ്വം മായ, Photo: YouTube/ Screen grab

‘സർവ്വം മായയിലും ഹൃദയപൂർവത്തിലും ചില രംഗങ്ങൾ ഡേ ഫോർ നൈറ്റ് രീതിയിലാണ് ചിത്രീകരിച്ചത്. അതായത് പകൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ സിനിമയിൽ രാത്രി പോലെ കാണിക്കുന്ന രീതിയിൽ. അത്തരമൊരു സീനിൽ മുഴുവനായും രാത്രിയുടെ ടെക്‌സ്‌ചർ സൃഷ്ടിക്കേണ്ടിവരും. ഒരു ചീവീടിന്റെ ശബ്ദം മാത്രം മതിയാകില്ല. ചിലപ്പോൾ ദൂരെ പോകുന്ന ഒരു വാഹനത്തിന്റെ ശബ്ദം വരെ വ്യത്യസ്തമാകും.

രാത്രി നമ്മൾ കേൾക്കുന്ന ശബ്ദങ്ങളും പുലർച്ചെയോ പകലിലോ കേൾക്കുന്ന ശബ്ദങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ആ ഒരു അനുഭവം സൃഷ്ടിക്കണമെങ്കിൽ വാഹനശബ്ദം പോലും സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടി വരും. ഇങ്ങനെ നിരവധി ചെറിയ ഘടകങ്ങൾ ചേർന്നിട്ടാണ് സ്ഥലവും കാലവും രൂപപ്പെടുന്നത്. അതിനിടയിൽ തന്നെ സൃഷ്ടിപരമായ സ്വാതന്ത്ര്യവും ലഭിക്കും,’ അനിൽ പറഞ്ഞു.

നിവിൻ പോളി, അജു വർഗീസ് , Photo; IMDb

ഫ്രെയിമിനകത്ത് കാണുന്ന കാര്യങ്ങൾ മാത്രം പൂർണമാക്കിയാൽ പലപ്പോഴും ഒരു സീൻ പൂർണതയിലേക്കെത്തില്ലെന്നും, കഥ പറയലിനെ ശക്തമാക്കണമെങ്കിൽ ഫ്രെയിമിന് പുറത്തുള്ള ശബ്ദങ്ങളെക്കുറിച്ചും സംവിധായകനും സൗണ്ട് ഡിസൈനറും ഒരുപോലെ ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉള്ളൊഴുക്ക് എന്ന സിനിമയിലെ ശബ്ദരൂപകൽപനയ്ക്കാണ് അനിലിന് അവാർഡ് ലഭിച്ചത്. 2018ൽ കാർബൺ എന്ന ചിത്രത്തിലൂടെ മികച്ച സിങ്ക് സൗണ്ടിങ്ങിന് സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഞാൻ പ്രകാശൻ, പാച്ചുവും അത്ഭുതവിളക്കും, മകൾ തുടങ്ങിയ മലയാളചിത്രങ്ങൾക്കൊപ്പം ഹിന്ദിയിൽ ഇരുപത്തഞ്ചോളം സിനിമകൾക്കും അദ്ദേഹം ശബ്ദരൂപകൽപന നിർവഹിച്ചിട്ടുണ്ട്.

Content Highlight: Sound designer Anil Radhakrishanan talk about His movies

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.