രാഹുലും സോണിയയും മറ്റ് ജോലിത്തിരക്കിലാകും- ശ്വേത ഭട്ട്
Interview
രാഹുലും സോണിയയും മറ്റ് ജോലിത്തിരക്കിലാകും- ശ്വേത ഭട്ട്
സൗമ്യ ആര്‍. കൃഷ്ണ
Tuesday, 25th June 2019, 3:10 pm

ബി.ജെ.പിയുടെ ഏകാധിപത്യ ഭരണത്തിനും മോദി സര്‍ക്കാരിനുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയായിരുന്നു സഞ്ജീവ് ഭട്ട്, പക്ഷെ ഇപ്പോള്‍ ബി.ജെ.പി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുകയാണ്. എങ്ങനെയാണ് ഇതിനെ കാണുന്നത്?

എപ്പോഴത്തേതിനെക്കാളും കൂടുതല്‍ ഒരുമയോടെ നാം ചേര്‍ന്ന് നില്‍ക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് പത്തോ നൂറോ പേരെ ഭയപ്പെടുത്താന്‍ കഴിഞ്ഞേക്കും എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഒന്നിച്ച് ചെറുത്ത് നില്‍ക്കുന്നത് എങ്ങനെ ഒരു സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കും. സര്‍ക്കാരിനോടുള്ള എല്ലാ എതിര്‍പ്പുകളും ഭയമൊട്ടുമില്ലാതെ വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കേണ്ടതുണ്ട്. കാരണം ഇതൊരു സഞ്ജീവ് ഭട്ടിന്റെയൊ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ കാര്യമല്ല. ഇത് നമ്മുടെ രാജ്യത്തിന്റെ പ്രശ്‌നമാണ്. നമുക്ക് വേണ്ടത് സംഘടിതമായ ഒരു ചെറുത്തുനില്‍പ്പാണ്.

കുടുംബത്തിന് ഏതെങ്കിലും ഭാഗത്ത് നിന്ന് സാമൂഹിക വിലക്ക് നേരിട്ടിരുന്നോ?

ഒരിക്കലുമില്ല. പതിവിലുമോറെ ആളുകള്‍ ഞങ്ങളെ വന്ന് കാണുകയും പിന്തുണ നല്കുകയുമാണുണ്ടായത്. കേരളം പോലുള്ള ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്തി. ഒരുപാട് പേര്‍ ഫോണിലൂടെയും പിന്തുണ അറിയിക്കുന്നുണ്ട്. സഞ്ജീവ് ആരാണെന്നും അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയുടെ പിന്നിലുള്ള സത്യമെന്താണെന്നും ആളുകള്‍ക്കറിയാം. അതുകൊണ്ട് തന്നെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള മോശം അനുഭവം ഞങ്ങള്‍ക്കുണ്ടായിട്ടില്ല.

ഒരു കുടുംബമെന്ന നിലയില്‍ കഴിഞ്ഞ കുറച്ച് കാലങ്ങള്‍ കൊണ്ട് നിങ്ങളുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്.?

ഒട്ടും എളുപ്പമല്ല ഇന്ന് ജീവിതം. ഓരോ ദിവസവും ഞാന്‍ അഭിഭാഷകരെ കാണുന്നുണ്ട്, ഒരോ സ്ഥലങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. ജാംനഗര്‍, പാലക്പൂര്‍ ഇങ്ങനെ നിരന്തരം യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുന്‍പൊരിക്കലും അഭിമുഖീകരിക്കാത്ത ആശങ്കകളും പ്രശ്‌നങ്ങളുമാണ് എനിക്ക് മുന്നില്‍. ഓരോ തീരുമാനമെടുക്കുമ്പോഴും ഞാന്‍ നൂറു തവണ ആലോചിക്കുന്നു. ഇത് എന്റെ ഭര്‍ത്താവിനെ സഹായിക്കുന്നതാണെന്ന് ഉറപ്പ് വരുത്തുന്നു. എപ്പോഴും ഒരു ഡിലമയിലാണ് ഞാന്‍.

ചില നേരങ്ങളില്‍ തീര്‍ത്തും ഒറ്റപ്പെടും. ശരിയാണ് ഞാന്‍ ആളുകളെ കാണുന്നുണ്ട് സംസാരിക്കുന്നുണ്ട് ചുറ്റും സഹായത്തിന് ആളുകളുണ്ട്.. എങ്കിലും എല്ലാം കഴിയുമ്പോള്‍ ഞാന്‍ വീണ്ടും ഒറ്റക്കാവുന്നു.

രാഹുല്‍ ഗാന്ധിയോടോ സോണിയ ഗാന്ധിയോടോ കേസിനെ കുറിച്ചു സംസാരിക്കാന്‍ ശ്രമിച്ചിരുന്നോ? എന്തുകൊണ്ടാകും കോണ്‍ഗ്രസ് കൃത്യമായി പ്രതികരിക്കാത്തത്.?

ഞാന്‍ ആരെയും കണ്ട് സംസാരിച്ചിട്ടില്ല. അവര്‍ അവരുടേതായ ജോലികളുടെ തിരക്കിലാവും എന്ന് ഞാന്‍ കരുതുന്നു. എന്റെ ശ്രദ്ധ മുഴുവന്‍ അഭിഭാഷകരെ കണ്ട് സംസാരിക്കുന്നതിലും എങ്ങിനെ കേസ് മേല്‍കോടതിയില്‍ അവതരിപ്പിക്കണമെന്നതിലുമാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും എന്തെങ്കിലും സഹായിക്കാന്‍ കഴിയുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്റെ പ്രശ്‌നങ്ങളെ നിയമപരമായി മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയൂ.

ആര്‍.ബി ശ്രീകുമാര്‍, രജ്നീഷ് റായ്, കുല്‍ദീപ് ശര്‍മ്മ, സതീഷ് വര്‍മ്മ, രാഹുല്‍ ശര്‍മ്മ എന്നിങ്ങനെ പല ഓഫീസര്‍മാരേയും സര്‍ക്കാര്‍ ഇതേ വൈരാഗ്യ ബുദ്ധിയോടെ സമീപിക്കുന്നതായി കേട്ടിട്ടുണ്ട്. ഇവര്‍ ആരെങ്കിലുമായി ഇപ്പോള്‍ ബന്ധപ്പെടാറുണ്ടോ?

നിങ്ങള്‍ പറഞ്ഞ പേരുകളെ കുറിച്ചാണെങ്കില്‍ ഇവര്‍ ആരുമായും ഞാന്‍ പിന്നിട് സംസാരിച്ചിട്ടില്ല എന്നാല്‍ മറ്റ് പല ഉദ്യോഗസ്ഥരും എന്നെ വന്ന് കാണുകയും ഒപ്പം നില്‍ക്കുകയും ചെയ്തിട്ടുണ്ട്.

വിധി വന്ന ശോഷം സഞ്ജീവി ഭട്ടിനെ കണ്ട് സംസാരിച്ചിരുന്നോ? എന്താണ് അദ്ദേഹത്തിന്റെ പ്രതികരണം?

ഞങ്ങള്‍ക്കെല്ലാം ഇപ്പോഴും ഇതൊരു ഷോക്കാണ്. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു വിധി. 35 വര്‍ത്തെ സേവനത്തിനൊടുവില്‍ തിരികെ ലഭിച്ചത് ഇതാണെന്ന കാര്യത്തില്‍ നിരാശനാണ് സഞ്ജീവ്. സ്വാഭാവികമായും തന്റെ കുടുംബത്തെയോര്‍ത്ത് അദ്ദേഹത്തിന് ആശങ്കയുണ്ട്.

നിങ്ങള്‍ക്ക് നേരെ മുമ്പ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പിന്നീട് അങ്ങനെ എന്തെങ്കിലും നടന്നോ?

നോക്കൂ എപ്പോഴും ഒരു അസ്വഭാവികത നിലനില്‍ക്കുന്നുണ്ട്. പറഞ്ഞാല്‍ നിങ്ങള്‍ക്ക് അത്ഭുതമായിരിക്കും. കോടതിയില്‍ സഞ്ജീവിനെ കൊണ്ടു വരുന്ന ദിവസം പൊലീസുകാരെല്ലാം അഭിഭാഷകരുടെ വേഷത്തിലായിരുന്നു. (വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സും) എന്തിനാണ് ഇവരിതൊക്കെ ചെയ്യുന്നതെന്ന് അറിയില്ല. അവരുടെ ഉദ്ദേശം എന്തായിരുന്നാലും ഭാഗ്യവശാല്‍ അത് നടന്നില്ല. പൊലീസുകാര്‍ മുഴുവനും സഞ്ജീവിന്റെ ഭാഗത്ത് തന്നെയായിരുന്നു. കോടതിക്കകത്ത് അവര്‍ സഞ്ജീവിന് സല്യൂട്ട് ചെയ്യുകയും ബഹുമാനത്തോടെ പെരുമാറുകയും ചെയ്തു.

ഏതെങ്കിലും രാഷ്ട്രീയ നേതാവോ പാര്‍ട്ടിയോ പിന്തുണ അറിയിച്ച് വിളിച്ചിരുന്നോ?

സാമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും പിന്തുണ അറിയിക്കുന്നുണ്ടല്ലോ. എഴുത്തായും ട്വീറ്റായും എല്ലാ പാര്‍ട്ടിക്കാരും പിന്തുണക്കുന്നുണ്ട്. എന്റേത് നിയമയുദ്ധമാണ്. അതെനിക്ക് മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഞാനത് നിയമപരമായി ചെയ്യുന്നു അവരത് രാഷ്ട്രീയപരമായി ചെയ്യുന്നു. രണ്ടും നടക്കണം.

എങ്ങനെയാണ് കോടതിയില്‍ നേരിടാന്‍ പോകുന്നത്. ഫേസ്ബുക്ക് കുറിപ്പിലെ പോയന്റുകള്‍ കോടതിയെ എങ്ങനെ ബോധ്യപ്പെടുത്തും?

ഈ കേസ് തന്നെ ഒരു അടിത്തറയുമില്ലാത്ത ഒന്നാണ്. ജയിലില്‍ നിന്നിറങ്ങി പതിനെട്ട് ദിവസം കഴിഞ്ഞാണ് അയാള്‍ മരിക്കുന്നത്. അതായത് കസ്റ്റഡിയില്‍ ഇല്ലാത്തേപ്പോള്‍ നടന്ന കസ്റ്റഡി മരണം – അതാണ് അവരുടെ വാദം!

അയാളെ അറസ്റ്റ് ചെയ്തത് സഞ്ജീവല്ല. സഞ്ജീവെന്നല്ല ഒരു പൊലീസുകാരനും അയാളെ മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. തുടക്കത്തില്‍ എഫ്.ഐ.ആര്‍ ഇല്ലാതിരുന്ന കേസില്‍ ബന്ധുക്കള്‍ നല്‍കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് എഫ്.ഐ.ആര്‍ ആക്കി മാറ്റിയത്.

ഇത് പോലെ മറ്റ് കേസുകള്‍ പ്രതീക്ഷിക്കുന്നുണ്ടോ

ഇങ്ങനെയാണെങ്കില്‍ അവര്‍ക്ക് നൂറ് കേസുകളുണ്ടാക്കാം.. മറ്റെന്ത് പറയാനാണ്? ജോലിയുടെ ഭാഗമായി സഞ്ജീവ് പലരേയും അറസ്റ്റ് ചെയ്തിട്ടുണ്ടാകും. അവരില്‍ പലരും ഇന്ന് ജീവനോടെ കാണില്ല. അപ്പോള്‍ പിന്നെ കേസുണ്ടാക്കാന്‍ എന്താണ് ബുദ്ധിമുട്ട്?

‘ എനിക്ക് വേണ്ടി കേരളത്തിലെ ജനങ്ങളോട് നന്ദി പറയണം. ഞങ്ങളുടെ ഹൃദയത്തില്‍ കേരളത്തിന് പ്രത്യേക സ്ഥാനമാണ്. എല്ലാം ശരിയായാല്‍ ഞാനും സഞ്ജീവും നേരിട്ട് വന്ന് മലയാളികളോട് നന്ദി അറിയിക്കും’.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.