| Sunday, 4th May 2025, 3:57 pm

ഭീഷ്മ പര്‍വത്തിന്റെ സമയത്ത് 'നീ കാരണം ഞാന്‍ പെട്ടു' എന്നായിരുന്നു അമലേട്ടന്‍ പറഞ്ഞത്: സൗബിന്‍ ഷാഹിര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ അമല്‍ നീരദ് – മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നദിയ മൊയ്തു, ലെന, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിച്ചിരുന്നു.

മമ്മൂട്ടി മൈക്കിളെന്ന കഥാപാത്രമായെത്തിയ ഭീഷ്മ പര്‍വ്വത്തില്‍ അജാസ് എന്ന കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ എത്തിയത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ചും അമല്‍ നീരദിനെ കുറിച്ചും സംസാരിക്കുകയാണ് സൗബിന്‍.

ഭീഷ്മ പര്‍വം എന്ന സിനിമയുടെ കഥ അമലേട്ടന്‍ എന്നോട് പറയുമ്പോള്‍ ‘എടോ താനും ഇതിലെ മറ്റൊരു നായകനാണ്’ എന്ന് എന്നോട് പറയുമായിരുന്നു. അപ്പോള്‍ ‘വെറുതെ ഇരിക്ക് അമലേട്ടാ. ചിരിപ്പിക്കല്ലേ’ എന്നായിരുന്നു എന്റെ മറുപടി.

ഞാന്‍ ഇപ്പോഴും അമലേട്ടന്റെ അസിസ്റ്റന്റ് തന്നെയാണ്. എന്റെ ഏറ്റവും വലിയ ഗുരു തന്നെയാണ് അദ്ദേഹം. ഞാന്‍ ഏറ്റവും കൂടുതല്‍ കാലം ഒപ്പം താമസിച്ച് വര്‍ക്ക് ചെയ്തിരിക്കുന്നത് അമലേട്ടന്റെ കൂടെയാണ്. എട്ട് കൊല്ലം അദ്ദേഹത്തിന്റെ കൂടെ താമസിച്ചിട്ടുണ്ട്, വര്‍ക്ക് ചെയ്തിട്ടുണ്ട്.

എല്ലാ പടങ്ങളുടെ കൂടെയും അദ്ദേഹത്തിന്റെ കൂടെ ഇരുന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ടും അല്ലാതെ പൊതുവായുള്ള കാര്യങ്ങളിലുമൊക്കെ എനിക്ക് അറിവ് കിട്ടിയിരിക്കുന്നത് അമേലട്ടനില്‍ നിന്നാണ്.

ഓരോ പടത്തിന്റേയും തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ കൂടെയുണ്ടാകും. ചില സിനിമകളില്‍ മാത്രമേ വര്‍ക്ക് ചെയ്യാന്‍ പറ്റാതെ ആയിട്ടുള്ളൂ. ഭീഷ്മ പര്‍വം സിനിമയുടെ കാര്യം ചോദിച്ചാല്‍, അന്ന് ഞങ്ങള്‍ ആദ്യം പോയി മമ്മൂക്കയോട് പറഞ്ഞത് വേറെ കഥയായിരുന്നു.

മമ്മൂക്കയ്ക്ക് ആ കഥ ഇഷ്ടമാകുകയും അദ്ദേഹം ഓക്കെ പറയുകയും ചെയ്തതാണ്. അതിന് ശേഷമാണ് നമുക്ക് ഒരു മാസ് പടം ചെയ്താലോയെന്ന് ആലോചന വരുന്നത്. അമലേട്ടന്‍ മുമ്പ് എന്നോട് ഒരു കഥ പറഞ്ഞിരുന്നു.

‘അമലേട്ടാ ഈ കഥ നമുക്ക് മമ്മൂക്കയോട് പറഞ്ഞൂടെ’ എന്ന് ഞാനാണ് ചോദിക്കുന്നത്. അദ്ദേഹം പറയണോ എന്ന് തിരികെ ചോദിച്ചു. ‘പിന്നെ പറയാതെ, ഇതും പൊളിയല്ലേ’ എന്ന് ഞാനും പറഞ്ഞു. അങ്ങനെ അമലേട്ടന്‍ പോയി പറഞ്ഞ കഥയാണ് ഭീഷ്മ പര്‍വം.

എന്നാല്‍ അതിന് ശേഷം കൊറോണയും പരിപാടിയുമൊക്കെയായി ഞങ്ങള്‍ക്ക് ഫുള്‍ പണി കിട്ടി. ‘നമ്മള്‍ പെട്ടുപോയോ മച്ചാനെ’ എന്ന് ഞാന്‍ ചോദിച്ചു. കാരണം പുറത്തൊന്നും പോയി ഷൂട്ട് ചെയ്യാനാവുന്നില്ലല്ലോ. അതിനിടെ അമലേട്ടന്‍ എന്നെ കുറേ ചീത്ത വിളിച്ചു.

‘താന്‍ കാരണം ഞാന്‍ പെട്ടു’ എന്നാണ് പറഞ്ഞത് (ചിരി). പടം ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ‘ഇപ്പോള്‍ എന്തായി’ എന്ന് ഞാന്‍ തിരികെ ചോദിച്ചു. അത്തരത്തില്‍ എന്തും സംസാരിക്കാന്‍ പറ്റുന്ന ഫുള്‍ ഫ്രീഡമുള്ള ഒരാളാണ് എനിക്ക് അമലേട്ടന്‍,’ സൗബിന്‍ ഷാഹിര്‍ പറഞ്ഞു.

Content Highlight: Soubin Shahir Talks About Bheeshma Parvam And Amal Neerad

We use cookies to give you the best possible experience. Learn more