| Sunday, 16th February 2025, 12:53 pm

ആ ചിത്രം പത്ത് സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചതിന് തുല്യമായിരുന്നു: സൗബിൻ ഷാഹിർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഇറങ്ങി തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ നിവിൻ പോളി ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായി മാറിയിരുന്നു. സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരുടെ ആദ്യചിത്രം കൂടിയായിരുന്നു പ്രേമം. നടൻ സൗബിൻ ഷാഹിറും പ്രേമത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്.

സിദ്ദിഖ്, ഫാസില്‍, ആഷിക് അബു, റാഫി- മെക്കാര്‍ട്ടിന്‍ എന്നിവരുടെ അസിസ്റ്റന്റായാണ് സൗബിൻ തന്റെ സിനിമാജീവിതം ആരംഭിച്ചത്. ചെറിയ റോളുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സൗബിന് ബ്രേക്ക് നൽകുന്നത് പ്രേമമാണ്. പറവ എന്ന സിനിമയിലൂടെ താനൊരു മികച്ച സംവിധായകൻ കൂടെയാണെന്ന് സൗബിൻ തെളിയിച്ചു.

പത്ത് സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചതിന് തുല്യമായിരുന്നു പ്രേമത്തിലെ തന്റെ വേഷമെന്നും സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് അൽഫോൺസ് പുത്രൻ തനിക്ക് ആ വേഷം ഓഫർ ചെയ്തിട്ടില്ലായിരുന്നുവെന്നും ഷൂട്ടിന് ഒരാഴ്ച മുമ്പാണ് ആ കഥാപാത്രം തനിക്ക് കിട്ടുന്നതെന്നും സൗബിന് പറയുന്നു. പ്രേമം ശ്രദ്ധിക്കപ്പെടുമെന്നല്ലാതെ ഇത്രയും മെഗാഹിറ്റാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നും സൗബിൻ കൂട്ടിച്ചേർത്തു.

‘പത്ത് സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായകനായി അഭിനയിച്ചതിന്റെ ഗുണം പ്രേമത്തിലൂടെ കിട്ടി. അൻവർ റഷീദായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. ചിത്രത്തിൻ്റെ ഡിസ്കഷനിൽ കുട്ടുകാരോടൊപ്പം ഞാനും പങ്കെടുത്തിരുന്നു. അന്നൊന്നും അൽഫോൺസ് ആ റോൾ എനിക്ക് ഓഫർ ചെയ്തിരുന്നില്ല.

ചിത്രീകരണത്തിന്റെ ഒരാഴ്‌ച മുൻപാണ് അൽഫോൺസ് ആ കഥാപാത്രത്തെ എനിക്ക് തന്നത്. ചിത്രത്തിൻ്റെ ടോട്ടാലിറ്റി നന്നായി അറിയുന്നതിനാൽ ആ കഥാപാത്രത്തെ നന്നായി ചെയ്യാൻ കഴിഞ്ഞു. ടീം വർക്കിന്റെ ഫ്രീഡവും ഗുണം ചെയ്‌തു. ആ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നല്ലാതെ ഇത്രയും മെഗാഹിറ്റാകുമെന്ന് ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. ആ ഞെട്ടൽ മാറാൻ കുറെകാലമെടുത്തു,’സൗബിൻ ഷാഹിർ പറയുന്നു.

മച്ചാന്റെ മാലാഖയാണ് ഉടനെ റിലീസ് ആവാനുള്ള സൗബിൻ ഷാഹിർ ചിത്രം. നമിത പ്രമോദ് നായികയാവുന്ന സിനിമ ബോബൻ സാമുവലാണ് സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജും രജിനികാന്തും  ഒന്നിക്കുന്ന കൂലി എന്ന സിനിമയിലും സൗബിൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Soubin Shahir About Premam  Movie

Latest Stories

We use cookies to give you the best possible experience. Learn more