ഐ.സി.സി വനിതാ ലോകകപ്പില്‍ കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റിലെ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. വൈറ്റ് ഫേണ്‍സ് ഉയര്‍ത്തിയ 232 റണ്‍സിന്റെ വിജയലക്ഷ്യം ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ സെഞ്ച്വറിക്കരുത്തില്‍ പ്രോട്ടിയാസ് വനിതകള്‍ ആറ് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനായി ക്യാപ്റ്റന്‍ സോഫി ഡിവൈനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ താരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും സെഞ്ച്വറി നേടുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ 15 റണ്‍സകലെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം നോന്‍കുലുലേകോ എംലാബയ്ക്ക് വിക്കറ്റ് നല്‍കി താരം മടങ്ങുകയായിരുന്നു.
ഈ രണ്ട് മത്സരത്തിലും ക്യാപ്റ്റന്‍ സോഫി ഡിവൈനിന് പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ പോയതാണ് ന്യൂസിലാന്‍ഡിന് വിനയായത്.
ഓസ്‌ട്രേലിയക്കെതിരായ തങ്ങളുടെ ഓപ്പണിങ് മാച്ചില്‍ 112 പന്ത് നേരിട്ട ഡിവൈന്‍ 112 റണ്‍സ് നേടിയാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 98 പന്തില്‍ 85 റണ്‍സും താരം അടിച്ചെടുത്തു. 98.50 ശരാശരിയില്‍ 197 റണ്‍സാണ് ടൂര്‍ണമെന്റില്‍ ഡിവൈന്റെ പേരിലുള്ളത്.
ഇതോടെ ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരാനും സോഫി ഡിവൈനിന് സാധിച്ചു.
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് – ശരാശരി എന്നീ ക്രമത്തില്‍)
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 2 – 197 – 98.50
ആഷ്‌ലീഗ് ഗാര്‍ഡ്ണര്‍ – ഓസ്‌ട്രേലിയ – 1 – 115 – 115.00
ടാസ്മിന്‍ ബ്രിറ്റ്‌സ് – സൗത്ത് ആഫ്രിക്ക – 2 – 106 – 53.00
ഹര്‍ലീന്‍ ഡിയോള്‍ – ഇന്ത്യ – 2 – 94 – 47.00
സ്യൂന്‍ ലസ് – സൗത്ത് ആഫ്രിക്ക – 2 – 85 – 85.0
രണ്ട് മത്സരത്തില്‍ നിന്നായി ന്യൂസിലാന്‍ഡ് 468 റണ്‍സാണ് സ്വന്തമാക്കിയത്. ഇതില്‍ 42 ശതമാനം റണ്‍സും പിറവിയെടുത്തത് ഡിവൈനിന്റെ ബാറ്റില്‍ നിന്നുതന്നെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ആദ്യ പന്തില്‍ തന്നെ സൂസി ബേറ്റ്സിനെ നഷ്ടപ്പെട്ടു. മാരിസാന്‍ കാപ്പിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം. എന്നാല്‍ രണ്ടാം വിക്കറ്റ് മുതല്‍ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ വൈറ്റ് ഫേണ്‍സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു.
എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സൗത്ത് ആഫ്രിക്ക മൊമന്റം നഷ്ടപ്പെടാതെ കാത്തു. ഒപ്പം ലോവര്‍ മിഡില്‍ ഓര്‍ഡറിനെയും ലോവര്‍ ഓര്‍ഡറിവനെയും തകര്‍ത്തെറിയുകയും ചെയ്തതോടെ ന്യൂസിലാന്‍ഡ് 231ന് പുറത്തായി.
സോഫി ഡിവൈന്‍
37 പന്തില്‍ 45 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡേയാണ് വൈറ്റ് ഫേണ്‍സ് നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ജോര്‍ജിയ പ്ലിമ്മര്‍ 31 റണ്‍സും ആമേലിയ കേര്‍ 23 റണ്‍സിനും പുറത്തായി.
സൗത്ത് ആഫ്രിക്കയ്ക്കായി എംലാബ നാല് വിക്കറ്റ് വീഴ്ത്തി. അയബോംഗ ഖാക, മാരിസാന്‍ കാപ്പ്, നാദിന്‍ ഡി ക്ലെര്‍ക്, ക്ലോ ട്രയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെ 14 റണ്‍സിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നുചേര്‍ന്ന ടാസ്മിന്‍ ബ്രിറ്റ്സ് – സ്യൂന്‍ ലസ് എന്നിവര്‍ ചേര്‍ന്ന് മത്സരം ന്യൂസിലാന്‍ഡിന്റെ കയ്യില്‍ നിന്നും തട്ടിയെടുത്തു.
രണ്ടാം വിക്കറ്റില്‍ 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
കരിയറിലെ മറ്റൊരു സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബ്രിറ്റ്സിനെ ലിയ തഹൂഹു വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കി. 89 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. 15 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
പിന്നാലെയെത്തിയ മാരിസന്‍ കാപ്പ് 14നും അനേക് ബോഷ് പൂജ്യത്തിനും മടങ്ങിയെങ്കിലും ലസ് പ്രോട്ടിയാസിനെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തി. 114 പന്ത് നേരിട്ട താരം പുറത്താകാതെ 83 റണ്‍സ് നേടി.
Content Highlight: Sophie Devine becomes the leading run scorer in 2025 ICC Women’s World Cup