ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സൂരി. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. ആദ്യകാലങ്ങളില്‍ കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സൂരിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി സൂരി ഉയര്‍ന്നു.
പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും ചിത്രമാണ് മാമന്‍. സൂരിയാണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഇപ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സൂരി.
കണ്ണടച്ചാല്‍ പോലും തനിക്ക് മമ്മൂട്ടിയുടെ സ്റ്റൈല്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമെന്നും മമ്മൂട്ടി നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ താന്‍ നിരീക്ഷിക്കാറുണ്ടെന്നും ഒരു പക്ഷേ അദ്ദേഹത്തെ പ്രണയിക്കുന്നവര്‍ പോലും താന്‍ ശ്രദ്ധിക്കുന്നതുപോലെ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും സൂരി പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌ക്രീനില്‍ കണ്ട മമ്മൂട്ടി സാറിനെ ആദ്യമായി കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹം നില്‍ക്കുന്നതും നടക്കുന്നതും സംസാരിക്കുന്ന സ്‌റ്റൈലും എല്ലാം ഞാന്‍ നോക്കി നിന്നിട്ടുണ്ട്. മമ്മൂട്ടി സാറിനെ പ്രണയിച്ചവര്‍ പോലും ചിലപ്പോള്‍ സാറിനെ അങ്ങനെ നിരീക്ഷിച്ചിട്ടുണ്ടാവില്ല.
കണ്ണടച്ചാല്‍ പോലും അദ്ദേഹം നടക്കുന്നതും ഇരിക്കുന്നതും സംസാരിക്കുന്നതുമൊക്കെ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. മമ്മൂട്ടി സാറിന്റെ സ്‌റ്റൈല്‍ എനിക്ക് പറയാന്‍ കഴിയും. സിനിമയില്‍ നായികയുടെ ഹെയറും ലിപ്പുമൊക്കെ ശ്രദ്ധിക്കുന്നതുപോലെ മമ്മൂട്ടി സാറിനെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്,’ സൂരി പറയുന്നു.
Content Highlight: Soori talks about Mammootty