ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങിയ നടനാണ് സൂരി. വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. ആദ്യകാലങ്ങളില്‍ കോമഡി കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സൂരിയുടെ ഗംഭീര പ്രകടനം കണ്ട ചിത്രമായിരുന്നു വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ തമിഴിലെ എണ്ണം പറഞ്ഞ നടന്മാരില്‍ ഒരാളായി സൂരി ഉയര്‍ന്നു.
തനിക്ക് സിനിമയില്‍ ഒരു ഹീറോ പരിവേഷം നല്‍കിയത് വെട്രിമാരനാണെന്നും ലീഡ് റോളില്‍ ഒരു വേഷം ചെയ്യാന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചില്ലെന്നും സൂരി പറയുന്നു. ഒരു ദിവസം തനിക്ക് വെട്രിമാരന്റെ ഫോണ്‍ കോള്‍ വന്നുവെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ എന്തെങ്കിലും ഒരു കോമഡി വേഷം ചെയ്യാനാണ് തന്നെ വിളിക്കുന്നതെന്നാണ് താന്‍ വിചാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഥ മുഴുവന്‍ വായിച്ച് കഴിഞ്ഞിട്ടും തന്റെ റോള്‍ എന്താണെന്ന് തനിക്ക് മനസിലായില്ലെന്നും സൂരി കൂട്ടിച്ചേര്‍ത്തു. നിങ്ങളാണ് ഇതില്‍ ലീഡ് റോള്‍ ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും തനിക്ക് വളരെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറയുന്നു. പൃഥിരാജിന്റെ ആടുജീവിതം പോലെയൊരു കഥയായിരുന്നു അതെന്നും കൊവിഡ് വന്നപ്പോള്‍ അത് ഒഴിവായിപോയെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമാണ് തനിക്ക് വിടുതലൈയിലേക്ക് അവസരം ലഭിക്കുന്നതെന്നും സൂരി കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്. എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെട്രി സാറാണ് എനിക്ക് ഒരു ഹീറോ ട്രാന്‍സിഷന്‍ തന്നത്. ഞാന്‍ ഒട്ടും വിചാരിച്ചിട്ടില്ല എനിക്ക് ഇങ്ങനെയുള്ള വേഷം കിട്ടുമെന്ന്. എനിക്ക് വെട്രി സാറിനെ ഭയങ്കര ഇഷ്ടമാണ്. ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. പടത്തില്‍ എന്തെങ്കിലും ഒരു കോമഡി റോള്‍ ആയിരിക്കും എന്ന് വിചാരിച്ചാണ് ഞാന്‍ അങ്ങോട്ട് പോകുന്നത്. പക്ഷേ കഥ മുഴുവന്‍ പറഞ്ഞു കഴിഞ്ഞതിന് ശേഷം, എനിക്ക് ഏത് റോളാണെന്ന് മനസിലായില്ല. കാരണം കോമഡി റോളുകളൊക്കെ വേറെ ആക്ടേഴ്‌സാണ് ചെയ്യുന്നത്.
ലീഡ് റോള്‍ എന്നാല്‍ നിങ്ങള്‍ ചെയ്യൂ എന്ന് സാര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ അവിടെ ഇരുന്നു പോയി. അദ്ദേഹത്തോട് താങ്ക്യു പറഞ്ഞു. ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു അത് കേട്ടപ്പോള്‍. പൃഥ്വി സാറിന്റെ ഒരു സിനിമയില്ലേ, ആടുജീവിതം അതുപോലെ ഒരു സ്‌റ്റോറി ആയിരുന്നു ഇത്. അതായിരുന്നു ആദ്യം ഫിക്‌സ് ചെയ്തത്. കൊവിഡ് വന്നപ്പോള്‍ അത് ക്യാന്‍സല്‍ ആയിപോയി. അതിന് ശേഷമാണ് വിടുതലൈയില്‍ വിളിക്കുന്നത്,’സൂരി പറഞ്ഞു.
Content Highlight: soori says that Vetrimaaran gave him a hero transition in the film.