ഭാഗം: പതിനൊന്ന്
യു.പി.എയിലെ പ്രാദേശിക ഘടകകക്ഷികളേക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് താല്‍പ്പര്യം ഇടതുപക്ഷത്തിനോടായിരുന്നുവെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നതായി വിക്കിലീക്‌സ് . “ദ ഹിന്ദു” പുറത്തുവിട്ട രേഖകളാണ് സോണിയാ ഗാന്ധിയുടെ ഇടതുപക്ഷത്തോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
2005ല്‍ അന്നത്തെ അമേരിക്കന്‍ അംബാസിഡര്‍ ഡേവിഡ് മുള്‍ഫോര്‍ഡിന്റെ പേരില്‍ വാഷിംഗ്ടണ് അയച്ച രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. സോണിയാ ഗാന്ധിയെക്കുറിച്ചും കോണ്‍ഗ്രസിലെ അവരുടെ സ്വാധീനത്തെക്കുറിച്ചുമെല്ലാം കേബിളില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യ യു.പി.എയില്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ ഇടപെടലുകള്‍ കോണ്‍ഗ്രസിനും പ്രത്യേകിച്ച് സോണിയാ ഗാന്ധിക്കും തലവേദന സൃഷ്ടിച്ചിരുന്നു. എന്നാല്‍ പല കാര്യങ്ങളിലും യു.പി.എയിലെ പ്രാദേശിക കക്ഷികളേക്കാളും അവരുടെ നേതാക്കളേക്കാളും താല്‍പ്പര്യം ഇടതിനോടായിരുന്നു.
ഇടതുപക്ഷത്തിനോട് ആഭിമുഖ്യം
ഇടതുപക്ഷവും അതിന്റെ നേതാക്കളും തികഞ്ഞ പ്രായോഗികവാദികളായിരുന്നുവെന്നാണ് കോണ്‍ഗ്ര്‌സ നേതൃത്വം കണക്കാക്കിയിരുന്നത്. പാര്‍ട്ടിയുടെ ജനപിന്തുണ ഉറപ്പാക്കാനും താഴേക്കിടയിലുള്ളവരെ പാര്‍ട്ടിയോട് അടുപ്പിച്ചു നിര്‍ത്താനും ഇടതുപക്ഷം എപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ പല കാര്യങ്ങളിലും യു.പി.എയുടെ മുന്നില്‍ വിഘാതമാകാനാണ് ഇടുതപക്ഷം താല്‍പ്പര്യം കാണിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായും വിക്കിലീക്‌സ് വെളിപ്പെടുത്തുന്നു.
ഉന്നതകുലജാതരായ വിദ്യാസമ്പന്നരായ ഇടതുപക്ഷത്തിലെ ചില നേതാക്കളുമായി മികച്ച ബന്ധമായിരുന്നു സോണിയക്ക്. ഓരോ ആഴ്ച്ചയിലും ഇടതുനേതാക്കളുമായി ചര്‍ച്ച നടത്താന്‍ സോണിയാ ഗാന്ധി ശ്രമിച്ചിരുന്നു. യു.പി.എ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തേക്കാളും പ്രാധാന്യം സോണിയ ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്ക് നല്‍കിയിരുന്നുവെന്നു കേബിളുകള്‍ പറയുന്നു.
സുപ്രധാനപ്പെട്ട വിഷയങ്ങള്‍ യു.പി.എയുടെ പരിഗണനയ്ക്ക് വരുന്നതിനു മുമ്പേ ഇടതുപാര്‍ട്ടികളെ തന്റെ വസതിയില്‍ വിളിച്ചുവരുത്താന്‍ സോണിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് ഒരു മുന്‍സൂചന നല്‍കാനും കഴിയുമെങ്കില്‍ ഇടതുനേതാക്കളുമായി നീക്കുപോക്കുണ്ടാക്കാനും ലക്ഷ്യംവെച്ചുള്ളതായിരുന്നു ഇത്തരം ചര്‍ച്ചകള്‍.
വിശ്വസിക്കാന്‍കൊള്ളാത്തലാലുവും പാസ്വാനും
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെക്കുറിച്ചും അവരുടെ നേതാക്കളെക്കുറിച്ചും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടായിരുന്ന നിലപാടുകളെക്കുറിച്ചും വിക്കിലീക്‌സ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. യു.പി.എയിലെ പങ്കാളികളാണെങ്കിലും ഇത്തരം പാര്‍ട്ടികളുമായി അകലം പാലിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു.
ബിഹാറിലെ ലാലുപ്രസാദ്-രാംവിലാസ് പാസ്വാന്‍ എന്നീ നേതാക്കളെയാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആര്‍.ജെ.ഡിയുടെ ലാലുവും എല്‍.ജെ.പിയുടെ പാസ്വാനും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്നായിരുന്നു കോണ്‍ഗ്രസ് പക്ഷം. ഇത്തരം ചെറുകക്ഷികളുടേയും നേതാക്കളുടേയും ഭാഗത്തുനിന്നുണ്ടാകുന്ന മുറുമുറുപ്പുകള്‍ യു.പി.എയുടെ ഭരണത്തെ തന്നെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗാന്ധി നേതൃത്വത്തെ രക്ഷിക്കാന്‍ ശ്രമം
കോണ്‍ഗ്രസിന്റെ ഭരണം ഗാന്ധി കുടുംബത്തിന്റെ കൈകളിലായിരിക്കണമെന്ന് പല മുതിര്‍ന്ന നേതാക്കളും ആഗ്രഹിച്ചിരുന്നു. അതിന് പര്യാപ്തമായ തീരുമാനങ്ങളെടുക്കാനും ഇത്തരം നേതാക്കള്‍ താല്‍പ്പര്യം കാണിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷിക്കുവാനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതൃത്വം എപ്പോഴും ശ്രമിച്ചിരുന്നു.
എന്നാല്‍ ഈ കുട്ടുകെട്ട് സോണിയാ ഗാന്ധിയെ വ്യക്തിപരമായ രീതിയില്‍ ബാധിച്ചിരുന്നുവെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ കരുതിയിരുന്നു. സോണിയക്ക് സ്വന്തമായ തീരുമാനമെടുക്കാനോ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാനോ ഇതുകാരണം സാധിച്ചിരുന്നില്ല.
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വെച്ചുപുലര്‍ത്തിയിരുന്ന ചില ധാരണകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ അധികാരവിഭജനത്തെക്കുറിച്ചും രാഷ്ട്രീയനീക്കങ്ങളെക്കുറിച്ചും ദല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ ചില നിരീക്ഷണങ്ങളാണ് വിക്കിലീക്‌സ് പുറത്തുവിട്ട കേബിളുകളിലുള്ളത്.
രാഹുല്‍ ഗാന്ധിയും അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന റോഡ് ഷോയും കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നു. 2007ല്‍ രാഹുല്‍ നടത്തിയ ചില പ്രസ്താവനകള്‍ ശുദ്ധ മണ്ടത്തരമായിരുന്നുവെന്നും രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കണമെന്നും ഇക്കൂട്ടര്‍ ആഗ്രഹിച്ചിരുന്നു.
2007 ഏപ്രില്‍ 15ന് ഉത്തര്‍പ്രദേശിലെ തന്റെ റോഡ് ഷോയിലായിരുന്നു രാഹുല്‍ വിവാദമായേക്കാവുന്ന ചില പ്രസ്താവനകള്‍ നടത്തിയത്. തന്റെ കുടുംബം ഒരു കാര്യം പറഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറില്ലെന്നും അത് വിഭജനത്തിന്റെ കാര്യത്തിലായാലും ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുന്ന കാര്യത്തിലായാലും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. ഗാന്ധി കുടുംബത്തില്‍ പെട്ട ആരെങ്കിലും അധികാരത്തിലിരുന്നെങ്കില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടില്ലായിരുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാവും ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുമായ നചികേതാ കപൂര്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ച് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരോട് നടത്തിയ പ്രസ്താവനയും ഹിന്ദു-വിക്കിലീക്‌സ രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട്.
രാഹുിലിന് അടുത്ത സുഹൃത്തുക്കളോ ഉപദേശകരോ ഇല്ലെന്നും അല്‍പ്പം ദേഷ്യക്കാരനായ രാഹുലിനെ ഒരു കൈയ്യകലത്ത് സൂക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നുവെന്നും നചികേതാ പറയുന്നുണ്ട്. രാഷ്ട്രമായി രാഹുലിന് വലിയ ഭാവിയൊന്നും ഇല്ലെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയാലും അത് നടക്കാന്‍ പോകുന്നില്ലെന്നും നചികേതാ കപൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
റോഡ് ഷോകളില്‍ ആളെക്കൂട്ടാന്‍ കഴിഞ്ഞിരുന്നെങ്കിലും ഒരു ദേശീയ നേതാവെന്ന നിലയിലേക്ക് ഉയരാന്‍ രാഹുലിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നചികേത അഭിപ്രായപ്പെടുന്നുണ്ട്.
മൊഴിമാറ്റം: പി.വി സുരാജ്
‘പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് കേരളാ മാഫിയ’: വിക്കിലീക്‌സുമായി ദ ഹിന്ദു (ഒന്നാം ഭാഗം)
പണമെറിഞ്ഞു വീഴ്ത്തുന്ന ദക്ഷിണേന്ത്യന്‍ വോട്ട് (രണ്ടാം ഭാഗം)
വിശ്വാസവോട്ടിന് കോഴ: കോണ്‍ഗ്രസ് മുഖം വികൃതമാക്കി വിക്കിലീക്‌സ് (മൂന്നാം ഭാഗം)
പ്രണബ് മുഖര്‍ജി അമേരിക്കയ്ക്ക് അനഭിമതന്‍? (നാലാം ഭാഗം)
യു.എസ് ബന്ധം: ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ തുവല്‍പക്ഷികള്‍(അഞ്ചാം ഭാഗം)
ഇന്ത്യന്‍ നയതതന്ത്രജ്ഞനെ നിരീക്ഷിക്കാന്‍ മറ്റൊരാള്‍!!! (ഭാഗം ആറ്)
സര്‍ദാരിക്ക് താല്‍പ്പര്യം മന്‍മോഹനെ; രാഹുലിനെ എഴുതിത്തള്ളാറായിട്ടില്ല(ഭാഗം: ഏഴ്)
നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക (ഭാഗം: എട്ട്)
‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘ (ഭാഗം: ഒമ്പത്)