തെലുങ്കിനും കിട്ടി അഴിഞ്ഞാട്ടം മോഡല്‍ പാട്ട്, കീറിമുറിച്ച് ആരാധകര്‍
Indian Cinema
തെലുങ്കിനും കിട്ടി അഴിഞ്ഞാട്ടം മോഡല്‍ പാട്ട്, കീറിമുറിച്ച് ആരാധകര്‍
അമര്‍നാഥ് എം.
Tuesday, 30th December 2025, 10:34 pm

വന്‍ ഹൈപ്പിലെത്തിയിട്ടും ട്രോളന്മാര്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചുകീറിയ ഗാനമായിരുന്നു ഭ ഭ ബയിലെ അഴിഞ്ഞാട്ടം. മോഹന്‍ലാലും ദിലീപും ഒന്നിച്ചെത്തിയ പാട്ട് ക്രിഞ്ച് വരികള്‍ കൊണ്ടും മോശം സംഗീതം കൊണ്ടും ട്രോള്‍ മെറ്റീരിയലായി മാറി. ഇലക്ഷന്‍ സമയത്ത് കേള്‍ക്കുന്ന പാരഡി ഗാനം പോലെയുണ്ടെന്ന് പറഞ്ഞായിരുന്നു മിക്ക ട്രോളുകളും.

ഇപ്പോഴിതാ അഴിഞ്ഞാട്ടം പോലെ മറ്റൊരു തെലുങ്ക് ഗാനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ചിരഞ്ജീവി നായകനായ മന ശങ്കരവരപ്രസാദ് ഗാരു എന്ന ചിത്രത്തിലെ ‘മെഗാ വിക്ടറി മാസ്’ എന്ന ഗാനമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്. തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയും വെങ്കടേശ് ദഗ്ഗുബട്ടിയുമാണ് ഗാനത്തില്‍ അണിനിരന്നത്.

മന ശങ്കരവരപ്രസാദ് ഗാരു Photo: Screen grab/ T Series Telugu

ഭീംസ് സെഷിലോറിയോയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. സംക്രാന്തി റിലീസായെത്തുന്ന ചിത്രമാണെന്ന് ഓരോ വരിയിലും പറയുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോശം മ്യൂസിക്കും അതിനെക്കാള്‍ മോശം സെറ്റുമാണ് ഗാനത്തിലെന്നും കമന്റുകളുണ്ട്. എന്നാല്‍ എത്ര മോശം ഗാനമാണെങ്കിലും ചിരഞ്ജീവിയുടെയും വെങ്കിടേശിന്റെയും എനര്‍ജിയെ പലരും അഭിനന്ദിക്കുന്നുണ്ട്.

ഇതാദ്യാമായാണ് ഇരുവരും ഒന്നിച്ച് സ്‌ക്രീനിലെത്തുന്നത്. മെഗാ സ്റ്റാറും വിക്ടറി വെങ്കിടേശും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അതിനെ ഇല്ലാതാക്കുന്ന തരത്തിലാണ് പുതിയ ഗാനമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു പാട്ട് കൊണ്ട് സിനിമയെ വിലയിരുത്താനാകില്ലെന്നും ചിലര്‍ കമന്റ് പങ്കുവെക്കുന്നുണ്ട്.

അനില്‍ രവിപുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2025ല്‍ സംക്രാന്തിക്ക് വസ്തുന്നാം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രം മികച്ച വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. സംക്രാന്തിക്ക് വസ്തുന്നാം എന്ന സിനിമയുടെ അതേ യൂണിവേഴ്‌സിലാണ് ഈ ചിത്രവുമെന്ന് റൂമറുകളുണ്ട്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. ജനുവരി ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രഭാസ് നായകനായ രാജാസാബുമായാണ് മന ശങ്കരവരപ്രസാദ ഗാരു ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുക. റിബല്‍ സ്റ്റാറും മെഗാ സ്റ്റാറും തമ്മിലുള്ള മത്സരത്തില്‍ ആരാകും വിജയിയെന്നാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയം.

Content Highlight: Song in Mana Shankara Varaprasada Garu became troll material

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം