ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്കെയെയോ മറ്റ് പാര്‍ട്ടി അംഗങ്ങളെയോ പോലീസ് അറസ്റ്റ് ചെയ്താല്‍ താന്‍ 42 ദിവസത്തെ നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ഈ അനിശ്ചിതകാല സമരം ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
വിവിധ മത്സര-പൊതു പരീക്ഷകളിലെ ക്രമക്കേടുകളെത്തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ദല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകളിലെ പോരായ്മകള്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടാണ് ഈ സമരം.
പ്രതിഷേധം പൂര്‍ണമായും സമാധാനപരവും അച്ചടക്കമുള്ളതുമായിരിക്കണമെന്ന് വാങ്ചുക്ക് അഭ്യര്‍ത്ഥിച്ചു. സമരത്തിന് എത്തുന്നവര്‍ കുപ്പിവെള്ളം, മൊബൈല്‍ ഫോണ്‍, പൂക്കള്‍ എന്നിവ മാത്രമേ കരുതാന്‍ പാടുള്ളൂ എന്നും വടികളോ കല്ലുകളോ മറ്റ് ആയുധങ്ങളോ കൈവശം വെക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സമരം അട്ടിമറിക്കാന്‍ ആരെങ്കിലും ആയുധങ്ങളുമായി എത്തിയാല്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് തിരിച്ചെത്തിയ സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെയും പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് ആവശ്യപ്പെട്ടു. സമരത്തിനെത്തുന്നവര്‍ കയ്യില്‍ ഒരു പുസ്തകവും ദേശീയ പതാകയും കരുതണമെന്നും പോലീസുകാരോട് സ്‌നേഹപൂര്‍വം പെരുമാറണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് 5 വരെ സമാധാനപരമായി സമരം ചെയ്യാന്‍ ദല്‍ഹി പോലീസ് ഔദ്യോഗികമായി അനുമതി നല്‍കിയിട്ടുണ്ട്. കോക്ക്റോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യത്തെ പ്രധാന സമരമാണിത്.
നീറ്റ് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ പ്രതിഷേധം അരങ്ങേറുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ജന്തര്‍ മന്തറിലും വിമാനത്താവള പരിസരത്തും നിലവില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
നിയമലംഘനങ്ങളിലൂടെ ഘടനാപരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ രാഷ്ട്രീയ പ്രതിഷേധം രാജ്യം ഉറ്റുനോക്കുന്ന ഒരു പ്രധാന സംഭവമായി മാറിയിരിക്കുകയാണ്.
Content Highlight: Sonam Wangchuk threatens 42-day hunger strike if CJP leaders are arrested