കൊച്ചി: ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഇരുപത് ദിവസം പിന്നിടുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നത്. ചലച്ചിത്രപ്രവര്‍ത്തകരും ഗായകരും അടക്കമുള്ള പ്രശസ്തരും വാങ്ചുകിന് പിന്തുണയറിച്ചിട്ടുണ്ട്.

നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്, ഗായിക ജ്യോത്സ്‌ന തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ വാങ്ചുകിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സോനം വാങ്ചുകിന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

ജനാധിപത്യത്തിലെ അടിസ്ഥാന അവകാശത്തിനായി ആരും മരിക്കേണ്ട അവസ്ഥ വരരുത്

മെച്ചപ്പെട്ട സംവിധാനങ്ങള്‍ക്കായി ആവശ്യപ്പെടുന്നത് ജനാധിപത്യത്തിലെ അടിസ്ഥാന അവകാശമാണെന്നും അതിനായി ആരും മരിക്കേണ്ട അവസ്ഥ വരരുതെന്നും ജ്യോത്സ്‌ന

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. കുട്ടികളുടെ ഭാവിയെ മെച്ചപ്പെടുത്താനും, സ്വന്തം ശബ്ദം കേള്‍പ്പിക്കാനുമായി ഒരാള്‍ക്ക് സ്വന്തം ജീവന്‍ തന്നെ പണയപ്പെടുത്തേണ്ടി വരുന്നത് നിരാശാകരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

‘നമുക്ക് സംഘര്‍ഷങ്ങള്‍ക്ക് പകരം സഹാനുഭൂതി തിരഞ്ഞെടുക്കാം, വിഭജനങ്ങള്‍ക്ക് പകരം മനസ്സിലാക്കലുകളെ തെരഞ്ഞെടുക്കാം, നിശബ്ദതക്ക് പകരം പരിഹാരങ്ങളെ തെരഞ്ഞെടുക്കാം,’ സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Content Highlight: Sonam Wangchuk Hunger Strike: Response From Sandra Thomas and Jyotsna