സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് തെലുങ്ക് ചിത്രം പാരഡൈസാണ്. ഒരൊറ്റ പാട്ടിലൂടെ ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയായിരിക്കുകയാണ്. അനിരുദ്ധ് ഈണമിട്ട ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെന്‍ഡായി മാറി. നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് പാരഡൈസ്.

ആദ്യകേള്‍വിയില്‍ തന്നെ പീക്ക് അഡ്രിനാലിന്‍ റഷ് നല്‍കുന്ന ഗാനമാണ് അനിരുദ്ധ് ഒരുക്കിവെച്ചിരിക്കുന്നത്. തുടര്‍ച്ചയായി ചാര്‍ട്ബസ്റ്ററുകള്‍ നല്‍കുന്ന അനിരുദ്ധ് പലരെയും ഞെട്ടിക്കുകയാണ്. എന്നാല്‍ ഗാനം ഹിറ്റായതിന് പിന്നാലെ ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. നായകനായ നാനിയെക്കുറിച്ചാണ് കൂടുതല്‍ പോസ്റ്റുകളും.

പാരഡൈസ് Photo: Screen grab/ Saregama Telugu

ഇത്രയും ഗംഭീരമായ പാട്ടില്‍ ഒട്ടും മാച്ചാകാത്തത് നാനിയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. മാസ് ഓറ തീരെയില്ലാത്ത നടനാണ് നാനിയെന്നും എത്ര ശ്രമിച്ചാലും താരത്തിന് മാസ് കഥാപാത്രങ്ങളെ ചെയ്ത് ഫലിപ്പിക്കാനാകില്ലെന്നും പോസ്റ്റുകളുണ്ട്. ഇത്രയും ഗംഭീര പാട്ടിന് ഒട്ടും ചേരാത്ത കൊറിയോഗ്രഫിയാണ് സംവിധായകന്‍ ഒരുക്കിയതെന്നും പോസ്റ്റില്‍ പറയുന്നു.

രാജമൗലിയുടെ അസിസ്റ്റന്റായി കരിയര്‍ ആരംഭിച്ച നാനി രാജമൗലിയുടെ ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് കടന്നുവന്നത്. ഈച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നാനി റോം കോം സിനിമകളിലൂടെ ടോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. ജേഴ്‌സി എന്ന ചിത്രത്തിലൂടെ നാനിയുടെ കരിയര്‍ മാറുകയായിരുന്നു. പിന്നീട് ഗ്യാങ് ലീഡര്‍, ശ്യാം സിംഘാ റോയ്, ദസറ തുടങ്ങിയ ചിത്രങ്ങളിലൂടെ ടൈര്‍ 2ല്‍ മുന്‍നിരയിലെത്തി.

സരിപ്പോധ സനിവാരം Photo: Screen grab /DVV Entertainment

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സരിപ്പോധ സനിവാരം എന്ന ചിത്രവും ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായി അഞ്ച് സിനിമകള്‍ 100 കോടി ക്ലബ്ബിലെത്തിച്ച നടന്‍ കൂടിയാണ് നാനി. എന്നാല്‍ മാസ് റോളുകള്‍ ചെയ്ത് ഫലിപ്പിക്കാനാകില്ലെന്ന് ഒരുപാട് കാലമായി നാനി കേള്‍ക്കുന്ന വിമര്‍ശനമാണ്.

സരിപ്പോധ സനിവാരത്തില്‍ നാനിക്ക് പകരം മറ്റേതെങ്കിലും നടനായിരുന്നെങ്കിലും കളക്ഷന്‍ ഇനിയും കൂടിയേനെയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആരുടെയും സഹായമില്ലാതെ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്ന നാനി ഓരോ സിനിമയിലും വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഓരോ സിനിമ കഴിയുന്തോറും തന്റെ സ്റ്റാര്‍ഡം ഉയര്‍ത്താനുള്ള ശ്രമത്തിലാണ് താരം.

ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേലയുമായി നാനി കൈകോര്‍ക്കുന്ന പാരഡൈസ് അനൗണ്‍സ്‌മെന്റ് മുതല്‍ക്ക് തന്നെ ശ്രദ്ധ നേടിയിരുന്നു. പാരഡൈസിന് ശേഷവും മാസ് സിനിമകളുടെ ട്രാക്കിലാണ് നാച്ചുറല്‍ സ്റ്റാര്‍. ഒ.ജിക്ക് ശേഷം സുജീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍. ബ്ലഡി റോമിയോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റൂമറുകള്‍.

Content Highlight: Some posts saying that Nani doesn’t have Mass appeal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ