വന്‍ ഹൈപ്പില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് ഭ ഭ ബ. ആദ്യദിനം തന്നെ സമ്മിശ്രപ്രതികരണം സ്വന്തമാക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വീണുകൊണ്ടിരിക്കുകയാണ്. ദിലീപിന്റെ തിരിച്ചുവരവെന്ന് ആരാധകര്‍ അവകാശപ്പെടുന്ന ചിത്രം കൂടിയാണ് ഭ ഭ ബ. എന്നാല്‍ കേസിലെ വിധി വന്നതിന് ശേഷം തിയേറ്ററിലെത്തിയ ചിത്രത്തിലെ പല രംഗങ്ങളും ഇതിനോടകം ചര്‍ച്ചയായി മാറി.
ചിത്രത്തില്‍ സ്ത്രീ കഥാപാത്രത്തെ ദിലീപിന്റെ കഥാപാത്രം കിഡ്‌നാപ്പ് ചെയ്യുന്ന രംഗവും അതിന് ശേഷമുള്ള രംഗവും വലിയ രീതിയില്‍ വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്. ‘ലക്ഷ്മിക്കുട്ടിയെ അണ്ണന്‍ തട്ടിക്കൊണ്ടുപോയി, എന്നിട്ട് പാല് കറന്നു’ എന്നാണ് ദിലീപിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ഡയലോഗ്. എന്നാല്‍ ഇതുപോലെ മറ്റൊരു രംഗവും ചര്‍ച്ചാവിഷമായി മാറിയിരിക്കുകയാണ്.
ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ഗ്ലാഡ്‌സണ്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോയാണ് ചര്‍ച്ചയായി മാറിയത്. നാടിനെ ഞെട്ടിച്ച ഒരു സംഭവത്തില്‍ തന്റെ പ്രതികരണം മാധ്യമങ്ങളെ അറിയിക്കുന്ന രംഗത്തിലാണ് ധ്യാനിനെ ആദ്യമായി കാണിക്കുന്നത്. ‘ഈ സംഭവത്തോടുള്ള എന്റെ പ്രതികരണം ഞാന്‍ അകത്ത് ഉന്നയിക്കും തുടര്‍ന്ന് അവരുടെ ഭാഗത്ത് നിന്ന് ഒരു സ്റ്റേറ്റ്‌മെന്റോ പ്രതികരണമോ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. അത് ഉണ്ടായില്ലെങ്കില്‍ എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്’ എന്നാണ് ഈ രംഗത്തിലെ ധ്യാനിന്റെ ഡയലോഗ്.
ഒറ്റനോട്ടത്തില്‍ ഈ ഡയലോഗില്‍ പ്രശ്‌നമൊന്നും തോന്നില്ലെന്നും എന്നാല്‍ ഇതുപോലൊരു സംഭവം കേരളത്തില്‍ മുമ്പ് നടന്നിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് പലരും പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ നടന്‍ പൃഥ്വിരാജ് ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
AMMA സംഘടനയുടെ മീറ്റിങ്ങിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഭ ഭ ബയില്‍ ധ്യാനിന്റെ കഥാപാത്രവും പറയുന്നത്. ഇത് യാദൃശ്ചികയല്ലെന്നും മനപൂര്‍വം ഉള്‍പ്പെടുത്തിയതാണെന്നും പലരും ആരോപിക്കുന്നു. പൃഥ്വിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ദിലീപിനെതിരെ സമൂഹമാധ്യമങ്ങളില്‍ പലരും തിരിഞ്ഞത്.
ഭ ഭ ബയില്‍ എല്ലാ വിഷയത്തിലും ചാടിക്കയറി തന്റെ അഭിപ്രായം പറയുന്ന, എല്ലാത്തിനെക്കുറിച്ചും അറിവുണ്ടെന്ന് കാണിക്കുന്ന കഥാപാത്രമായാണ് ധ്യാനിനെ അവതരിപ്പിച്ചത്. തന്റെ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന കഥാപാത്രം കൂടിയാണ് ഇതില്‍ ഗ്ലാഡ്‌സണ്‍. എന്നാല്‍ ആര്‍ക്കും അധികം സംശയം തോന്നാതിരിക്കാന്‍ ധ്യാനിന്റെ റിയല്‍ ലൈഫിലെ ചില കാര്യങ്ങളും ഈ കഥാപാത്രത്തിന്റെ ഡയലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തെ ഞെട്ടിച്ച ഒരു സംഭവത്തില്‍ മലയാളത്തിലെ മുന്‍നിര നടന്‍ പങ്കുവെച്ച തന്റെ അഭിപ്രായത്തെ വികലമാക്കി തന്റെ സിനിമയില്‍ ദിലീപ് അവതരിപ്പിച്ചെന്നാണ് പലരും ആരോപിക്കുന്നത്. ഇത്രയും തരംതാണ പ്രവൃത്തികള്‍ക്കായി സിനിമയെ ഉപയോഗിക്കുന്ന ദിലീപിനെതിരെ പലരും കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ‘ദിലീപ് തന്റെ നിലവാരം കാണിച്ചു’, ‘കേസ് ഒഴിവായപ്പോള്‍ തന്നെ തനിനിറം കാണിച്ചു’ എന്നിങ്ങനെയാണ് കമന്റുകള്‍.
നടിക്കെതിര ആക്രമം ഉണ്ടായതുമുതല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടുപോകാത്ത നടന്മാരിലൊരാളാണ് പൃഥ്വിരാജ്. ഏറ്റവുമൊടുവില്‍ കോടതിവിധിയില്‍ ദിലീപിനെ വെറുതേ വിട്ടപ്പോഴും താന്‍ അതിജീവിതക്കൊപ്പമാണ് എന്ന നിലപാട് പൃഥ്വി വ്യക്തമാക്കിയിരുന്നു.
Content Highlight: Some posts saying that Dhyan Sreenivasan’s scene in Bha Bha Ba movie targeting Prithviraj