തിരുവനന്തപുരം: ഇരകള്‍ നിശബ്ദരാക്കപ്പെടുമ്പോള്‍ വേട്ടക്കാരുടെ ശബ്ദം ഇവിടെ മുഴങ്ങി കേള്‍ക്കുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വേട്ടക്കാരുടെ ശബ്ദം മുഴങ്ങി കേള്‍ക്കുന്നത് നമ്മുടെ സമൂഹത്തിന് ഉചിതമല്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.
വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ എന്ന ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ക്രൂരമായി നിലനില്‍ക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാണ്ടി. ആക്രമിക്കപ്പെടുന്ന സ്ത്രീകളെ സംബന്ധിച്ച് അവര്‍ക്ക് എപ്പോഴും തുറന്നുപറച്ചിലുകള്‍ നടത്തി പുറത്തേക്ക് വരാന്‍ കഴിയണമെന്നില്ല. ചുറ്റും പിന്തുണയുള്ള സ്ത്രീകളും പെണ്‍കുട്ടികളും മാത്രമാണ് പരാതിയുമായി മുന്നോട്ടുവരുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
പ്രതികരിച്ചതിന്റെ പേരില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പോലും സൈബറിടങ്ങളില്‍ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ്.
മൈക്കിന്റെ മുന്നിലേക്ക് വരാന്‍ ഇരയ്ക്ക് കഴിയണമെന്നില്ല. എന്നാല്‍ വേട്ടക്കാരന് മൈക്ക് വെച്ചുകൊടുക്കുന്ന സാഹചര്യവും അത് ആഘോഷിക്കപ്പെടുന്ന ചുറ്റുപാടുമാണ് നമ്മുടെ സമൂഹത്തിലുള്ളത്.
ഇത്തരം പ്രവണതകള്‍ക്കെതിരെ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വനിതാദിനം മുതല്‍ പോഷ് ആക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി തന്നെ കേരളത്തിലെ പൊതുസ്ഥാപനങ്ങളില്‍ നടപ്പിലായി വരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ പൂര്‍ണമായും നടപ്പിലാകുള്ളുവെന്നും വീണ ജോര്‍ജ് പറഞ്ഞു.
വനിതാ കമ്മീഷന്റെ ക്യാമ്പയിനില്‍ അഭിനേത്രിയും നര്‍ത്തകിയുമായ മഞ്ജു വാര്യരും പങ്കെടുത്തു.
‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കുട്ടികള്‍ ഇന്നുണ്ട്. വിവാഹം വേണമോ വേണ്ടയോ എന്ന് സ്വന്തം തീരുമാനമായിരിക്കണം എന്ന് ഉറപ്പിച്ചിട്ടുള്ള പെണ്‍കുട്ടികളെ കാണാം. അതിലും ഭംഗിയെനിക്ക് തോന്നിയത് അവര്‍ക്ക് പൂര്‍ണമായും പിന്തുണ കൊടുക്കുന്ന മാതാപിതാക്കളെ കാണുമ്പോഴാണ്. അപ്പോഴാണ് ശരിക്കും നമ്മുടെ ഈ സമൂഹം മാറി കൊണ്ടിരിക്കുകയാണെന്ന വളരെ ശുഭകരമായിട്ടുള്ള പ്രതീക്ഷ എനിക്ക് തോന്നുന്നത്,’ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മഞ്ജുവാര്യര്‍ സംസാരിച്ചു.
Content Highlight: Society has a tendency to put the mic in front of the predators: Veena George