ആര്‍.കെ നഗറില്‍ നോട്ടയോട് മത്സരിച്ച് ബി.ജെ.പി; രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
RK Nagar Bypoll
ആര്‍.കെ നഗറില്‍ നോട്ടയോട് മത്സരിച്ച് ബി.ജെ.പി; രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Sunday, 24th December 2017, 2:06 pm

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ ടി.ടി.വി ദിനകരന്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത് ബി.ജെ.പിയുടെ പ്രകടനത്തെയാണ്. നോട്ടയ്ക്കും പിന്നിലായ ബി.ജെ.പിയുടെ അതിദയനീയമായ പ്രകടനത്തെ സോഷ്യല്‍ മീഡിയ പൊങ്കാലയിട്ടാണ് ആഘോഷിക്കുന്നത്.

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയേക്കാള്‍ 537 വോട്ടിന് മുന്നിലാണ് നോട്ടയിപ്പോള്‍. ഇത് കൂടാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും 220 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പിയ്ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം നോട്ട 737 വോട്ടുകള്‍ നേടിയിട്ടുണ്ട്.

ബി.ജെ.പിയുടെ ദയനീയ പ്രകടനത്തെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുകയാണ്. റേസിംഗില്‍ ബി.ജെ.പിയുടെ ബൈക്കിനെ മറി കടന്നു പോകുന്ന സൈക്കിളായും വിക്കറ്റിനടയില്‍ ഓടുന്ന ബാറ്റ്‌സ്മാരായുമൊക്കെയാണ് ട്രോളുകള്‍.

നേരത്തെ ആര്‍കെ നഗറില്‍ തിരഞ്ഞെടുപ്പ് ചുമതല ഉളളവര്‍ ദയനീയ പ്രകടനത്തിന് ഉത്തരവാദികളായിരിക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു.

നിലവില്‍ ദിനകരനാണ് മുന്നേറ്റം നടത്തുന്നത്. ദിനകരന്റെ ലീഡ് ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം ആരംഭിച്ചിരിക്കുകയാണ്. നിലവില്‍ വോട്ടുകളില്‍ ദിനകരന് 34,500 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എഐഎഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇ.മധുസൂദനന്‍ 17471 വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ട്.