| Wednesday, 3rd October 2018, 11:03 am

'സുരേന്ദ്രന്റെ പോസ്റ്റ് വായിച്ച ഓന്ത് ആത്മഹത്യ ചെയ്തു'; ശബരിമല വിധിയില്‍ മലക്കം മറിഞ്ഞ സുരേന്ദ്രന് ഫേസ്ബുക്ക് പേജില്‍ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല. വിശ്വാസികളുടെ മനസില്‍ വര്‍ഗീയ ധ്രുവീകരണം നടത്തി കലാപത്തിന് ശ്രമിക്കുകയാണ് സുരേന്ദ്രനെന്നാണ് ഫേസ്ബുക്ക് പേജില്‍ വരുന്ന കമന്റുകള്‍.

നേരത്തെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ പ്രവേശിക്കണമെന്ന് നിലപാടായിരുന്നു സുരേന്ദ്രന്‍ സ്വീകരിച്ചിരുന്നത്.

ALSO READ: ശബരിമല; പുനഃപരിശോധനാ ഹര്‍ജി നല്‍കണോ ? ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ഇന്ന്

ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്”- എന്ന് കെ.സുരേന്ദ്രന്‍ 2016 സെപ്തംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാല്‍ സുപ്രീംകോടതി വിധി വന്നതോടെ ആദ്യം നിലപാട് വ്യക്തമാക്കാതിരുന്ന ബി.ജെ.പി നേതൃത്വം പിന്നീട് മുന്‍ നിലപാട് മാറ്റുകയായിരുന്നു. ശബരിമല വിധി നടപ്പാക്കല്‍ പിണറായി സര്‍ക്കാരിന് എളുപ്പമാവില്ലെന്നായിരുന്നു ഇന്നലെ ഫേസ്ബുക്ക് പേജില്‍ സുരേന്ദ്രന്‍ പറഞ്ഞത്.

ALSO READ: ശബരിമല: മാലിന്യ സംസ്‌കരണം വെല്ലുവിളിയാകുന്നു

“ശബരിമല വിഷയത്തില്‍ പിന്‍മാറുന്നതായിരിക്കും സര്‍ക്കാരിനു നല്ലത്. അല്ലെങ്കില്‍ വിശ്വാസികളുടെ രോഷാഗ്നിയില്‍ ഈ സര്‍ക്കാരും സി.പി.ഐ.എമ്മും ചാമ്പലാവും- സുരേന്ദ്രന്‍ പറഞ്ഞു.

ഈ പോസ്റ്റിന് താഴെയാണ് സുരേന്ദ്രന്റെ മുന്‍നിലപാട് ചൂണ്ടിക്കാണിച്ച് ആളുകള്‍ കമന്റ് ചെയ്യുന്നത്.

സുരേന്ദ്രന്‍ജീയുടെ പോസ്റ്റ് വായിച്ച ഓന്ത് ആത്മഹത്യ ചെയ്തുവെന്നാണ് ഒരു കമന്റ്. ഇതിനിടയില്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങിയതാവും അല്ലേ എന്നാണ് മറ്റൊരു കമന്റ്.

ALSO READ: ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റീസായി ഇന്ന് സ്ഥാനമേല്‍ക്കും

ആഹാ ഓന്ത് നിറം മാറുമോ ഇതുപോലെ എന്നാണ് മറ്റൊരു കമന്റ്.

ആര്‍.എസ്.എസും ബി.ജെ.പിയും മുന്‍പ് പല വേദികളിലും സ്ത്രീവിലക്ക് നീക്കുന്നതിന് സ്വീകരിച്ച നിലപാടുകളും കമന്റുകളില്‍ പലരും സൂചിപ്പിക്കുന്നുണ്ട്.

ശബരിമല വിധി വന്നതോടെ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നുകാണിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more