കോഴിക്കോട്: നോമ്പിന് ചായ കുടിക്കണമോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ താത്പര്യമാണെന്ന് സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകനും 24 ന്യൂസ് ചാനലിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീകണ്ഠന്‍ നായരെ മുൻനിർത്തി ഹിന്ദുത്വവാദികള്‍ നടത്തുന്ന പ്രചരണത്തിനാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ മറുപടി നല്‍കുന്നത്.
കഴിഞ്ഞ ദിവസം പതിവുപോലെ ഒരു ഗ്ലാസ് ചായയുമായാണ് ശ്രീകണ്ഠന്‍ നായര്‍ വാര്‍ത്ത അവതരിപ്പിക്കാന്‍ എത്തിയത്. ഇതിനിടെ യൂട്യൂബില്‍ വന്ന ഒരു കമന്റാണ് നിലവിലെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ഈ റമദാന്‍ മാസത്തില്‍ ചായക്കപ്പുമായി നില്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു കമന്റ്. തുടര്‍ന്ന്ചായക്കപ്പ് ഒഴിവാക്കിക്കൊണ്ടാണ് ശ്രീകണ്ഠന്‍ നായര്‍ വാര്‍ത്തകള്‍ അവതരിപ്പിച്ചത്. പിന്നീട് ഈ കമന്റ് കേരളത്തിലെ ഹിന്ദുത്വവാദികള്‍ ഏറ്റെടുക്കുകയായിരുന്നു.
സുഡാപ്പികള്‍ പറഞ്ഞപ്പോഴേക്കും ശ്രീകണ്ഠന്‍ നായര്‍ക്ക് ചായക്കപ്പ് ഉപേക്ഷിക്കേണ്ടി വന്നു, ഒരു ചാനല്‍ മുതലാളിക്ക് വരെ ചായ കുടിക്കാന്‍ കഴിയാത്ത അവസ്ഥയായി എന്നുള്‍പ്പെടെയാണ് സംഘപരിവാറിന്റെ വാദം.
എന്നാല്‍ ഇതിന് മറുപടിയായാണ് സോഷ്യല്‍ മീഡിയയയിലെ മറ്റൊരു വിഭാഗം പ്രതികരിക്കുന്നത്. ചായക്കപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഒരു ഫേക്ക് ഐഡിയിലൂടെയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥത്തില്‍ നോമ്പെടുക്കുന്ന വ്യക്തി അയാളുടെ നോമ്പുമായി മുന്നോട്ടുപോകുകയാണ് ചെയ്യുക. അതിന് മറ്റാരും തടസമാകുന്നില്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു. നോമ്പെടുക്കുന്നവരുടെ മുന്നില്‍ വെച്ച് തിന്നുകയും കുടിക്കുകയും ചെയ്യാതിരിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്നാണ് ഒരാളുടെ പ്രതികരണം.
സഹിഷ്ണുതയില്ലാത്ത മനുഷ്യരാണ്, സംഘികള്‍ക്ക് ചായക്കപ്പും ഒരു ആയുധമാണെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. പ്രവാചകന്റെ പേരിലാണ് വ്യാജ ഐ.ഡിയിലൂടെയുള്ള സംഘപരിവാറിന്റെ പ്രചരണങ്ങളെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
ശ്രീകണ്ഠന്‍ നായര്‍ ഇനിമുതല്‍ രണ്ട് ഗ്ലാസ് ചായയുമായി മോര്‍ണിങ് ഷോ അവതരിപ്പിക്കണമെന്നും സംഘപരിവാറിനെതിരെ പ്രതിഷേധിക്കണമെന്നും പ്രതികരണങ്ങളുണ്ട്.
Content Highlight: Social media says whether to drink tea during ramadan fasting is a personal choice