| Thursday, 19th June 2025, 2:36 pm

സോഷ്യല്‍ മീഡിയക്ക് റീത്ത് വെക്കാന്‍ സമയമായി, ടൈറ്റില്‍ ഗ്ലിംപ്‌സുമായി ദളപതിയും സൂര്യയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച താരങ്ങളാണ് സൂര്യയും വിജയ്‌യും. കൊമേഴ്‌സ്യല്‍ സിനിമകളുടെ അവസാനവാക്കായി വിജയ് സിനിമകള്‍ തമിഴ് ഇന്‍ഡസ്ട്രിയുടെ പ്രധാന ആഘോഷമായി മാറുമ്പോള്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് സൂര്യയും പ്രേക്ഷകപ്രീതി സ്വന്തമാക്കുന്നുണ്ട്. കേരളത്തിലും ഇരുവര്‍ക്കും വലിയ ഫാന്‍ ബേസുണ്ട്.

ഇപ്പോഴിതാ ഇരുവരുടെയും അടുത്ത ചിത്രങ്ങളുടെ അപ്‌ഡേറ്റുകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വിജയ്‌യുടെ അടുത്ത ചിത്രമായ ജനനായകന്റെ ആദ്യ ഗാനം 21ന് പുറത്തിറങ്ങാനിരിക്കുകയാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഗാനം പുറത്തിറക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനം അടുത്ത ചാര്‍ട്ബസ്റ്ററാകുമെന്ന് ഉറപ്പാണ്.

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ജന നായകന്‍. തമിഴിലെ മികച്ച സംവിധായകരിലൊരാളായ എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോബി ഡിയോള്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി തുടങ്ങി വന്‍ താരനിര ജന നായകനില്‍ അണിനിരക്കുന്നുണ്ട്.

ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45ന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് നാളെ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സമീപകാലത്ത് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സൂര്യക്ക് ഈ ചിത്രം നിര്‍ണായകമാണ്. റൂറല്‍ മാസ് ചിത്രമായി എത്തുന്ന സൂര്യ 45ന് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ട്.

തൃഷയാണ് ചിത്രത്തിലെ നായിക. മലയാളി താരങ്ങളായ സ്വാസിക, ഇന്ദ്രന്‍സ്, എന്നിവരും സൂര്യ 45ന്റെ ഭാഗമാകുന്നുണ്ട്. എല്‍.കെ.ജി. വീട്ടിലെ വിശേഷം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ആര്‍.ജെ. ബാലാജി ഇത്തവണയും നിരാശപ്പെടുത്താന്‍ സാധ്യതയില്ലെന്ന് കരുതുന്നു. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സൂര്യ നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ ചിത്രീകരണത്തിലാണ്. ലക്കി ഭാസ്‌കറിന്റെ വന്‍ വിജയത്തിന് ശേഷം വെങ്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Social Media ready to welcome Jana Nayagan first single and Suriya 45 title teaser

We use cookies to give you the best possible experience. Learn more