കോസ്റ്റൂം ഗുസ്തി മാത്രമേ പുതുമയുള്ളൂ, പണമുള്ള വീട്ടിലെ പെണ്ണിനെ പ്രേമിക്കുന്ന പാവത്തിന്റെ കഥ തന്നെയാണ് ചത്താ പച്ചയിലും, വൈറലായി പോസ്റ്റ്
Malayalam Cinema
കോസ്റ്റൂം ഗുസ്തി മാത്രമേ പുതുമയുള്ളൂ, പണമുള്ള വീട്ടിലെ പെണ്ണിനെ പ്രേമിക്കുന്ന പാവത്തിന്റെ കഥ തന്നെയാണ് ചത്താ പച്ചയിലും, വൈറലായി പോസ്റ്റ്
അമര്‍നാഥ് എം.
Sunday, 22nd February 2026, 6:35 pm

ഈ വര്‍ഷത്തെ ആദ്യ ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയ ചത്താ പച്ച കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രം മേക്കിങ് കൊണ്ട് സിനിമാപ്രേമികള്‍ക്ക് പുതിയൊരു അനുഭവമായി മാറി.

ഫോര്‍ട്ടുകൊച്ചിയുടെ പശ്ചാത്തലത്തില്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ പറിച്ചുനട്ട ചിത്രമാണ് ചത്താ പച്ച. കോസ്റ്റൂം ഗുസ്തി എന്ന് നായകനായ സാവിയോയും ടീമും പറയുന്ന ഫൈറ്റ് മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഫൈറ്റ് മാറ്റിനിര്‍ത്തിയാല്‍ പുതുമയില്ലാത്ത കഥയാണ് ചത്താ പച്ചയുടേതെന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

ചിത്രത്തില്‍ റോഷന്‍ മാത്യു അവതരിപ്പിച്ച വെട്രി എന്ന കഥാപാത്രത്തിന്റെ ഫ്‌ളാഷ്ബാക്ക് ഒട്ടും പുതുമയില്ലാത്ത കഥയാണെന്നാണ് വിമര്‍ശനം. പണമുള്ള വീട്ടിലെ ജാസ്മിന്‍ എന്ന പെണ്ണിനെ പ്രണയിക്കുന്നയാണ് വെട്രി. ജാസ്മിന്റെ വീട്ടുകാരെ എതിര്‍ത്ത് വെട്രി അവളെ വിളിച്ചുകൊണ്ടുവരികയും രണ്ട് സഹോദരന്മാരും ഇതോടെ വെട്രിയോട് ശത്രുതയിലാകുന്നുമുണ്ട്.

ഇതിന് ശേഷം നായിക മരിക്കുകയും മകള്‍ക്ക് വേണ്ടി നായകന്‍ ജീവിക്കുകയും ചെയ്യുന്ന ക്ലീഷേ ചത്താ പച്ചയിലുമുണ്ടെന്നാണ് വിമര്‍ശനം. ഏതെങ്കിലുമൊരു സിനിമയില്‍ പണക്കാരനായ നായകനെ പ്രണയിക്കുന്ന പാവം നായികയുടെ കഥ എപ്പോഴെങ്കിലും കാണിക്കുമോ എന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. തെന്നല്‍ കൃഷ്ണ എന്ന ഐ.ഡിയാണ് പോസ്റ്റ് പങ്കുവെച്ചത്.

ആക്ഷന്‍ കൊറിയോഗ്രഫി, ഛായാഗ്രഹണം, എഡിറ്റിങ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ മേഖലകളില്‍ മുന്നിട്ട് നിന്ന ചിത്രത്തിന് പ്രേക്ഷകരുമായി ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും വിമര്‍ശനമുണ്ട്. റിലീസിന് മുമ്പ് നല്‍കിയ മാര്‍ക്കറ്റിങ് ബോക്‌സ് ഓഫീസില്‍ ചിത്രത്തെ സുരക്ഷിതമായ സ്ഥാനത്തെത്തിച്ചു.

റിലീസിന് മുമ്പ് ഹൈപ്പുയര്‍ത്തിയ മമ്മൂട്ടിയുടെ അതിഥിവേഷവും പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയിട്ടില്ല. ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രമായി വേഷമിട്ട മമ്മൂട്ടിക്ക് കഥയില്‍ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും വിമര്‍ശനമുണ്ട്. എന്നാലും അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരുടെ പ്രകടനം ഗംഭീരമായെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlight: Social Media post saying that Chatha Pacha movie have Cliché elements

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം