150 രൂപ കൊടുക്കാതെ മികച്ച സിനിമ നഷ്ടപ്പെടുത്തിയതില്‍ ഒരാള്‍ ഞാനും; മോഹിനിയാട്ടം ഒ.ടി.ടി റിലീസിന് പിന്നാലെ കുമ്പസാരവുമായി പ്രേക്ഷകര്‍
Malayalam Cinema
150 രൂപ കൊടുക്കാതെ മികച്ച സിനിമ നഷ്ടപ്പെടുത്തിയതില്‍ ഒരാള്‍ ഞാനും; മോഹിനിയാട്ടം ഒ.ടി.ടി റിലീസിന് പിന്നാലെ കുമ്പസാരവുമായി പ്രേക്ഷകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 8th May 2026, 7:56 pm

2026ന്റെ ആരംഭത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഉറങ്ങിക്കിടന്ന മലയാള സിനിമയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ചിത്രമായിരുന്നു മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ ജയസൂര്യയുടെ ആട് 3. നൂറുകോടിയിലധികം നേടി തിയേറ്ററില്‍ നിന്നും വന്‍ ഹിറ്റായിട്ടായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം തിയേറ്റര്‍ വിട്ടത്. ഇതിന് പിന്നാലെയെത്തിയ വാഴ 2 ബോക്‌സ് ഓഫീസിന് തീയിടുന്ന കാഴ്ച്ചയ്ക്കും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. എന്നാല്‍ ഇതിനിടയില്‍ അധികം ആരവങ്ങളില്ലാതെ വന്നുപോയ ചിത്രമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2 മോഹിനിയാട്ടം.

ആദ്യഭാഗം പരാജയമായിരുന്നിട്ടും രണ്ടാം ഭാഗവുമായെത്തിയ സംവിധായകനും സൈജു കുറുപ്പും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. എന്നാല്‍ ഹാഷിറും സംഘവും നായകന്മാരായ വാഴ 2വിന്റെ തേരോട്ടത്തില്‍ വേണ്ടത്ര ഷോകളില്ലാതെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്താന്‍ മോഹിനിയാട്ടം നന്നേ ബുദ്ധിമുട്ടിയിരുന്നു. ആദ്യഭാഗത്തെ സംബന്ധിച്ച് നോക്കുമ്പോള്‍ ചിത്രം മികച്ച വിജയം നേടിയിട്ടും അര്‍ഹിച്ച വിജയമായിരുന്നോ ചിത്രത്തിന് ലഭിച്ചതെന്ന ചോദ്യം സിനിമാപ്രേമികള്‍ ഉന്നയിച്ചിരുന്നു.

മോഹിനിയാട്ടം. Photo: X.com

മലയാളത്തിന്റെ ബിഗ് എംസ് നായകന്മാരായ പേട്രിയറ്റും തിയേറ്ററില്‍ മത്സരത്തിനെത്തിയതോടെ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുന്നതിന് മുമ്പ് മോഹിനിയാട്ടം ഒ.ടി.ടിയിലെത്തുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും മികച്ച മലയാള ചിത്രമാണ് മോഹിനിയാട്ടമെന്നും ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ച ചിത്രത്തിലെ പല സംഭവങ്ങളും കാലിക പ്രസക്തിയുള്ളതാണെന്നുമായിരുന്നു പലരുടെയും അഭിപ്രായം.

ചിത്രത്തോടൊപ്പം വാഴ 2വും കഴിഞ്ഞയാഴ്ച്ച ആട് 3യും പ്രദര്‍ശനത്തിനെത്തിയതോടെ മൂന്ന് ചിത്രങ്ങളുമായുള്ള താരതമ്യങ്ങള്‍ക്കും പല സിനിമാപേജുകളിലും തുടക്കമിട്ടുണ്ട്. തിയേറ്ററിലെ വിജയത്തിന് ശേഷം സീ ഫൈവില്‍ പ്രദര്‍ശനത്തിനെത്തിയ ആട് 3 എങ്ങനെയാണ് നൂറുകോടി ക്ലബ്ബില്‍ ഇടം നേടിയതെന്നാണ് പലരുടെയും ചോദ്യം, ആട് ഫ്രഞ്ചൈസില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും മോശം ചിത്രമാണിതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ വിപരീത അഭിപ്രായമാണ് 32 കോടി മാത്രം നേടിയ മോഹിനിയാട്ടത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Photo: IMDB

150 രൂപ മുടക്കേണ്ട, ഒ.ടി.ടി.യില്‍ വന്നിട്ട് മോഹിനിയാട്ടം കാണാം എന്ന് വിചാരിച്ച് 2026ലെ മികച്ച മലയാളം സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സാണ് തങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യ ഭാഗത്തെ വിജയിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞില്ലെന്നും അതിലും മികച്ച രണ്ടാം ഭാഗവുമായെത്തിയപ്പോള്‍ അര്‍ഹിച്ച വിജയം സമ്മാനിക്കാന്‍ സാധിച്ചില്ലെന്നും സ്വയം കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നുണ്ട്.

Content Highlight: Social media post regarding poor run of Mohiniyattam in theatres comparing to vaazha 2 and Aadu 3

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.