അലനും പെങ്ങളും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നതില്‍ സന്തോഷം, പക്ഷേ വിനായകിന് മരുന്ന് കിട്ടിക്കാണുമോ? വാഴ 2ലെ മിസ്‌റ്റേക്ക് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Malayalam Cinema
അലനും പെങ്ങളും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നതില്‍ സന്തോഷം, പക്ഷേ വിനായകിന് മരുന്ന് കിട്ടിക്കാണുമോ? വാഴ 2ലെ മിസ്‌റ്റേക്ക് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Monday, 6th April 2026, 4:00 pm

ആദ്യ വീക്കെന്‍ഡില്‍ 50 കോടിയിലേറെ നേടി ബോക്‌സ് ഓഫീസില്‍ കൊലത്തൂക്ക് നടത്തുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ തിയേറ്ററുകളെ ഇളക്കമറിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പൃഥ്വിരാജിന് ശേഷം ഒരു പുതുമുഖ സംവിധായകന്‍ 100 കോടി ക്ലബ്ബില്‍ കയറുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

ആദ്യ ഭാഗത്തിന്റെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് വാഴ 2ന്റെ കഥയും മുന്നോട്ടുപോകുന്നത്. ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും കുട്ടിക്കാലത്ത് ആരംഭിക്കുന്ന കഥ പിന്നീട് അവരുടെ സൗഹൃദത്തിലൂടെയും ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നു. കോമഡിയും ഇമോഷനുമെല്ലാം സമാസമം ചേര്‍ന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വാഴ 2 Photo: Screen grab/ Think Music India

എന്നാല്‍ ചിത്രത്തിന്റെ എഴുത്തുകാര്‍ ശ്രദ്ധിക്കാതെ പോയ പ്രധാനപ്പെട്ട ഒരു മിസ്റ്റേക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ക്ലൈമാക്‌സിനോടടുത്തുള്ള സീനിലാണ് എഴുത്തുകാര്‍ക്ക് ചെറിയൊരു അബദ്ധം സംഭവിച്ചത്. ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ചിത്രത്തിലെ സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍ക്കുന്ന ഭാഗം ഇമോഷണലി വളരെ നല്ല രീതിയില്‍ കണക്ടായി.

എന്നാല്‍ അലനും പെങ്ങളും തമ്മില്‍ ഫോണ്‍ വിളിച്ച് അതുവരെയുണ്ടായിരുന്ന പിണക്കം തീര്‍ക്കുന്ന സമയത്ത് മറ്റൊരാളെക്കുറിച്ച് മറന്നെന്നാണ് പല പോസ്റ്റുകളും. പനി കൂടി ആശുപത്രിയില്‍ ഡോക്ടറില്ലാത്ത അവസ്ഥയില്‍ അലന്‍ കൊണ്ടുവരുന്ന മരുന്നും കാത്ത് വിനായക് ആശുപത്രി തിണ്ണയില്‍ കിടക്കുന്നത് കാണിക്കുന്നുണ്ട്.

വാഴ 2 Photo: Screen grab/ Think Music India

ആറ് മൈല്‍ ദൂരത്തുള്ള വിനായകിന് മരുന്ന് കൊണ്ടുകൊടുക്കാതെ പിണക്കം പറഞ്ഞുതീര്‍ത്ത അലന്റെ കഥാപാത്രത്തെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രം നിവിന്‍ പോളിയോട് പറയുന്ന ഡയലോഗിനെ ‘തിരിച്ചറിവാകാം, പക്ഷേ ഒരുത്തന്‍ മരുന്നിന് വേണ്ടി കാത്തിരിക്കുമ്പോള്‍ അവനെ പോസ്റ്റാക്കിക്കൊണ്ടാകരുത്’ എന്ന രീതിക്ക് മാറ്റിയാണ് ട്രോളില്‍ അവതരിപ്പിച്ചത്.

എന്നാല്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടിയില്ലെന്നും പിന്നീടാണ് വിനായകിന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഈയൊരു ലോജിക്കല്‍ മിസ്‌റ്റേക്ക് മാറ്റിനിര്‍ത്തിയാല്‍ അതിഗംഭീര സിനിമ തന്നെയാണ് വാഴയെന്നും പലരും കമന്റ് പങ്കുവെക്കുന്നുണ്ട്.

രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ കാലികപ്രാധാന്യമുള്ള പല വിഷയങ്ങളും പറഞ്ഞുപോകുന്നുണ്ട്. ചിരിപ്പിക്കുന്നതിനൊപ്പം ഒരുപാട് കാര്യങ്ങള്‍ ചിന്തിപ്പിക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

Content Highlight: Social media pointing a small mistake in Vaazha 2 movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം