| Friday, 10th October 2025, 3:41 pm

'ഇനി നൊബേൽ കമ്മിറ്റിക്കും 200% തീരുവ'; സമാധാനത്തിനുള്ള പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. ‘നൊബേല്‍ കമ്മിറ്റി തമാശ പറയുകയാണ്’ എന്നായിരിക്കും ട്രംപ് ഇപ്പോള്‍ പ്രതികരിക്കുകയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതോടെയാണ് ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസമുയരുന്നത്. നൊബേല്‍ കമ്മിറ്റി സെക്കന്റുകള്‍ക്ക് കൊണ്ടല്ലേ ട്രംപിനെ അടിച്ചൊതുക്കിയതെന്നും എക്‌സ് ഉപയോക്താക്കള്‍ പറയുന്നു.

നിലവില്‍ ഒരു കടല്‍ത്തീരത്ത് ഏകനായി നില്‍ക്കുന്ന ട്രംപിന്റെ ചിത്രം എക്സില്‍ ട്രെന്‍ഡിങ്ങിലാണ്. സൈനിക വേഷത്തില്‍ മഴയത്ത് ഇരുന്നുകൊണ്ട് പൊട്ടിക്കരയുന്ന, ഡയപ്പര്‍ ധരിച്ചുകൊണ്ട് വാശിപിടിക്കുന്ന ട്രംപിന്റെ എ.ഐ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നൊബേല്‍ പുരസ്‌കാരം കൈവിട്ടുപോയതുകൊണ്ട് ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ അനിശ്ചിതത്വത്തില്‍ ആകാന്‍ സാധ്യതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കുറച്ച് നേരം മൗനത്തിലിരിക്കാമെന്നായിരിക്കും ട്രംപ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും എക്‌സ് ഉപയോക്താക്കള്‍ പരിഹസിക്കുന്നുണ്ട്.

അതേസമയം വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ രാഷ്ട്രീയ എതിരാളിയായ മച്ചാഡോയ്ക്ക് അമേരിക്കയുടെ പിന്തുണയുണ്ടെന്നും അതുകൊണ്ടുതന്നെ 2025 നൊബേല്‍ പുരസ്‌കാരം ട്രംപിന് തിരിച്ചടിയല്ലെന്നും ചിലര്‍ പറയുന്നു. കൂടാതെ നൊബേൽ കമ്മിറ്റിക്ക് ട്രംപ് 200 ശതമാനം തീരുവ ചുമത്തുമെന്നും സോഷ്യൽ മീഡിയ പറയുന്നു.

പാക്-ഇന്ത്യാ സംഘര്‍ഷം ഉള്‍പ്പെടെ ഏഴോളം യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ടാണ് ട്രംപ് നൊബേല്‍ പുരസ്‌കാരത്തിനായി ആവശ്യം ഉന്നയിച്ചിരുന്നത്.

തനിക്ക് നൊബേല്‍ പുരസ്‌കാരത്തോട് താത്പര്യമില്ലെന്നും എന്നാല്‍ തനിക്ക് ഈ അംഗീകാരം നിഷേധിക്കപ്പെട്ടാല്‍ അത് യു.എസിന് വലിയ നഷ്ടമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

ഒരു നൊബേലിനല്ല, താന്‍ അവസാനിപ്പിച്ച ഓരോ യുദ്ധത്തിനും പ്രത്യേകം പുരസ്‌കാരം നല്‍കേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ അടക്കം ഉയര്‍ത്തി കാണിച്ചാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

Content Highlight: Social media mocks Trump after Nobel prize for peace announcement

We use cookies to give you the best possible experience. Learn more