മലയാള സിനിമയിൽ പ്രേക്ഷകരെ ചിരിപ്പിക്കാനും കൈയടി നേടാനും കഴിഞ്ഞ യുവതാരമാണ് നസ്‍ലെൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നസ്‍ലെൻ, പിന്നീട് ലോക എന്ന സിനിമയിലൂടെ ആഗോള ശ്രദ്ധയും നേടി.
നസ്‍ലെനെപ്പോലെ തന്നെ മലയാളികൾ ഏറ്റെടുത്ത മറ്റൊരു താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മമിത ഇന്ന് തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്. വിജയ് നായകനായെത്തുന്ന ജനനായകൻ എന്ന ചിത്രത്തിൽ മമിത പ്രധാന വേഷത്തിലെത്തുന്നതും വലിയ ചർച്ചയായിട്ടുണ്ട്.
മമിത ബൈജു, നസ്‍ലെൻ, Photo: IMDb
എന്നാൽ, ഇത്രയും ജനപ്രീതിയും വിജയവും നേടിയിട്ടും, സമൂഹമാധ്യമങ്ങളിൽ ഈ രണ്ട് താരങ്ങൾക്കെതിരെ കാരണമില്ലാത്ത ട്രോളുകളും വിമർശനങ്ങളും വർധിക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ ചർച്ച. തങ്ങൾക്കു ലഭിക്കുന്ന എല്ലാ റോളുകളും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ഈ താരങ്ങളെ ഒരു വ്യക്തമായ കാരണം പോലും ഇല്ലാതെ ചിലർ വെറുക്കുകയും താഴ്ത്തിക്കെട്ടുകയും ചെയ്യുന്നതായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വിചാരിച്ചതിലും വേഗത്തിൽ ലഭിച്ച ജനപ്രീതിയാണ് ഈ അനാവശ്യ വിമർശനങ്ങൾക്ക് പിന്നിലെന്നും അഭിപ്രായമുണ്ട്. നസ്‍ലെനും മമിതക്കും സ്വന്തമായി ശക്തമായ ഫാൻബേസ് ഉണ്ട്, ബോക്‌സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളും ഉണ്ട്, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന അഭിനയ ശൈലിയുമാണ് ഇരുവരുടെയും.
അതേസമയം, അനശ്വര രാജൻ, സന്ദീപ് പ്രദീപ് തുടങ്ങിയ താരങ്ങളുമായി താരതമ്യം ചെയ്ത് നസ്‍ലനെയും മമിതയെയും കുറച്ച് കാണിക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ സജീവമാണെന്നും ആരാധകർ പറയുന്നു. മമിതയുടെയും നസ്‍ലെന്റെയും സ്ട്രോങ്ങ് സോൺ കോമഡിയാണെന്നും, ആ മേഖലയിൽ അനശ്വരയോ സന്ദീപോ ഇതുവരെ അത്ര ശക്തമായി എത്തിച്ചേർന്നിട്ടില്ലെന്നും അഭിപ്രായങ്ങളുണ്ട്. അതുപോലെ തന്നെ, അനശ്വരയുടെയും സന്ദീപിന്റെയും ശക്തമായ ഡ്രാമ–ഇമോഷണൽ കഥാപാത്രങ്ങൾ ഇതുവരെ നസ്‍ലെനും മമിതയും പരീക്ഷിച്ചിട്ടുമില്ല.
മമിത ഇതുവരെ നായികയായി അഭിനയിച്ചത് വളരെ കുറച്ച് ചിത്രങ്ങളിലാണെങ്കിലും, പ്രേമലു, ഡ്യൂഡ് തുടങ്ങിയവയിൽ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. നസ്‍ലെൻ ഇതുവരെ ചെയ്ത ഒരുചിത്രത്തിനും മോശം അഭിപ്രായം നേരിടേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇന്നും ചിലർ ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പാടിയ ‘നാളെ നാളെ’ എന്ന ഗാനത്തിന്റെ പേരിൽ മമിതയെ ട്രോളുന്നതായും, എന്തെങ്കിലും ഒരു കാര്യം കിട്ടാൻ കാത്തിരുന്ന് ട്രോൾ നടത്തുകയാണ് ചിലരെന്നും പ്രേക്ഷകർ പറയുന്നു.
‘ഇനിയെങ്കിലും നിർത്തിക്കൂടെ?’ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളാണ് നസ്‍ലെനും മമിതയും. ഓരോ ആർട്ടിസ്റ്റിനും അവരവരുടെ കഴിവുകളുണ്ട്, അത് തെളിയിക്കേണ്ട സമയത്ത് അവർ അത് തെളിയിക്കും, ഇരുവരും ഇതിനോടകം തന്നെ അത് കാണിച്ചവരാണ് എന്ന അഭിപ്രായമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായി ഉയരുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.