കുട്ടിയുമുണ്ട് ബാഗുമുണ്ട്.. ഇനി കഥയും അത് തന്നെയാകുമോയെന്ന് പ്രേക്ഷകർ; ചർച്ചയാക്കി വിശ്വനാഥ് ആൻഡ് സൺസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
indian cinema
കുട്ടിയുമുണ്ട് ബാഗുമുണ്ട്.. ഇനി കഥയും അത് തന്നെയാകുമോയെന്ന് പ്രേക്ഷകർ; ചർച്ചയാക്കി വിശ്വനാഥ് ആൻഡ് സൺസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ
നന്ദന എം.സി
Monday, 2nd March 2026, 12:52 pm

മലയാളികൾക്കെന്നും ഒരു പ്രത്യേക ഇഷ്ടമുള്ള താരമാണ് തമിഴ് നടൻ സൂര്യ. തുടർച്ചയായ ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം സൂര്യയുടെ ശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോളിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഒരു കുഞ്ഞുമായി നിൽക്കുന്ന സൂര്യയുടെ ചിത്രമാണുള്ളത്. ‘ലക്കി ഭാസ്കർ’ എന്ന സൂപ്പർ ഹിറ്റിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ഈ വർഷം ജൂലൈയിൽ തീയേറ്ററുകളിലെത്തും.

കങ്കാരു, Photo: IMDb

എന്നാൽ മലയാളി ആരാധകരെ ആവേശത്തിലാക്കിയത് മറ്റൊന്നുമല്ല, ഈ പോസ്റ്റർ തന്നെയാണ്. കണ്ടയുടനെ ഇതെവിടെയോ കണ്ടിട്ടുണ്ടല്ലോയെന്നാണ് അവർ കണ്ടുപിടിച്ചത്. അതിനുത്തരവും അവർ തന്നെ കണ്ടെത്തി. മലയാളികളുടെ എക്കാലത്തെയും ഫേവറിറ്റ് സിനിമകളിൽ ഒന്നായ കങ്കാരു എന്ന ചിത്രത്തിലെ പോസ്റ്ററുമായാണ് സാമ്യം കണ്ടെത്തിയത്.

രാജ് ബാബു സംവിധാനം ചെയ്ത ആ ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ. തന്റെ കുട്ടിയല്ലെങ്കിൽ പോലും ആ കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന ഒരു യുവാവിന്റ കഥയാണ് ചിത്രം പറയുന്നത്. സൂര്യയുടെ പോസ്റ്റർ കണ്ടപ്പോൾ ആദ്യം മനസിൽ വന്ന ചിത്രം അതാണെന്നും പറഞ്ഞുകൊണ്ടാണ് ആരാധകർ ഈ രണ്ട് ചിത്രങ്ങളുടെയും പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.

‘കുട്ടിയുമുണ്ട്, ബാഗുമുണ്ട്… കങ്കാരുവിന്റെ കഥ തന്നെയായിരിക്കുമോ ഈ ചിത്രത്തിനും? അങ്ങനെ പൃഥിക്ക് ഒരു കൂട്ടായി എന്നിങ്ങനെ രസകരമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ദി ഹാംഗ് ഓവർ, Photo: Walpepper.com

കൂടാതെ ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത് ജോൺ ലൂക്കാസും സ്കോട്ട് മൂറും ചേർന്ന് 2009ൽ പുറത്തിറക്കിയ അമേരിക്കൻ കോമഡി ചിത്രം ദി ഹാംഗ് ഓവറിലെ  സാമ്യതയും ആരാധകർ ചൂണ്ടിക്കാട്ടുന്നു

ഇതിനൊപ്പം തന്നെ ‘വിശ്വനാഥ് ആൻഡ് സൺസ്’നെ ചുറ്റിപ്പറ്റി വൻ ബിസിനസ് സാധ്യതകളാണ് കേൾക്കുന്നത്. ചിത്രീകരണം പൂർത്തിയാകുന്നതിന് മുൻപേ 85 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്നാണ് വിവരം. ഈ ചിത്രത്തിനായി സൂര്യ 50 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്.


മമിത ബൈജു നായികയാകുന്ന ചിത്രത്തിൽ രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്ന ചിത്രം, അങ്ങ് വൈകുണ്ഠപുരത്ത് പോലെ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു എന്റർടൈനറായിരിക്കുമെന്ന സൂചനയും അണിയറപ്രവർത്തകർ നൽകിയിട്ടുണ്ട്

Content Highlight: Social media is discussing the similarities between the films Hangover, Kangaroo, and Vishwanath and Sons.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.