100 കോടിയില്ലെങ്കിലെന്താ ലോകോത്തര നിലവാരമുള്ള ചിത്രങ്ങളിൽ മുൻപന്തിയിൽ മമ്മൂക്ക തന്നെ; ചർച്ചയാക്കി സോഷ്യൽ മീഡിയ
Malayalam Cinema
100 കോടിയില്ലെങ്കിലെന്താ ലോകോത്തര നിലവാരമുള്ള ചിത്രങ്ങളിൽ മുൻപന്തിയിൽ മമ്മൂക്ക തന്നെ; ചർച്ചയാക്കി സോഷ്യൽ മീഡിയ
നന്ദന എം.സി
Friday, 27th March 2026, 11:08 am

മലയാള സിനിമാ ഇൻഡസ്ട്രിയിൽ ബോക്സ് ഓഫീസ് കളക്ഷൻ എന്ന മാനദണ്ഡം ശക്തമാകുന്ന കാലഘട്ടമാണിപ്പോൾ. 100 കോടി ക്ലബ്ബിൽ ഇടം നേടുക എന്നതാണ് ഒരു സിനിമയുടെ വിജയമെന്ന നിലപാടാണ് പലർക്കിടയിലും കാണാൻ സാധിക്കുന്നത്.

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയതോടൊപ്പം, ഇപ്പോൾ ആട് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജയസൂര്യയും ഈ പട്ടികയിൽ ഇടം പിടിച്ചു.
ഇതോടെയാണ് 100 കോടി ക്ലബ്ബിൽ ഇപ്പോഴും പ്രവേശനം നേടാത്ത മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകൾ വീണ്ടും സജീവമായിരിക്കുന്നത്

മമ്മൂട്ടി, Photo: IMDb

മമ്മൂട്ടി ഇതുവരെ 100 കോടി ക്ലബ്ബിൽ എത്തിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും ട്രോളുകളും ഉയർന്നത്.
എന്നാൽ ഒരു സിനിമയുടെ വിജയം കളക്ഷനിലൂടെ മാത്രമല്ല, അതിന്റെ ഉള്ളടക്കം, നിലവാരം, പ്രേക്ഷക സ്വീകാര്യത എന്നിവയിലൂടെയാണ് വിലയിരുത്തേണ്ടതെന്ന വാദമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. ഈ കാഴ്ചപ്പാടിൽ മമ്മൂട്ടിയുടെ സിനിമകളാണ് എന്നും മുൻനിരയിൽ നിലകൊള്ളുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

പ്രത്യേകിച്ച് ഭ്രമയുഗം പോലുള്ള ചിത്രങ്ങളും കാതൽ, കളങ്കാവൽ പോലുള്ള സിനിമകളും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉള്ളടക്കത്തിലും അവതരണത്തിലും ലോകോത്തര നിലവാരമെത്തിച്ച ഈ ചിത്രങ്ങൾ വലിയ കളക്ഷൻ റെക്കോർഡ് സൃഷ്ടിച്ചില്ലെങ്കിലും പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് നേടിയെടുത്തത്.

മമ്മൂട്ടി, Photo: IMDb

മമ്മൂട്ടിയുടെ പ്രകടനവും ഈ ചർച്ചയിൽ പ്രധാനമായി ഉയർന്നുവരുന്നു. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചതിനൊപ്പം സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയിരുന്നു. കൂടാതെ, ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ താരങ്ങളിലൊരാളാണ് മമ്മൂട്ടി എന്നതും ആരാധകർ ഓർമിപ്പിക്കുന്നു.

ഇത്തരത്തിൽ നോക്കുമ്പോൾ, ഒരു നടന്റെ വിജയവും കഴിവും 100 കോടി ക്ലബ്ബിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ. മറിച്ച്, കാലം കടന്നും ഓർമിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളും ലോകോത്തര നിലവാരമുള്ള സിനിമകളും സൃഷ്ടിക്കുന്നതാണ് യഥാർത്ഥ വിജയമെന്നും ആരാധകർ പങ്കുവെക്കുന്നു. ആ മാനദണ്ഡത്തിൽ, മമ്മൂട്ടി ഇന്നും മലയാള സിനിമയുടെ മുൻപന്തിയിലാണെന്ന അഭിപ്രായമാണ് ഇപ്പോൾ വ്യാപകമായി ഉയരുന്നത്.

Content Highlight: Social media is discussing Mammootty.

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.