മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു മോഹിനിയാട്ടം. സൈജു കുറുപ്പ് നായകനായെത്തിയ ചിത്രം തിയേറ്ററിലും പിന്നീട് ഒ.ടി.ടി റിലീസിന് ശേഷവും വലിയ ചർച്ചയായി മാറുകയായിരുന്നു.
ഒന്നാം ഭാഗമായ ഭരതനാട്യം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയെങ്കിലും, ഒ.ടി.ടി റിലീസിന് ശേഷം ലഭിച്ച മികച്ച പ്രതികരണങ്ങളാണ് രണ്ടാം ഭാഗമായ മോഹിനിയാട്ടം ഒരുക്കാൻ അണിയറ പ്രവർത്തകർക്ക് ആത്മവിശ്വാസമായത്.
മോഹിനിയാട്ടം, Photo: IMDb
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും തങ്ങളുടെ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും, പല രംഗങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രത്യേക രംഗമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ വ്യാജ ദൈവവിശ്വാസത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഒരു രംഗമാണ് പ്രേക്ഷകരെ കൂടുതൽ ആകർഷിച്ചിരിക്കുന്നത്. പണം സമ്പാദിക്കാനായി ചിലർ ചേർന്ന് ഒരു വ്യാജ അമ്പലവും മോഹിനേശ്വരി ദേവി എന്ന വ്യാജ പ്രതിഷ്ഠയും സൃഷ്ടിക്കുന്നതാണ് കഥയിലെ ഒരു പ്രധാന ഭാഗം.
തുടർന്ന് അതിനെ വിശ്വസിച്ച് നിരവധി ആളുകൾ അവിടെ വഴിപാടുകളും ചടങ്ങുകളും നടത്താൻ എത്തുന്നു. തലയിൽ തേങ്ങയുടയ്ക്കൽ, ശയനപ്രദക്ഷിണം, തീക്കനലിലൂടെ നടക്കൽ തുടങ്ങിയ ചടങ്ങുകൾ വിശ്വാസത്തിന്റെ പേരിൽ ആളുകളെ ആകർഷിക്കുന്നതായി ചിത്രത്തിൽ കാണിക്കുന്നു.
എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സിലേക്കെത്തുമ്പോൾ ഈ വ്യാജ വിശ്വാസങ്ങളുടെ സത്യം പുറത്തുവരുകയും, വിനയ് ഫോർട്ട് അവതരിപ്പിക്കുന്ന പോലീസ് സംഘം അമ്പലത്തിലെത്തുകയും ചെയ്യുന്നു.
അതിനിടയിൽ ഒരാൾ തീക്കനലിലൂടെ നടക്കുന്നത് കണ്ട വിനയ് ഫോർട്ടിന്റെ കഥാപാത്രം ‘എന്താടോ ഇത് സതിയോ?’ എന്ന് ചോദിക്കുമ്പോൾ, ‘അല്ല സാറെ… അത് കനലിൽ കൂടി ഓടുന്നതാ… നല്ല ഗംഭീര ഐറ്റാ’ എന്ന മറുപടിയാണ് ലഭിക്കുന്നത്. ഈ സംഭാഷണവും രംഗവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
അന്ധവിശ്വാസങ്ങളിൽ ഇപ്പോഴും കണ്ണടച്ച് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളെ വളരെ രസകരമായും അതേസമയം വിമർശനാത്മകമായും ചിത്രം അവതരിപ്പിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.