'സ്ത്രീവിരുദ്ധത' ബി.ജി.എം ഇട്ടാൽ പ്രണയമാകുമോ? സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന രാമനുണ്ണിയും കുഞ്ഞൂഞ്ഞും
Malayalam Cinema
'സ്ത്രീവിരുദ്ധത' ബി.ജി.എം ഇട്ടാൽ പ്രണയമാകുമോ? സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്ന രാമനുണ്ണിയും കുഞ്ഞൂഞ്ഞും
കെ.എസ് ഷാബിന
Wednesday, 10th June 2026, 2:18 pm

മാറിക്കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ കഥാപാത്രങ്ങളെയും അവരുടെ നിലപാടുകളെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ, മറ്റൊരു വശത്ത് ഒരിക്കലും ആഘോഷിക്കപ്പെടാൻ പാടില്ലാത്ത സിനിമകളും കഥാപാത്രങ്ങളും ബി.ജി.എം നൽകി  കൊട്ടിഘോഷിക്കപെടുകയാണ്.

പഴയകാല സിനിമകളിലെ നെഗറ്റീവ് സ്വഭാവമുള്ള വില്ലൻ കഥാപാത്രങ്ങളെയും സ്ത്രീവിരുദ്ധ മനോഭാവമുള്ള കഥാപാത്രങ്ങളെയും ‘ഉദാത്തമായ പ്രണയത്തിന്റെ’ ലേബലിൽ ആണ് ഇന്നത്തെ തലമുറ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇൻസ്റ്റഗ്രാം റീലുകളിലും മറ്റ് സമൂഹമാധ്യമങ്ങളിലും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇത്തരം കഥാപാത്രങ്ങളെ മഹത്വവൽക്കരിക്കുന്നതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നുണ്ട്.

സ്വപ്നക്കൂട്, ചന്ദ്രോത്സവം.Photo:Screengrab/Youtube

മോഹൻലാൽ നായകനായി എത്തിയ ‘ചന്ദ്രോത്സവം’ എന്ന സിനിമയിലെ രഞ്ജിത്ത് അവതരിപ്പിച്ച ‘രാമനുണ്ണി’ എന്ന വില്ലൻ കഥാപാത്രത്തെയാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആൺകുട്ടികൾ റൊമാന്റിക് ഹീറോയായി ചിത്രീകരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ വേണ്ടി അവളുടെ ഭർത്താവിനെ ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും, പിന്നീട് കൊലപ്പെടുത്തുകയും, ഒടുവിൽ അവളുടെ കൺസെന്റ് അല്ലെങ്കിൽ സമ്മതം പോലുമില്ലാതെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കൊടും ക്രിമിനലാണ് ആ കഥാപാത്രം.

എഴുത്തുകാരനും സംവിധായകനും അടക്കം തികച്ചും തെറ്റായ പ്രവണതയുള്ള വില്ലൻ സ്വഭാവമായി കാണിച്ച കാര്യങ്ങളെയാണ് ഇന്നത്തെ തലമുറ റീലുകളിലൂടെ ‘തീവ്ര പ്രണയമായി’ മാറ്റുന്നത്. വൈകാരികമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടതുകൊണ്ട് മാത്രം ദ്രോഹം ഒരിക്കലും പ്രണയമാകുന്നില്ലെന്നും, മറിച്ച് അതൊരു ക്രിമിനൽ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പലരും സോഷ്യൽ മീഡിയയിൽ തന്നെ അഭിപ്രായപ്പെടുന്നു.

‘തന്റെ പ്രണയത്തെ മഹത്വവൽക്കരിച്ചു സംസാരിക്കുന്ന രാമനുണ്ണിയുടെ ഡയലോഗിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്താണ് ഈ റീലുകൾ പ്രത്യക്ഷപ്പെടുന്നത്.

‘എന്നെക്കാൾ ഇഷ്ടമാണ് ഇന്ദു നീ എന്ന് പറയുന്ന ആ ഭ്രാന്തിനെ. ഞാൻ സംഗീതം പഠിച്ചിട്ടില്ല, തമ്പുരാക്കന്മാരുടെ പരമ്പരയുമല്ല; എന്നുവെച്ച് എനിക്ക് ഇഷ്ടപ്പെട്ടുകൂടേ ഒരു പെണ്ണിനെ? പക്ഷേ പിഴച്ചുപോയി, നിന്നെ കിട്ടാൻ വേണ്ടി ഞാൻ പെട്ട പാടുകളെല്ലാം വെറുതെയായി…’ എന്ന ഡയലോഗാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

എന്നാൽ, രാമനുണ്ണി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തി, അവളെ ലൈംഗികമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന വസ്തുതയും, ഈ ഡയലോഗിന് തൊട്ടുപിന്നാലെ അയാൾ പറയുന്ന കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങളും പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരം റീലുകൾ വൈറലാകുന്നത്.

സ്വപ്നക്കൂട്.Photo:Screengrab/Youtube

ആൺകുട്ടികൾ രാമനുണ്ണിയെ ആഘോഷമാക്കുമ്പോൾ, പെൺകുട്ടികളിൽ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ കൊണ്ടാടുന്നത് ‘സ്വപ്നക്കൂട്’ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ‘കുഞ്ഞൂഞ്ഞ്’ എന്ന കഥാപാത്രത്തെയാണ്. കാഞ്ഞിരപ്പള്ളി അച്ചായന്റെ ലുക്കും എനർജിയും കണ്ട് ‘ഒരു ആണാകാൻ അവസരം കിട്ടിയാൽ കുഞ്ഞൂഞ്ഞിനെപ്പോലെ ആകണം’ എന്ന തരത്തിൽ പലരും റീലുകൾ പങ്കുവെക്കുന്നു.

എന്നാൽ, പെൺകുട്ടികളുടെ പുറകെ നടന്ന്, അവരെ പ്രണയത്തിലാക്കി, വിവാഹവാഗ്ദാനം നൽകി ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത ശേഷം ‘ത്രില്ല് നഷ്ടപ്പെട്ടു’ എന്ന് പറഞ്ഞ് മുങ്ങുന്ന ഒരു സ്ത്രീവിരുദ്ധ കഥാപാത്രമാണ് കുഞ്ഞൂഞ്ഞ്. ഒരു വ്യക്തിയുടെ മാനസികാവസ്ഥക്കോ അവരുടെ സന്തോഷത്തിനോ വില കൽപ്പിക്കാത്ത ഇത്തരം പെരുമാറ്റങ്ങളെ ‘കൂൾ’ അല്ലെങ്കിൽ ‘നായകപരിവേഷം നൽകി ആഘോഷിക്കപ്പെടുന്നത്, ഇന്നത്തെ തലമുറയുടെ പ്രണയബന്ധങ്ങളിലുള്ള തെറ്റായ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.

സ്വപ്നക്കൂട്.Photo:Youtube

ഈ രണ്ട് കഥാപാത്രങ്ങളുടെയും പൊതുവായ സ്വഭാവം എന്നത് മാനസികമായി തളർന്നിരിക്കുന്ന അല്ലെങ്കിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിടുന്നു എന്നതാണ്. പെൺകുട്ടികളുടെ വ്യക്തിപരമായ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ കടന്നുകയറുകയും, അവരെ മാനസികമായി സ്വാധീനിച്ച് തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. ഇത്തരം അഗ്രസീവ് ആയ സ്വഭാവങ്ങളെ പ്രണയമായി തെറ്റിദ്ധരിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.

മലയാള സിനിമാ പ്രേക്ഷകർ പുരോഗമനപരമായ ചിന്തകളിലേക്കും പൊളിറ്റിക്കൽ കറക്റ്റ്‌നസിലേക്കും മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ പഴയ സിനിമകളിലെ ഇത്തരം ‘ടോക്സിക്’ കഥാപാത്രങ്ങളെ വീണ്ടും സോഷ്യൽ മീഡിയ വഴി ജീവൻ നൽകി ആഘോഷിക്കുന്നത് ആ മാറ്റങ്ങൾക്ക് തിരിച്ചടിയാണ്.

പരസ്പര ബഹുമാനാവും വ്യക്തിപരമായ സ്വതന്ത്രവും നിറഞ്ഞതാണ് യഥാർത്ഥ പ്രണയബന്ധങ്ങൾ. അതിൽ ഒരാളെ ദ്രോഹിക്കുന്നതിനോ ചതിക്കുന്നതിനോ സ്ഥാനമില്ല. ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് മൂടിവെച്ചാലും സിനിമയിലെ വില്ലത്തരം വില്ലത്തരം തന്നെയായി കാണാനുള്ള വിവേകം, സോഷ്യൽ മീഡിയ ട്രെൻഡുകൾ ആഘോഷമാകുന്നവർ കാണിക്കേണ്ടതുണ്ട്.

Content Highlight: Social media glorifying toxic movie characters

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.