ഈ സിനിമകളൊന്നും സംവിധാനം ചെയ്തത് ഇവരല്ലേ? പിക്കറ്റ് 43 വിവാദത്തിന് പിന്നാലെ ചര്‍ച്ചയായി മലയാളത്തിലെ ഗോസ്റ്റ് ഡയറക്ഷന്‍ റൂമറുകള്‍
Malayalam Cinema
ഈ സിനിമകളൊന്നും സംവിധാനം ചെയ്തത് ഇവരല്ലേ? പിക്കറ്റ് 43 വിവാദത്തിന് പിന്നാലെ ചര്‍ച്ചയായി മലയാളത്തിലെ ഗോസ്റ്റ് ഡയറക്ഷന്‍ റൂമറുകള്‍
അമര്‍നാഥ് എം.
Wednesday, 1st July 2026, 3:18 pm

വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മേഖലയാണ് സിനിമാലോകം. ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആരെങ്കിലും ചെറുതായി എന്തെങ്കിലും പറഞ്ഞുതുടങ്ങിയാല്‍ അത് വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കുമെല്ലാം വഴിവെക്കാറുണ്ട്. അത്തരത്തിലൊന്നാണ് കഴിഞ്ഞദിവസം നിര്‍മാതാവ് ഒ.ജി. സുനില്‍ പുറത്തുവിട്ട വീഡിയോ വഴിവെച്ച ചര്‍ച്ച.

സുനില്‍ നിര്‍മിച്ച് പൃഥ്വിരാജ് നായകനായ പിക്കറ്റ് 43 എന്ന ചിത്രത്തെക്കുറിച്ചാണ് വീഡിയോയില്‍ സംസാരിക്കുന്നത്. തന്നെക്കുറിച്ച് മേജര്‍ രവി പറഞ്ഞ വാക്കുകള്‍ക്ക് മറുപടിയെന്നോണം പങ്കുവെച്ച വീഡിയോയില്‍ പിക്കറ്റ് 43 സംവിധാനം ചെയ്തത് മേജര്‍ രവിയല്ലെന്ന് സിനില്‍ ആരോപിച്ചു. ആരാണ് ആ സിനിമ സംവിധാനം ചെയ്തതെന്ന് സെറ്റിലുണ്ടായിരുന്നവര്‍ക്ക് അറിയാമെന്നും സുനില്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ മലയാള സിനിമാപേജുകളില്‍ ഒരുപാട് കാലമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു റൂമറിന് വീണ്ടും ജീവന്‍ വെച്ചിരിക്കുകയാണ്. സിനിമാലോകത്ത് കേട്ട് തഴമ്പിച്ച ഗോസ്റ്റ് ഡയറക്ഷന്‍ (പോസ്റ്ററില്‍ പേരുള്ള സംവിധായകനെ മുന്‍നിര്‍ത്തി മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന രീതി) റൂമറുകളാണ് വീണ്ടും സജീവമായത്.

മേജര്‍ രവി സംവിധാനം ചെയ്ത പിക്കറ്റ് 43യാണ് ലിസ്റ്റിലെ ആദ്യ ചിത്രം. മേജര്‍ രവി അതുവരെ ചെയ്ത സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു പിക്കറ്റ് 43യുടേത്. പൃഥ്വിരാജും ഛായാഗ്രഹകന്‍ ജോമോന്‍ ടി. ജോണും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചതെന്ന് അഭ്യൂഹങ്ങളുണ്ട്. 2015ല്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്ദീനും ഇത്തരം വിവാദത്തില്‍ പെട്ടിട്ടുണ്ട്. സിനിമയുടെ പകുതിയോളം രംഗങ്ങള്‍ പൃഥ്വിയാണ് സംവിധാനം ചെയ്തതെന്ന് ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ്ര, 7th ഡേ, എന്ന് നിന്റെ മൊയ്ദീന്‍ Photo: Theatrical posters

അതുപോലെ എസ്ര, 7th ഡേ തുടങ്ങിയ സിനിമകളുടെ സംവിധാനത്തിലും പൃഥ്വിരാജ് ഇടപെട്ടിട്ടുണ്ടെന്ന് പല പേജുകളും അഭിപ്രായപ്പെടുന്നുണ്ട്. മേജര്‍ രവിയുടെ ആദ്യചിത്രമായ കീര്‍ത്തിചക്രയില്‍ പ്രിയദര്‍ശന്‍ ഗോസ്റ്റ് ഡയറക്ഷന്‍ നടത്തിയിട്ടുണ്ടെന്നും റൂമറുളുണ്ട്. എന്നാല്‍ ഇത്തരം റൂമറുകള്‍ക്കൊന്നും തെളിവില്ലെന്നതും ശ്രദ്ധേയമാണ്.

ഒരു സംവിധായകന്റെ സൃഷ്ടി മറ്റൊരാളുടേതാണെന്ന് യാതൊരു തെളിവുമില്ലാതെ ആരോപിക്കുന്നത് ശരിയെല്ലെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകരില്‍ ആരും പ്രതികരിക്കാത്തതും അഭ്യൂഹങ്ങള്‍ക്ക് ബലം വെക്കുന്നുണ്ട്. ഗോസ്റ്റ് ഡയറക്ഷന്‍ എന്നത് സത്യമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ ഇനിയും തുടരുമെന്ന് ഉറപ്പാണ്.

Content Highlight: Social media discussions on ghost directions in Malayalam cinemas

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം