| Monday, 21st April 2025, 12:46 pm

കൂടെ വന്നവരും പിന്നാലെ വന്നവരും ഒ.ടി.ടിയിലിറങ്ങി, മാര്‍ച്ച് ഏഴിന് വരുമെന്ന് പറഞ്ഞ സിനിമ ഇതുവരെ വന്നില്ല, ഡൊമിനിക്കിന്റെ ഒ.ടി.ടി റിലീസിന് എന്തുപറ്റിയെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാളചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്‌സ്. ഡൊമിനിക് എന്ന പ്രൈവറ്റ് ഡിറ്റക്ടീവായാണ് മമ്മൂട്ടി വേഷമിട്ടത്.

എല്ലായിടത്തും മികച്ച പ്രതികരണം ലഭിച്ചിട്ടും തിയേറ്ററില്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കാന്‍ ഡൊമിനിക്കിന് സാധിച്ചില്ല. മമ്മൂട്ടിക്കമ്പനിയുടെ ആദ്യ തിയേറ്റര്‍ ഫ്‌ളോപ്പ് കൂടിയായിരുന്നു ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്. അധികം ഹൈപ്പില്ലാതിരുന്ന സിനിമക്ക് വേണ്ട രീതിയില്‍ പ്രൊമോഷന്‍ നല്കാത്തതായിരുന്നു തിയേറ്ററില്‍ പരാജയപ്പെടാന്‍ കാരണമെന്ന് പലരും അഭിപ്രായപ്പെട്ടു.

ചിത്രത്തിന് കുറച്ചുകൂടി പ്രൊമോഷന്‍ നല്‍കാമായിരുന്നെന്നും അങ്ങനെ ചെയ്യാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. റിലീസ് ചെയ്ത് മൂന്ന് മാസമായിട്ടും ചിത്രം ഇതുവരെ ഒ.ടി.ടിയില്‍ വന്നിട്ടില്ല. ഡൊമിനിക്കിന്റെ കൂടെ റിലീസായതും ശേഷം റിലീസായതുമായ സിനിമകളെല്ലാം ഒ.ടി.ടിയില്‍ എത്തിക്കഴിഞ്ഞു.

എന്നിട്ടും ഡൊമിനിക് മാത്രം ഒ.ടി.ടി റിലീസാകാത്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. മാര്‍ച്ച് ഏഴിന് ചിത്രം ഒ.ടി.ടി.യിലെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ ആ ദിവസം ചിത്രം ഒ.ടി.ടിയിലെത്തിയില്ല. ഡൊമിനിക്കിന് ശേഷം റിലീസായ ബ്രൊമാന്‍സ്, പൈങ്കിളി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, പ്രാവിന്‍കൂട് ഷാപ്പ് എന്നീ സിനിമകള്‍ ഇതിനോടകം ഒ.ടി.ടിയില്‍ റിലീസ് ചെയ്തുകഴിഞ്ഞു.

ചിത്രം ഏപ്രില്‍ അവസാന വാരം ഒ.ടി.ടിയിലെത്തുമെന്നാണ് റൂമറുകള്‍. എന്നാല്‍ ഇതേ സമയത്ത് തന്നെയാണ് മോഹന്‍ലാലിന്റെ എമ്പുരാനും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ഏപ്രില്‍ 24ന് ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് എമ്പുരാന്‍ ഒ.ടി.ടി റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത് 28ാം ദിവസമാണ് എമ്പുരാന്‍ ഒ.ടി.ടിയിലെത്തുന്നത്.

മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം കളങ്കാവലാണ്. നവാഗതനായ ജിതിന്‍ കെ. ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി വില്ലനായാണ് കളങ്കാവലില്‍ പ്രത്യക്ഷപ്പെടുന്നത്. വിനായകനാണ് ചിത്രത്തിലെ നായകന്‍. ഇന്ത്യയെ നടുക്കിയ സയനൈഡ് മോഹന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത പെര്‍ഫോമന്‍സ് കളങ്കാവലില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Social media discussion on Dominic and the Ladies Purse movie OTT Release

We use cookies to give you the best possible experience. Learn more