തട്ടാൻ ഭാസ്ക്കരനോ, സ്നേഹലതയോ, അതോ പവിത്രനോ ചതിച്ചത്? സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ‘പൊന്മുട്ടയിടുന്ന താറാവ്’
Malayalam Cinema
തട്ടാൻ ഭാസ്ക്കരനോ, സ്നേഹലതയോ, അതോ പവിത്രനോ ചതിച്ചത്? സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി ‘പൊന്മുട്ടയിടുന്ന താറാവ്’
നന്ദന എം.സി
Sunday, 29th March 2026, 3:00 pm

രഘുനാഥ്‌ പാലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എവർഗ്രീൻ ചിത്രമായ ‘പൊന്മുട്ടയിടുന്ന താറാവ്’ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ശ്രീനിവാസൻ, ജയറാം, ഉർവശി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം തട്ടാൻ ഭാസ്‌കരന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. വർഷങ്ങൾക്കിപ്പുറവും ചിത്രവും ചിത്രത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകർ വീണ്ടും വിലയിരുത്തുകയാണ്.

സത്യത്തിൽ ആരാണ് ചതിച്ചത് എന്നതാണ് പ്രധാനമായും ചർച്ചയാകുന്നത്. പ്രണയത്തിലിരിക്കുമ്പോൾ പത്ത് പവന്റെ മാല വാങ്ങിച്ചിട്ടും, പിന്നീട് ഫോറിൻ വിവാഹാലോചന വന്നപ്പോൾ ഭാസ്‌കരനെ ഉപേക്ഷിച്ച സ്നേഹലതയോ? അല്ലെങ്കിൽ സ്നേഹിച്ച പെണ്ണിനോട് സ്വർണമാണെന്ന് പറഞ്ഞ് ചെമ്പ് മാല കൊടുത്ത ഭാസ്‌കരനോ? അതേസമയം, ഇവരുടെ പ്രണയം അറിഞ്ഞിട്ടും തട്ടാൻ്റെ കൈയിൽ നിന്ന് മാല കൈക്കലാക്കി, മകളെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിക്കാൻ ശ്രമിച്ച പണിക്കരും വിമർശനത്തിന് വിധേയനാകുന്നു.

പൊന്മുട്ടയിടുന്ന താറാവ്, Photo: YouTube/ Screengrab

ചർച്ച ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഗൾഫിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് വലിയ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച പവിത്രനും തട്ടിപ്പുകാരനാണെന്ന് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ചിലർ പറയുന്നത്, പത്ത് പവൻ മാല മുക്കുപണ്ടമാണെന്ന് മനസിലാക്കിയ ശേഷം അത് തിരികെ ചോദിക്കാൻ പോയ ഭർത്താവാണ് കൂടുതൽ തെറ്റുകാരൻ എന്നതാണ്. ഭാസ്‌കരൻ നിഷ്കളങ്കനായിരുന്നു, പ്രണയം നഷ്ടപ്പെടുമോ എന്ന ഭയമാണ് അവനെ അങ്ങനെ ചെയ്യിപ്പിച്ചതെന്നും ചിലർ വാദിക്കുന്നു.

അതേസമയം, തട്ടിപ്പിന്റെ യഥാർത്ഥ ഇര സ്നേഹലത തന്നെയാണെന്ന നിലപാടും നിരവധി ആരാധകർ പങ്കുവെക്കുന്നു. ചുരുക്കത്തിൽ നോക്കുമ്പോൾ, രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലായി സ്നേഹലത തന്നെ വഞ്ചനയ്ക്ക് ഇരയായതായി കാണാം.

പൊന്മുട്ടയിടുന്ന താറാവ്, Photo: YouTube/ Screengrab

പ്രണയിനിക്കായി മുക്കുപണ്ടം സമ്മാനിച്ച തട്ടാൻ, വഞ്ചനക്കേസിൽ നിയമനടപടി നേരിടേണ്ട വ്യക്തിയാണ്. അതുപോലെ തന്നെ, ഗൾഫിൽ ജോലി ഉണ്ടെന്ന വ്യാജ വാഗ്ദാനം നൽകി വിവാഹം കഴിച്ച ഭർത്താവും വിവാഹ തട്ടിപ്പിന്റെ പേരിൽ ശിക്ഷിക്കപ്പെടേണ്ടതാണെന്നും ആരാധകർ പങ്കുവെക്കുന്നു.

ഇതിനൊപ്പം, ഭാസ്‌കരന്റെ കുടുംബത്തെക്കുറിച്ചും പ്രേക്ഷകർ ചർച്ച ചെയ്യുന്നു. അച്ഛന്റെ പഴയ തട്ടിപ്പുകളും, കുടുംബത്തിലെ രീതികളും ചേർത്തുപിടിച്ച് ‘പാരമ്പര്യമായി തട്ടിപ്പുകാർ’ എന്ന വിലയിരുത്തലും ഉയരുന്നു. ഒടുവിൽ, ആ നാട്ടിലെ ഭൂരിഭാഗം ആളുകളും പുറത്തേക്ക് നിഷ്കളങ്കരായി തോന്നിച്ചാലും ഉള്ളിൽ തട്ടിപ്പുകാരാണെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ നിരീക്ഷണം.

ഇങ്ങനെ, വർഷങ്ങൾ കഴിഞ്ഞിട്ടും കഥാപാത്രങ്ങളെ കുറിച്ചുള്ള വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ ഉയരുന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയമെന്നും ആരാധകർ പങ്കുവെക്കുന്നു.

Content Highlight: social  media discussing the movie Ponmuttayidunna tharavu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.