മലയാള സിനിമയിൽ പരീക്ഷണ ശ്രമങ്ങൾ പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമായി മാറിയ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് ടി.പി ഫെലിനിയാണ്. ‘തീവണ്ടി’ക്ക് ശേഷമുള്ള ഫെലിനിയുടെ ചിത്രം എന്ന നിലയിലും സിനിമയ്ക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു.

25 വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവ്, ‘അതിശയന്’ ശേഷം ജാക്കി ഷറഫിന്റെ സാന്നിധ്യം, കൂടാതെ കുഞ്ചാക്കോ ബോബന്റെ മേക്ക് ഓവർ എന്നിവയെല്ലാം ചിത്രത്തിന് റിലീസിന് മുമ്പ് വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു

ഒറ്റ്, Photo: Kunchako boban/ Facebook

എന്നാൽ ‘ഒറ്റ്’ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ റിലീസ് തന്ത്രമായിരുന്നു. മൂന്നു ഭാഗങ്ങളായി ആലോചിച്ചിരുന്ന ഈ പ്രോജക്ടിന്റെ രണ്ടാം ഭാഗമാണ് ആദ്യം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.

മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഈ പരീക്ഷണം വലിയ കൗതുകമുണ്ടാക്കിയെങ്കിലും, അത് തന്നെ സിനിമയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. കഥയുടെ പൂർണതയും കഥാപാത്രങ്ങളുടെ പശ്ചാത്തലവും വ്യക്തമാകാത്തത് പ്രേക്ഷകരെ അകറ്റിയെന്നാണ് പൊതുവായ വിലയിരുത്തൽ. തിയേറ്ററുകളിൽ ചിത്രം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാകാതെ വൻ പരാജയമായി മാറി.

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി , Photo: Kunchako boban/ Facebook

ഇപ്പോഴിതാ വീണ്ടും സോക്കറിൽ മീഡിയയിൽ ചർച്ചയാകുകയാണ് ‘ഒറ്റ്’. ഫസ്റ്റ് പാർട്ട് ഇറക്കാതെ സെക്കന്റ് പാർട്ട് ഇറക്കിയ സിനിമ എന്ന രീതിയിൽ ട്രോളുകളും വിമർശനങ്ങളും ഉയരുന്നുണ്ട്. രണ്ടാം ഭാഗം ഹിറ്റായാൽ പിന്നീട് ആദ്യ ഭാഗം ഇറക്കാമെന്ന കണക്കുകൂട്ടൽ പാളിയതായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ഫസ്റ്റ് പാർട്ട് ഇറക്കാതെ സെക്കന്റ്‌ പാർട്ട് ഇറക്കി, ഇറക്കിയ സെക്കന്റ്‌ പാർട്ട് എട്ട് നിലയിൽ പൊട്ടി എന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.

അതേസമയം, അരവിന്ദ് സ്വാമിയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും, സിനിമയുടെ ആശയത്തേക്കാൾ അദ്ദേഹത്തിന്റെ അഭിനയം മികച്ചതായിരുന്നെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Content Highlight: Social media Discussing the move ‘Ottu’