സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനായി എത്തിയ ചിത്രം ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആണ്. സൗന്ദര്യ, ഇന്നസെന്റ്, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഇപ്പോളിതാ ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ ചർച്ചകളാണ് നടക്കുന്നത്. ‘ഒരു പക്കാ ടോക്സിക് പടം’ എന്നാണ് പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തെ കുറിച്ചാണ് പ്രധാന വിമർശനം ഉയരുന്നത്.
ഒരു പെൺകുട്ടി സൗഹൃദപരമായി ഇടപെടുമ്പോൾ അത് പ്രണയമായി തെറ്റിദ്ധരിക്കുകയും, പിന്നീട് തന്റെ മനസിൽ കഥകൾ കെട്ടിപ്പടുക്കുകയും ചെയ്യുന്ന രീതിയാണ് വിമർശിക്കപ്പെടുന്നത്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, Photo: YouTube/ Screengrab
അതിന് പിന്നാലെ നായികയുടെ നാട്ടിൽ പോയി അവളുടെ വിവാഹം മുടക്കുന്നതും, അതിലൂടെ നായികയുടെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. നായികയുടെ അച്ഛന് ആരോഗ്യപ്രശ്നം വരുന്നതും, തുടർന്ന് കഥ ജയറാമിനോട് സിംപതി തോന്നിക്കുന്ന രീതിയിൽ മാറുന്നതുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ ജയറാമിന്റെ ഡിപ്രഷന് പോലും നായികയെ കുറ്റപ്പെടുത്തുന്ന രീതിയാണ് സിനിമയിൽ കാണിക്കുന്നത് എന്നാണ് വിമർശനം. ഒടുവിൽ ക്ലൈമാക്സിൽ നായകൻ നല്ലവനായി മാറുകയും, നായികയ്ക്ക് അദ്ദേഹത്തോട് ഇഷ്ടമാണെന്ന് പറഞ്ഞ് സിനിമ അവസാനിപ്പിക്കുന്നതും വിമർശനത്തിന് ഇടയാക്കുന്നു
ചിത്രം മുഴുവൻ നായികയെ കുറ്റക്കാരിയായി ചിത്രീകരിക്കുന്നതും, ചില രംഗങ്ങളിൽ അവളെ അപമാനിക്കുന്ന സംഭാഷണങ്ങൾ ഉള്ളതും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് ഇന്നസെന്റിന്റെ കഥാപാത്രം പറയുന്ന ചില ഡയലോഗുകളും ഇപ്പോൾ വിമർശന വിധേയമാണ്.
അതേസമയം, ഭാഗ്യദേവത പോലുള്ള ചിത്രങ്ങൾ ടോക്സിക് എന്ന് പിന്നീട് വിമർശിക്കപ്പെട്ടിട്ടുണ്ടെന്നും ചിലർ പറയുന്നു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, Photo: YouTube/ Screengrab
ഒരു പക്ഷേ അന്നത്തെ കാലഘട്ടത്തിലെ ജീവിതരീതികൾ അങ്ങനെയായിരുന്നിരിക്കാം. എല്ലാ കുറ്റങ്ങളും സ്ത്രീകളുടെ മേൽ ചുമത്തുന്ന പ്രവണത വ്യാപകമായിരുന്നതിനാൽ, അന്നത്തെ തലമുറ അതിനെതിരെ മിണ്ടാതിരുന്നതായിരിക്കാം. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് ഇത്തരം ആശയങ്ങൾ പ്രമേയമാക്കിയ സിനിമകൾ അംഗീകരിക്കാൻ കഴിയില്ലെന്നതാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്
ഇത്തരം ചിത്രങ്ങൾ മലയാള സിനിമയ്ക്ക് വേണ്ടതല്ലെന്നും സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഏറ്റവും മോശം സിനിമായാണിതെന്നും അഭിപ്രായങ്ങൾ ഉയരുന്നു. കൂടാതെ കൊച്ചു കൊച്ചു സന്തോഷങ്ങൾ പോലുള്ള ചിത്രങ്ങളും സമാന വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്.
Content Highlight: Social media discusses the movie Yatrakkarude Sradhaykku
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.