| Thursday, 11th June 2026, 11:23 am

മോദിയെ പുകഴ്ത്താത്ത സ്‌പൈ ത്രില്ലറൊക്കെ ഒരു സിനിമയാണോ? ആല്‍ഫ ടീസറിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ധുരന്ധര്‍ ഫാന്‍സ്

അമര്‍നാഥ് എം.

ലോകമെമ്പാടും ആരാധകരുള്ള ഴോണറാണ് സ്‌പൈ ത്രില്ലര്‍. ഹോളിവുഡ് ഇതിഹാസം ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയാണ് സ്‌പൈ ത്രില്ലറുകളുടെ തലതൊട്ടപ്പന്‍. മറ്റ് രാജ്യങ്ങളില്‍ ചെന്ന് രഹസ്യമിഷന്‍ പൂര്‍ത്തിയാക്കുന്ന നായകന്റെ കഥകള്‍ ഇന്ത്യയിലും ഒരുപാട് വന്നിട്ടുണ്ട്. യഷ് രാജ് ഫിലിംസ് ഇതിനായി ഒരു സ്‌പൈ യൂണിവേഴ്‌സ് തന്നെ ആരംഭിച്ചിട്ടുണ്ട്.

യൈ.ആര്‍.എഫ് സ്‌പൈ യൂണിവേഴ്‌സിലെ ആദ്യത്തെ കുറച്ച് സിനിമകള്‍ മികച്ച അഭിപ്രായം നേടിയെങ്കിലും അവസാനമിറങ്ങിയ ടൈഗര്‍ 3, വാര്‍ 2 എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ധുരന്ധറിലൂടെ സ്‌പൈ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു റേഞ്ച് കൈവന്നു. വളരെ റോ ആയ, വയലന്‍സ് നിറഞ്ഞ ധുരന്ധറിന്റെ രണ്ട് ഭാഗങ്ങളും ഇന്‍ഡസ്ട്രി ഹിറ്റായി മാറി.

എന്നാല്‍ സംവിധായകന്‍ ഒളിച്ചുകടത്തിയ രാഷ്ട്രീയവും മോദി സ്തുതിയും ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍ സംഘപരിവാര്‍ അനുകൂലികളില്‍ പലരും ധുരന്ധറിനെ വാനോളം പുകഴ്ത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ആല്‍ഫയുടെ ടീസറിന് പിന്നാലെയാണ് പുതിയ ചര്‍ച്ച ആരംഭിച്ചത്.

സ്‌പൈ യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് ആല്‍ഫ. ധുരന്ധറിന് ശേഷം സ്‌പൈ യൂണിവേഴ്‌സിനെ വിമര്‍ശിച്ചുകൊണ്ട് ധുരന്ധര്‍ ഫാന്‍സ് രംഗത്തെത്തിയുരുന്നു. ആല്‍ഫയുടെ ടീസര്‍ ഒരു തരത്തിലും എന്‍ഗേജ് ചെയ്യിക്കുന്നില്ലെന്നും കണ്ടുമടുത്ത ക്ലീഷേ കഥയാണെന്നും കമന്റുകളുണ്ട്. 30 കാരിയായ ആലിയ ഭട്ടിനെ 18 വയസുള്ള യുവതിയായി അവതരിപ്പിച്ചത് കണ്‍വിന്‍സിങ്ങല്ലെന്നും ചിത്രത്തിലെ ആക്ഷന്‍ സീനുകളില്‍ ആര്‍ട്ടിഫിഷ്യലായി തോന്നുന്നെന്നുമാണ് കമന്റുകള്‍.

എന്നാല്‍ ധുരന്ധര്‍ ഫാന്‍സിനെ പരിഹസിച്ചുകൊണ്ട് ചില സര്‍ക്കാസം പോസ്റ്റുകളും ശ്രദ്ധ നേടുന്നുണ്ട്. മോദിയെ പുകഴ്ത്തുന്ന തരത്തില്‍ ഒരു സീനോ ഷോട്ടോ ടീസറില്‍ കാണിച്ചിരുന്നെങ്കില്‍ ധുരന്ധര്‍ ഫാന്‍സ് ഹാപ്പിയാകുമായിരുന്നെന്നാണ് ചിലര്‍ പരിഹാസരൂപത്തില്‍ കമന്റുകള്‍ പങ്കുവെക്കുന്നത്. സിനിമ മെച്ചമാക്കാന്‍ മാധവനെക്കൊണ്ട് രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള ഡയലോഗ് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ആല്‍ഫയെ വിമര്‍ശിക്കുന്നവര്‍ തന്നെ പ്രശംസിക്കുമെന്നും പരിഹാസമുണ്ട്.

സ്‌പൈ യൂണിവേഴ്‌സിലെ ഏഴാമത്തെ ചിത്രമാണ് ആല്‍ഫ. ആലിയ ഭട്ടിന് പുറമെ ഷര്‍വാരി, ബോബി ഡിയോള്‍, അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര ആല്‍ഫയില്‍ അണിനിരക്കുന്നുണ്ട്. ശിവ് രാവാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ് ചോപ്രയുടേതാണ്. ജൂലൈ നാലിനാണ് ആല്‍ഫ തിയേറ്ററുകളിലെത്തുക.

Content Highlight: Social media debate by Dhurandhar fans after Alpha movie teaser release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more