'നിന്നോട് സ്‌നേഹമില്ലാത്തതുകൊണ്ടല്ല', ടോക്‌സിക് അച്ഛന്മാരെ വെള്ളപൂശുന്നത് ഇപ്പോഴും നിര്‍ത്താത്ത തമിഴ് സിനിമ, അവസാന എന്‍ട്രിയായി യൂത്ത്
Indian Cinema
'നിന്നോട് സ്‌നേഹമില്ലാത്തതുകൊണ്ടല്ല', ടോക്‌സിക് അച്ഛന്മാരെ വെള്ളപൂശുന്നത് ഇപ്പോഴും നിര്‍ത്താത്ത തമിഴ് സിനിമ, അവസാന എന്‍ട്രിയായി യൂത്ത്
അമര്‍നാഥ് എം.
Monday, 20th April 2026, 6:30 pm

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് യൂത്ത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ കെന്‍ കരുണാസ് സംവിധായക കുപ്പായമണിഞ്ഞ് നായകനായി വേഷമിട്ട യൂത്ത് ബോക്‌സ് ഓഫീസില്‍ 75 കോടിയിലേറെയായിരുന്നു നേടിയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചു.

തിയേറ്ററില്‍ ഹിറ്റായ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ പലരും വിമര്‍ശിക്കുകയാണ്. കളര്‍ഫുള്‍ എന്റര്‍ടൈനറാണെങ്കിലും ഗംഭീര കഥയൊന്നുമല്ല ചിത്രത്തിന്റേതെന്നും ഒരുപാട് പോരായ്മകളുണ്ടെന്നുമാണ് പ്രധാന വിമര്‍ശനം. എന്നാല്‍ അതിനെക്കാളേറെ പലരും ചൂണ്ടിക്കാണിക്കുന്നത് ടോക്‌സിക് പാരന്റിങ്ങിനെ വെള്ളപൂശുന്ന ഏര്‍പ്പാടാണ്.

സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെ ആദ്യം മുതല്‍ക്കേ സ്വന്തം മകനോട് ദേഷ്യമുള്ള ആളായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. കെന്‍ അവതരിപ്പിച്ച പ്രവീണ്‍ എന്ന കഥാപാത്രം ഭക്ഷണം കഴിക്കുമ്പോഴും പഠിക്കാനിരിക്കുമ്പോഴുമെല്ലാം അച്ഛന്‍ കുറ്റപ്പെടുത്തുകയാണ്. മകന്‍ ഐ.എ.എസ് ആകുമെന്ന് ഭാര്യ പറയുമ്പോള്‍ ‘അവന്‍ ഒന്നുമാകില്ല, വെറും നിര്‍ഗുണന്‍’ എന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

പ്രേമിച്ച് കല്യാണം കഴിച്ച ഉണ്ണികൃഷ്ണനും സരോജയ്ക്കും അഞ്ച് വര്‍ഷം കഴിഞ്ഞാണ് മകനുണ്ടായത്. അതുവരെ തന്നെ മാത്രം സ്‌നേഹിച്ച ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മകനെ സ്‌നേഹിക്കുന്നതില്‍ അയാള്‍ക്ക് ചെറിയ ഈഗോയുണ്ടെന്നും സിനിമയുടെ തുടക്കത്തില്‍ പറയുന്നുണ്ട്. പ്രവീണ്‍ ഒരിക്കലും നന്നാകില്ലെന്നൊക്കെയാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്.

 

മകന്‍ കാരണം ഭാര്യ ആശുപത്രിയിലാകുമ്പോള്‍ അയാള്‍ പ്രവീണിനോട് ദേഷ്യപ്പെടുന്നുണ്ട്. പ്ലസ് ടുവിന് മകന് റാങ്കുണ്ടെന്നറിയുമ്പോള്‍ മകനെയോര്‍ത്ത് ഉണ്ണികൃഷ്ണന്‍ അഭിമാനിക്കുന്നുണ്ട്. എന്നാല്‍ സിനിമയുടെ ക്ലൈമാക്‌സില്‍ താന്‍ എന്തുകൊണ്ടാണ് മകനോട് ദേഷ്യം കാണിക്കുന്നതെന്ന് സുരാജിന്റെ കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. ജീവിതത്തില്‍ താനൊരു പരാജയമാണെന്നും തന്നെപ്പോലെ തന്റെ മകന്‍ ആകരുതെന്ന ‘സ്‌നേഹം’ കൊണ്ടാണ് എന്നും ന്യായീകരിക്കുന്നുണ്ട്.

കഥ ഇങ്ങനെയെല്ലാമാണെങ്കിലും സുരാജിന്റെ അതിഗംഭീര പെര്‍ഫോമന്‍സ് സിനിമയെ മികച്ചതാക്കി നിര്‍ത്തുന്നുണ്ട്. കോമഡിയും ഇമോഷനുമെല്ലാം സുരാജില്‍ ഭദ്രമായിരുന്നു. ഭാര്യയുടെ വീട്ടുകാര്‍ക്ക് മുന്നില്‍ അപമാനിതനാകുമ്പോഴും മകന്‍ തന്നെ കെട്ടിപ്പിടിക്കുമ്പോഴുമെല്ലാം സുരാജിലെ നടന്‍ ശക്തമായി തിളങ്ങുകയായിരുന്നു.

ടോക്‌സിക് അച്ഛന്മാരെ വെള്ളപൂശുന്ന ആദ്യ സിനിമയല്ല യൂത്ത്. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ സൂര്യവംശം, ശിവകാര്‍ത്തികേയന്റെ ഡോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ ടോക്‌സിക് പാരന്റിങ്ങിനെ വെള്ളപൂശിയവയായിരുന്നു. സ്‌നേഹം ഉള്ളിലുണ്ടെങ്കിലും അത് പുറത്തുകാണിക്കാത്തത് വലിയ കാര്യമാണെന്ന കരുതുന്ന പല അച്ഛന്മാരെയും മഹത്താക്കി കാണിക്കുന്ന സിനിമകള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ്. വാഴ 2ല്‍ സുധീഷ് അവതരിപ്പിച്ച കഥാപാത്രവും ഇത്തരത്തിലൊന്നാണ്.

Content Highlight: Social media criticizing Youth movie whitewashing Toxic parenting after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം