| Monday, 30th June 2025, 12:59 pm

നായകനെയും അരമണിക്കൂറോളം വന്ന പ്രഭാസിനെയും വേണ്ട, കണ്ണപ്പയെ അഞ്ച് മിനിറ്റ് മാത്രമുള്ള മോഹന്‍ലാലിന്റെ സിനിമയാക്കി അശ്വന്ത് കോക്ക്, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കില്‍ നിന്ന് പുറത്തുവന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് കണ്ണപ്പ. മുന്‍കാല സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ബാബു കഥയെഴുതി നിര്‍മിച്ച ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു മഞ്ചുവാണ് നായകനായി വേഷമിട്ടത്. വന്‍ ബജറ്റിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരിക്കുകയാണ്. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ചിത്രത്തിന്റെ റിവ്യൂ ചെയ്ത അശ്വന്ത് കോക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിന്റെ റിവ്യൂ വീഡിയോയില്‍ മോഹന്‍ലാലിന്റെ ഗെറ്റപ്പില്‍ വന്നാണ് കോക്ക് റിവ്യൂ അവതരിപ്പിച്ചത്. അഞ്ച് മിനിറ്റ് മാത്രമുള്ള മോഹന്‍ലാലിന്റെ സിനിമയാണ് കണ്ണപ്പെയന്നാണ് അശ്വന്ത് കോക്ക് തന്റെ വീഡിയോക്ക് ക്യാപ്ഷനായി നല്‍കിയത്. മോഹന്‍ലാല്‍ എന്ന നടനെ പരമാവധി നെഗറ്റീവായി കാണിക്കുകയാണ് അശ്വന്തിന്റെ ലക്ഷ്യമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

മൂന്നരമണിക്കൂര്‍ സിനിമയിലെ നായകനായ വിഷ്ണു മഞ്ചുവിനെയും അതിഥിവേഷത്തിലെത്തിയ മറ്റ് താരങ്ങളായ അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരെയും ഒഴിവാക്കി മോഹന്‍ലാലിനെ മാത്രമാണ് റിവ്യൂവിന് വേണ്ടിയുള്ള ഗെറ്റപ്പില്‍ അശ്വന്ത് തെരഞ്ഞെടുത്തത്. മോഹന്‍ലാലിനെതിരെ നെഗറ്റീവ് പറഞ്ഞാല്‍ അതിലൂടെ റീച്ച് കിട്ടുമെന്ന ചിന്തയിലാണ് അയാള്‍ ഇങ്ങനെ ചെയ്തതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

തുടക്കത്തില്‍ ഇത്തരം ഫാന്‍സി ഡ്രസ് റിവ്യൂ വ്യത്യസ്തമായി തോന്നിയെന്നും എന്നാല്‍ ഇപ്പോള്‍ അരോചകമായി തോന്നുന്നെന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം റിവ്യൂ നിര്‍ത്തിക്കൂടേയെന്ന് ചോദിക്കുന്നവരുമുണ്ട്. ഈ വീഡിയോയില്‍ മോഹന്‍ലാലിനെ നെഗറ്റീവായി കാണിച്ച അശ്വന്ത് കോക്ക് താന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

തുടരും സിനിമയുടെ ആദ്യ ഷോക്ക് പിന്നാലെ കാറില്‍ വെച്ച് തന്നെ റിവ്യൂ ചെയ്തതും മോഹന്‍ലാലിനെ വാനോളം പുകഴ്ത്തിയതും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അവസരത്തിനൊത്ത് മോഹന്‍ലാലിനെ പുകഴ്ത്തിയും താഴ്ത്തിക്കെട്ടിയും റീച്ചുണ്ടാക്കുന്ന അശ്വന്ത് കോക്കിനെപ്പോലുള്ളവരെ കരുതിയിരിക്കണമെന്നും ചിലര്‍ പോസ്റ്റിലൂടെ പങ്കുവെക്കുന്നുണ്ട്.

ആന്ധ്രയിലെ ശിവഭക്തനായ കണ്ണപ്പയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥ കഥയില്‍ സ്വല്പം സിനിമാറ്റിക് എലമെന്റുകള്‍ കൂടി ചേര്‍ത്താണ് ചിത്രം ഒരുക്കിയത്. മോഹന്‍ ബാബു, ശരത് കുമാര്‍, പ്രീതി മുകുന്ദന്‍, മധുബാല തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 200 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 25 കോടി മാത്രമാണ് നേടിയത്.

Content Highlight: Social Media criticizing Aswanth Kok for mocking Mohanlal in Kannappa Movie review

Latest Stories

We use cookies to give you the best possible experience. Learn more