ഇന്ത്യയ്ക്ക് വേണ്ടിയല്ല, റീലിനായുള്ള ഷോ; സായ് സുദര്‍ശനെതിരെ വിമര്‍ശനം
Sports News
ഇന്ത്യയ്ക്ക് വേണ്ടിയല്ല, റീലിനായുള്ള ഷോ; സായ് സുദര്‍ശനെതിരെ വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd October 2025, 11:38 am

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് അഹമ്മദാബാദില്‍ പുരോഗമിച്ച് കൊണ്ടിക്കുകയാണ്. നിലവില്‍ രണ്ടാം ദിനത്തിലും ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുകയാണ്. നിലവില്‍ ഇന്ത്യ 56 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയിട്ടുണ്ട്. കെ.എല്‍ രാഹുല്‍ (189 പന്തില്‍ 99*) ധ്രുവ് ജുറെല്‍ (27 പന്തില്‍ 8*) എന്നിവരാണ് ക്രീസിലുള്ളത്.

അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്‍ 100 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ ജെയ്സ്വാള്‍ 54 പന്തില്‍ 36 റണ്‍സും സ്‌കോര്‍ ചെയ്തു. എന്നാല്‍ സായ് സുദര്‍ശന്‍ മത്സരത്തില്‍ തിളങ്ങാനായില്ല. താരം 19 പന്തുകള്‍ നേരിട്ട് ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്.

ഇതിന് പിന്നാലെ, സായ് സുദര്‍ശനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരത്തിന്റെ ഐ.പി.എല്‍ ഫോം ഇന്ത്യയ്ക്ക് വേണ്ടിയല്ല, റീലിനുള്ള ഹൈലൈറ്റാണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇന്ത്യ ഐ.പി.എല്ലിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റില്‍ താരങ്ങളെ എടുക്കരുതെന്നും ആരാധകര്‍ പറയുന്നുണ്ട്.

ശ്രേയസ് അയ്യരിനെപ്പോലുള്ള താരങ്ങളുടെ അവസരം കളഞ്ഞാണ് സായ് കളിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും വിമര്‍ശനമുണ്ട്. മുമ്പ് സായ് യുടെ ഒരു ആരാധനാകാനായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ ഏറ്റവും സ്ഥാനം അര്‍ഹിക്കാത്ത ഒരാളാണ് താരമെന്നും ഒരു ആരാധകന്‍ പറയുന്നുണ്ട്.

‘ശ്രേയസ് അയ്യരിനെ പോലെ ഒരു താരത്തിന് പകരമെത്തിയ സായ് സുദര്‍ശനെ പോലെ ഒരാള്‍ എന്താണ് ടെസ്റ്റ് ടീമില്‍ ചെയ്യുന്നത്? ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ബി.സി.സി.ഐയും ഉത്തരം പറയണം,’ ഒരു ആരാധകന്‍ പറഞ്ഞു.

‘അഭിമന്യൂ ഈശ്വര്‍, ഋതുരാജ് ഗെയ്ക്വാദ് എന്നീ അര്‍ഹരായ താരങ്ങളേക്കാള്‍ സായ് സുദര്‍ശന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു. ഇവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഐ.പി.എല്‍ പ്രകടങ്ങളുടെ പേരില്‍ താരങ്ങളെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ത്തൂ,’ മറ്റൊരു ആരാധകന്‍ എക്സില്‍ കുറിച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും സായ്ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഐ.പി.എല്ലിലെ മിന്നും ഫോം താരത്തിന് ടെസ്റ്റ് ടീമില്‍ നടത്താനായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ താരത്തിന് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് നേടാന്‍ സാധിച്ചത്. ആ പരമ്പരയില്‍ 140 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തിരുന്നത്.

വലിയ പ്രകടനം നടത്താതിരുന്നിട്ടും താരത്തിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് അവസരം ലഭിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലടക്കം മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ശ്രേയസിനെ മറികടന്നായിരുന്നു താരം ടീമിലെത്തിയത്. ഇതോടെയാണ് ആരാധകര്‍ താരത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്.

Content Highlight: Social Media criticizes Sai Sudarshan after he got out for 7 runs against West Indies