'ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല' സഹിക്കാൻ കഴിയാത്ത ഡയലോഗുകൾ' ധർമ്മജന്റെ ക്‌ളീറ്റസിനെ വിമർശിച്ച് സോഷ്യൽ മീഡിയ
Malayalam Cinema
'ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല' സഹിക്കാൻ കഴിയാത്ത ഡയലോഗുകൾ' ധർമ്മജന്റെ ക്‌ളീറ്റസിനെ വിമർശിച്ച് സോഷ്യൽ മീഡിയ
നന്ദന എം.സി
Wednesday, 25th March 2026, 11:38 am

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആട് 3 റിലീസ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും വിമർശനങ്ങളും ഒരുപോലെ ശക്തമാകുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പാനും, വിനായകൻ അവതരിപ്പിച്ച ഡ്യൂഡും, സൈജു കുറുപ്പ് അവതരിപ്പിച്ച അറക്കൽ അബുവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ ധർമ്മജൻ ബോൾഗാട്ടി അവതരിപ്പിച്ച ക്യാപ്റ്റൻ ക്‌ളീറ്റസ് എന്ന കഥാപാത്രം എല്ലാ പ്രേക്ഷകർക്കും വർക്ക് ആയിട്ടില്ല എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ക്യാപ്റ്റൻ ക്‌ളീറ്റസിന്റെ പല ഡയലോഗുകളും പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടി മാത്രം ചേർത്തതുപോലെയാണെന്നും വിമർശനം ഉയരുന്നു. കഥയുടെ ഒഴുക്കിനോട് യോജിക്കാത്ത രീതിയിലുള്ള സംഭാഷണങ്ങളാണ് ക്‌ളീറ്റസ് ഉപയോഗിച്ചത് എന്നാണ് ചിലരുടെ വിലയിരുത്തൽ. ചില പ്രേക്ഷകർക്ക് ഈ കഥാപാത്രം പൂർണമായും അനാവശ്യമായി തോന്നിയെന്നും പറയുന്നു.

ആട്, Photo: IMDb

പ്രധാനമായും ധർമജൻ പറഞ്ഞ ‘ഞാൻ പാണൻ അല്ല പുലയൻ അല്ല പറയൻ അല്ല” എന്ന ഡയലോഗും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ഇത്തരം സംഭാഷണങ്ങൾ തമാശയായി തോന്നിയില്ലെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ പശ്ചാത്തലം പഴയ കാലഘട്ടമാണെന്ന വാദം മുന്നോട്ടുവെച്ചാലും, അതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന ഒരു കഥാപാത്രമായിരുന്നു ക്‌ളീറ്റസ് എന്നാൽ ആട് 3 യിൽ ആ കഥാപാത്രം വേണ്ട രീതിയിൽ വർക്ക് ആയില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ആട്, Photo: Dharmajan/ Facebook

എന്നാൽ ആദ്യഭാഗങ്ങളിലെ ധർമ്മജന്റെ തമാശകൾ കണക്ട് ആയെന്നും അതെ രീതിയിൽ തന്ന സിനിമയിലുടനീളം കൊണ്ടുവന്നിരുന്നെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നെന്നും പ്രേക്ഷകർ പറയുന്നു.

അതേസമയം, സിനിമയിലെ മറ്റു കഥാപാത്രങ്ങൾ മികച്ച പ്രതികരണമാണ് നേടുന്നത്. ഷാജി പാപ്പാനായി ജയസൂര്യയുടെ എനർജറ്റിക് പ്രകടനം വീണ്ടും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നു. ഡ്യൂഡായി വിനായകന്റെ സ്റ്റൈലിഷ് അവതരണവും ഡയലോഗ് ഡെലിവറിയും പ്രത്യേകമായി ശ്രദ്ധ നേടുന്നു. സൈജു കുറുപ്പിന്റെ കഥാപാത്രവും തന്റേതായ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു.

ആകെ എടുത്ത് നോക്കുമ്പോൾ, ‘ആട് 3 ‘ ഒരു എന്റർടെയ്നിങ് അനുഭവമായി പലർക്കും തോന്നുന്നുണ്ടെങ്കിലും, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്ന കഥാപാത്രവും അതിന്റെ വിവാദ ഡയലോഗുകളും സിനിമയിലെ ഒരു ‘കല്ലുകടി’യായി മാറിയെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവായ പ്രതികരണം.

Content Highlight: Social media criticizes Dharmajan’s character in the movie Aadu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.