സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയായിരുന്നു ഇന്ന് പുറത്തുവന്നത്. യൂട്യൂബ് വീഡിയോയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ കരിക്കിന്റെ സിനിമയുടെ പൂജ ഇന്ന് നടന്നു. വന്‍ ഹൈപ്പില്‍ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് കരിക്കിന്റേത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കരിക്കിലെ എല്ലാ താരങ്ങളും അണിനിരക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരിക്കിന്റെ സ്ഥാപകന്‍ നിഖില്‍ പ്രസാദാണ്. 2018ല്‍ പ്രേക്ഷകശ്രദ്ധ നേടിയ കരിക്ക് അവരുടെ സിനിമ പ്രഖ്യാപിക്കുന്നത് 2020ലായിരുന്നു. പിന്നാലെ കൊവിഡും ലോക്ക്ഡൗണും കടന്നുവന്നത് തിരിച്ചടിയായി. കൊവിഡിന് ശേഷം കരിക്കിന്റെ വീഡിയോകളില്‍ പഴയ കോമഡി നഷ്ടപ്പെട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോള്‍ ചിത്രത്തിന്റെ പൂജ ആരംഭിച്ചപ്പോള്‍ കരിക്കിനെ വിമര്‍ശിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ വന്‍ ഫാന്‍ ബേസുണ്ടായിരുന്ന കരിക്ക് അവരുടെ സിനിമ കുറച്ച് നേരത്തെ ആരംഭിച്ചിരുന്നെങ്കില്‍ എന്നാണ് പലരും കമന്റ് പങ്കുവെക്കുന്നത്. തിയേറ്ററില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന വാഴ 2ന്റെ വിജയം കണ്ടിട്ടാണ് കരിക്ക് അവരുടെ സിനിമ ആരംഭിച്ചതെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
‘സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിറും ടീമും സിനിമയില്‍ തിളങ്ങിയത് കണ്ടിട്ട് കരിക്ക് സിനിമ ചെയ്യാനിറങ്ങിയിരിക്കുകയാണെന്ന് തോന്നു. പീക്ക് ടൈമില്‍ ഷൂട്ട് ആരംഭിച്ച് തിയേറ്ററിലെത്തിച്ചിരുന്നെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റായേനെ. ഇത് ഇനി നല്ല റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൊളുത്തി കയറാന്‍ ചാന്‍സുള്ളൂ,’ എന്നാണ് ഒരു പോസ്റ്റ്. സിനിമ ചെയ്യാന്‍ ഒരുപാട് വൈകിയെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്.
എന്നാല്‍ വാഴ 2ന്റെ റിലീസിന് മുന്നേ കരിക്ക് അവരുടെ സിനിമ അനൗണ്‍സ് ചെയ്തിട്ടുണ്ടെന്ന് ചിലര്‍ ഓര്‍മപ്പെടുത്തി. വര്‍ഷങ്ങളായി കരിക്ക് തങ്ങളുടെ സിനിമക്ക് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തിയെന്നും കമന്റുകളുണ്ട്. സമയവും കാലവും ഒത്തുവന്നപ്പോഴാണ് ചിത്രം ആരംഭിക്കുന്നതെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നു.
അപാര ടാലന്റുള്ള ഒരുകൂട്ടമാളുകളാണ് കരിക്കിലുള്ളത്. അനു കെ അനിയന്‍(ജോര്‍ജ്), ശബരീഷ് (ലോലന്‍) അര്‍ജുന്‍ രത്തന്‍, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍ തുടങ്ങി പലര്‍ക്കും പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. എന്നാല്‍ ഇത്രയും കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ കരിക്കില്‍ മാത്രം ഒതുങ്ങിക്കൂടുകയാണെന്നും സിനിമാലോകത്തിന് അവരെ കൃത്യമായി ഉപയോഗിക്കാനാകുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. പുതിയ സിനിമക്ക് ശേഷം മോളിവുഡ് കരിക്ക് ടീമിനെ വേണ്ടരീതിയില്‍ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Social media comparing Vaazha 2 and Karikku movie