കഴിഞ്ഞ ദിവസമാണ് ജയസൂര്യ നായകനായെത്തുന്ന കത്തനാർ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങിയത്. മലയാള സിനിമാസ്വാദകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്.
വർഷങ്ങളോളമുള്ള പ്രേക്ഷക പ്രതീക്ഷകൾക്ക് വിരാമമിടാൻ ഒരുങ്ങുന്ന സിനിമയെന്ന നിലയിലാണ് കത്തനാർ വിലയിരുത്തപ്പെടുന്നത്. ഐതിഹ്യമാലയിൽ വായിച്ചും പഴയ സീരിയലുകളിൽ കണ്ടുമടുത്ത കത്തനാറിൽ നിന്ന് പൂർണമായും വ്യത്യസ്തമായ അവതരണമായിരിക്കും ഈ സിനിമയിലുണ്ടാകുകയെന്നതിന് ട്രെയ്ലർ തന്നെ സൂചന നൽകുന്നുണ്ട്.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത ദൃശ്യവിസ്മയം സമ്മാനിക്കാനാണ് ചിത്രത്തിന്റെ ശ്രമമെന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ.
ട്രെയ്ലറിലെ ഓരോ രംഗവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്.
നിരവധി വൻ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് ബാലതാരമായി മലയാളികളുടെ മനസിൽ ഇടം നേടിയ സനൂപ് സന്തോഷാണ്. കത്തനാർ സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തോടെയാണ് സനൂപ് എത്തുന്നതെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബാല്യകാലമാകുമോ ഇതെന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സനൂപ് സന്തോഷ് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. അതുകൊണ്ടുതന്നെ ഈ തിരിച്ചു വരവ് സോഷ്യൽ മീഡിയ ഇതിനകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്.
എക്കോ , Photo: IMDb
ഇതിനിടെ മറ്റൊരു ചർച്ചയ്ക്കും സോഷ്യൽ മീഡിയ തുടക്കമിട്ടിട്ടുണ്ട്. ‘പടക്കളം സന്ദീപ്’ എന്ന പേരിൽ മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന സന്ദീപുമായി സനൂപ് സന്തോഷിനെ താരതമ്യം ചെയ്യുകയാണ് ചിലർ. പടക്കളം സന്ദീപിന് ഒരു ശക്തമായ എതിരാളിയാകുമോ സനൂപ് എന്നതാണ് ഉയരുന്ന ചോദ്യം
സ്വാഭാവികമായ അഭിനയശൈലിയും എനർജറ്റിക് സ്ക്രീൻ പ്രസൻസും കൊണ്ട് പടക്കളം സന്ദീപ് ഇതിനകം തന്നെ ശ്രദ്ധ നേടിയ താരമാണെങ്കിൽ, കത്തനാർ ട്രെയ്ലറിൽ സനൂപ് സന്തോഷ് കാട്ടിയ തീവ്രതയും മെച്യൂരിറ്റിയും പുതിയൊരു ലെവൽ അഭിനയം കാണാമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ബാലതാരത്തിൽ നിന്ന് വളർന്നെത്തിയ സനൂപ് ഇനി സീരിയസ് കഥാപാത്രങ്ങളിലും തിളങ്ങാനാകുമെന്ന് ട്രെയ്ലർ തെളിയിക്കുന്നുവെന്നും, ഇതോടെ പടക്കളം സന്ദീപിന് ഒരു ശക്തമായ എതിരാളി എത്തിച്ചേരുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ.
2018ൽ പുറത്തിറങ്ങിയ ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിലായിരുന്നു സനൂപ് സന്തോഷ് അവസാനമായി അഭിനയിച്ചത്. മങ്കി പെൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ സനൂപിന്റെ തിരിച്ചു വരവിനായി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.
Content Highlight: Social media compared Sandeep Pradeep and Sanoop Santosh on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.