സിനിമകളുടെ വാര്‍ഷികം ആഘോഷിക്കുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഇതുവരെ വെളിച്ചം കാണാത്ത സിനിമയുടെ അനൗണ്‍സ്‌മെന്റ് ആഘോഷിക്കുക എന്ന വിചിത്രമായ ആഘോഷത്തിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രമാണ് ധ്രുവ നച്ചത്തിരം.
പത്ത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗൗതം മേനോന്‍ ധ്രുവ നച്ചത്തിരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. 2016ല്‍ നിന്ന് 2026ലേക്ക് എത്തുമ്പോള്‍ ധ്രുവ നച്ചത്തിരം ഇതുവരെ ബിഗ് സ്‌ക്രീനിലെത്തിയിട്ടില്ല. ഓരോ വര്‍ഷവും സിനിമാപ്രേമികള്‍ ഈ സിനിമയെക്കുറിച്ച് ഓര്‍ക്കാറുണ്ടെങ്കിലും കാണാനുള്ള ഭാഗ്യം ആര്‍ക്കും ലഭിച്ചിട്ടില്ല.
രണ്ടോ മൂന്നോ വര്‍ഷമൊക്കെ ഒരു സിനിമ വൈകുന്നത് സ്വാഭാവികമാണെങ്കിലും 10 വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ സിനിമയുടെ ഓരോ ഘട്ടത്തിലും ഗൗതം മേനോന്‍ നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ മറ്റൊരു സിനിമയാക്കാനുള്ള സബ്ജക്ടാണെന്നും കമന്റുകളുണ്ട്.
2013ലാണ് ധ്രുവ നച്ചത്തിരം എന്ന പ്രൊജക്ടിനെക്കുറിച്ച് ജി.വി.എം ആദ്യമായി സംസാരിക്കുന്നത്. അന്ന് സൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ അവസാന നിമിഷം സൂര്യ ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയതിനാല്‍ ഷൂട്ട് മുടങ്ങി. പിന്നീട് വിക്രമിലേക്ക് ഈ കഥയെത്തുകയും 2015ല്‍ ഷൂട്ട് ആരംഭിക്കുകയും ചെയ്തു. 2016 മേയില്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. സ്റ്റൈലിഷ് ലുക്കിലെത്തിയ ചിയാന്‍ തന്നെയായിരുന്നു ടീസറിന്റെ ഹൈലൈറ്റ്.
ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള കൊണ്ടാടുവോം എന്റര്‍ടൈന്മെന്റ്‌സും ഒണ്ട്രാഗ എന്റര്‍ടൈന്മെന്റ്‌സും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ രണ്ട് ഷെഡ്യൂളിന് ശേഷം സഹനിര്‍മാതാവ് ചിത്രത്തില്‍ നിന്ന് പിന്മാറി. ഇതോടെ ഷൂട്ട് വീണ്ടും മുടങ്ങി. 2020ല്‍ ഷൂട്ട് പുനരാരംഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധികളും കൊവിഡും കാരണം ഷൂട്ട് വീണ്ടും നിര്‍ത്തിവെക്കേണ്ടി വന്നു.
ഇതിനിടയില്‍ സ്‌ക്രിപ്റ്റ് തിരുത്തിയെഴുതുകയും നായികമാരെ മാറ്റുകയും ചെയ്തു. ഐശ്വര്യ രാജേഷ്, റിതു വര്‍മ എന്നിവരായിരുന്നു നായികമാര്‍. 2021ല്‍ ഷൂട്ട് പുനരാരംഭിച്ചപ്പോള്‍ ഐശ്വര്യ രാജേഷിന്റെ പോര്‍ഷനുകള്‍ പൂര്‍ണമായും ഒഴിവാക്കി. 2023 നവംബറില്‍ ചിത്രം തിയേറ്ററിലെത്തുമെന്ന് അറിയിച്ചെങ്കിലും അവസാനനിമിഷം കോടതി ഇടപെട്ട് റിലീസ് തടയുകയായിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ജി.വി.എം അഭിനയരംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കി. ധ്രുവ നച്ചത്തിരത്തിനിടയില്‍ ഗൗതം മേനോന്‍ നാല് സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. ധ്രുവ നച്ചത്തിരവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളെല്ലാം അവസാനിച്ചെന്നും അധികം വൈകാതെ ചിത്രം റിലീസ് ചെയ്യുമെന്നാണ് ജി.വി.എം അടുത്തിടെ അറിയിച്ചത്. സിനിമാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ആഗ്രഹം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
Content Highlight: Social Media celebrating 10th anniversary of Dhruva Natchathiram announcement