പനാജി: പതിനാറ് വയസിന് താഴെയുള്ള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഗോവ.
ഓസ്‌ട്രേലിയയിലേതിനു സമാനമായ നിയമം നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിച്ച് വരികയാണെന്നും നിരോധനം പരിഗണനയിലാണെന്നും ഗോവ ടൂറിസം, ഐ.ടി മന്ത്രി റോഹന്‍ ഖൗണ്ട മാധ്യമങ്ങളോട് പറഞ്ഞു.
‘മാതാപിതാക്കളില്‍ നിന്ന് ധാരാളം പരാതികള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയും ഈ പ്ലാറ്റ്‌ഫോമുകളില്‍ ചിലതും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്നതായി മാറുകയാണ്. ഇത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുന്നു,’ മന്ത്രി പറഞ്ഞു.
പതിനാറ് വയസ്സിന് താഴെയുളള കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിയമം ഓസ്‌ട്രേലിയ കൊണ്ടുവന്നിട്ടുണ്ടെന്നും തങ്ങളുടെ ഐ.ടി വകുപ്പും അതിനെക്കുറിച്ച് പഠിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രിയോട് സംസാരിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ന് കുട്ടികള്‍ എല്ലായ്‌പ്പോഴും മൊബൈലിലാണ് അത് ഡൈനിങ് ടേബിളില്‍ ആയാലും ടെലിവിഷന്‍ കാണുമ്പോഴായാലും. സോഷ്യല്‍ മീഡിയ കൈവശപ്പെടുത്തിയിരിക്കുന്ന പേഴ്‌സണ്‍ സ്‌പേസ് വളരെ വലുതാണ്. അതിനാല്‍ സംസ്ഥാന വ്യാപകമായി നിരോധനം സാധ്യമാണോയെന്ന് ഞങ്ങള്‍ പഠിച്ച് കൊണ്ടിരിക്കുകയാണ്. വരും തലമുറയ്ക്ക് നല്ലതിനായി അത് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്,’ മന്ത്രി പറഞ്ഞു.
ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനെകുറിച്ച് പഠിക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് ഐ.ടി വിദ്യാഭ്യാസ മന്ത്രി നര ലോകേഷും നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ പതിനാറ് വയിസ്സിന് താഴെയുള്ളവര്‍ക്ക് ഓസ്‌ട്രേലിയ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കിയത്.
16 വയസ്സിന് താഴെയുള്ളവരെ പ്ലാറ്റ്‌ഫോമുകളില്‍ വിലക്കിയില്ലെങ്കില്‍ കമ്പനികള്‍ 4.95 കോടി ഡോളര്‍ പിഴയടക്കേണ്ടിവരും. ഇത്തരത്തില്‍ ഒരു നിയമം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഓസ്‌ട്രേലിയ.
Content Highlight: Social media ban for those under 16; Goa set to follow Australian model
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.