ഓഫ്‌സ്‌ക്രീനിലും ഓൺസ്‌ക്രീനിലും ഒരുപോലെ ശ്രദ്ധ നേടുന്ന നടിയാണ് നിഖില വിമൽ. അഭിപ്രായങ്ങൾ മറച്ചുവയ്ക്കാതെ തുറന്നു പറയുന്ന ശൈലിയാണ് നിഖിലയെ മറ്റു താരങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്നത്.
ഗൗരവമുള്ള വിഷയങ്ങൾ പോലും കുറച്ചു വാക്കുകളിലൂടെയും നർമവുമുള്ള മറുപടികളിലൂടെയും അവതരിപ്പിക്കാനുള്ള കഴിവ് താരത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ താരത്തിന്റെ അഭിമുഖങ്ങൾക്കും പ്രതികരണങ്ങൾക്കും വലിയ പിന്തുണയുമുണ്ട്.
നിഖില വിമൽ., Photo: IMDb
ഇപ്പോഴിതാ നിഖില വീണ്ടും സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയാണ്. ജയസൂര്യ നായകനായെത്തുന്ന ‘ആട് ത്രീ’യിൽ നിഖില ഒരു ഐറ്റം സോങ്ങിൽ അഭിനയിക്കുന്നുവെന്ന അഭ്യൂഹമാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഉറവിടം വ്യക്തമല്ലാത്ത ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ താരത്തിനെതിരായ അധിക്ഷേപ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഈ വിഷയത്തോട് നിഖില തന്നെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. പുതിയ സിനിമയായ പെണ്ണുകേസ് എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് സംഭവം. ‘ആട് ത്രീ’യിൽ ഐറ്റം സോങ് ഉണ്ടോ എന്ന ചോദ്യം ഒരു യൂട്യൂബർ നിഖിലയോട് ഉന്നയിച്ചു. ആദ്യം പ്രതികരിക്കാതെ മുന്നോട്ട് നീങ്ങിയ നിഖിലയെ പിന്തുടർന്ന് ഇയാൾ ചോദ്യം ആവർത്തിച്ചതോടെയാണ് താരം പ്രതികരിച്ചത്.
നിഖില വിമൽ , Photo: Nikhila Vimal/ Facebook
‘നിനക്ക് എന്താ വേണ്ടത്.. ആട് ത്രീയുടെ പ്രസ് മീറ്റ് വരട്ടെ, അപ്പോൾ പറയാം’ എന്നായിരുന്നു നിഖിലയുടെ മറുപടി.
ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണങ്ങൾ ഇരുവശത്തേക്കുമായി. ഒരു വിഭാഗം ഇത് അഹങ്കാരമായി വിമർശിക്കുമ്പോൾ, മറ്റൊരു വിഭാഗം നിഖിലയുടെ നിലപാടിനെ ശക്തമായി പിന്തുണയ്ക്കുകയാണ്.
‘ആളെ വേണ്ടത്ര പരിചയമില്ലെന്നു തോന്നുന്നു ഇത് നിഖിലയാണ്…, ഇതൊക്കെ ഒരു ചോദ്യമാണോ? കിട്ടേണ്ടത് കിട്ടിയില്ലേ ഇനി മോൻ വണ്ടി വിട്ടോ’ ആദ്യമായിട്ടായിരിക്കും മലയാളത്തിൽ ഒരു പ്രധാന നായിക താരത്തിന് അടുത്ത പടത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്നുണ്ടോ എന്നുള്ള ചോദ്യം കേൾക്കുന്നത്, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
അനാവശ്യ ചോദ്യങ്ങളോട് ഈ രീതിയിലാണ് പ്രതികരിക്കേണ്ടത് എന്ന അഭിപ്രായമാണ് ഒരു കൂട്ടം പ്രേക്ഷകർക്ക്.
സ്വയം ‘ഒറ്റബുദ്ധി’യെന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് നിഖില. സ്ത്രീകളുടെ വിഷയങ്ങളിൽ മാത്രം ഒതുങ്ങാതെ, ചില രാഷ്ട്രീയ വിഷയങ്ങളിലും നിലപാട് പറയാൻ അവർ തയ്യാറായിട്ടുണ്ട്. ഒരു പബ്ലിക് ഫിഗറായതിനാൽ ചോദ്യങ്ങൾ പ്രതീക്ഷിക്കാമെങ്കിലും, എല്ലാത്തരം ചോദ്യങ്ങളും അംഗീകരിക്കേണ്ടതില്ലെന്ന സന്ദേശവും നിഖിലയുടെ പ്രതികരണം മുന്നോട്ടുവെക്കുന്നു.
അതേസമയം, വിവാഹ തട്ടിപ്പുകാരിയുടെ വേഷത്തിലെത്തുന്ന പെണ്ണുകേസ് ആണ് നിഖിലയുടെ പുതിയ ചിത്രം. ഹക്കീം ഷാജഹാൻ, അജു വർഗീസ്, ഇർഷാദ് അലി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെബിൻ സിദ്ധാർത്ഥാണ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.