ഇന്ത്യ – ശ്രീലങ്ക – സൗത്ത് ആഫ്രിക്ക ട്രൈനേഷന്‍ സീരീസിന്റെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വിജയം പിടിച്ചടക്കിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 97 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ സെഞ്ച്വറിയുടെയും സ്‌നേഹ് റാണയുടെ നാല് വിക്കറ്റ് നേട്ടത്തിന്റെയും കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഈ പ്രകടനത്തിന് പിന്നാലെ മന്ഥാനയെ കളിയിലെ താരമായി തെരരഞ്ഞെടുത്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായി സ്‌നേഹ് റാണയെയും തെരഞ്ഞെടുത്തു.
For her scintillating ton in the final, vice-captain Smriti Mandhana receives the Player of the Match award 👏👏
പരമ്പരയിലുടനീളം 15 വിക്കറ്റുകളാണ് റാണ നേടിയത്. ഈ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര റെക്കോഡും താരം സ്വന്തമാക്കി. മൂന്ന്/ നാല് ടീമുകള്‍ ഉള്‍പ്പെടുന്ന ഏകദിന ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡാണ് റാണ സ്വന്തമാക്കിയത്. ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയടക്കമുള്ളവരെ മറികടന്നുകൊണ്ടാണ് റാണ ഈ നേട്ടത്തിലെത്തിയത്.
3/4 ടീമുകള്‍ ഉള്‍പ്പെട്ട വനിതാ ഏകദിന ടൂര്‍ണെമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരം
(താരം – വിക്കറ്റ് – ടൂര്‍ണമെന്റ് – വര്‍ഷം എന്നീ ക്രമത്തില്‍)
ട്രൈനേഷന്‍ സീരീസിലെ ഗംഭീര പ്രകടനം താരത്തിന്റെ കഴിവിനെ സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു. വനിതാ പ്രീമിയര്‍ ലീഗ് 2025 താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതെ സ്‌നേഹ് റാണ അണ്‍സോള്‍ഡായി മാറിയിരുന്നു. ശേഷം ശ്രേയാങ്ക പാട്ടീലിന്റെ പകരക്കാരിയായിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ സ്വന്തമാക്കുന്നത്.
ആര്‍.സി.ബിക്കായി കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും ആറ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 18.50 ശരാശരിയിലും 13.50 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിഞ്ഞത്.
നേരത്തെ ലങ്കയ്‌ക്കെതിരായ ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സ് സ്വന്തമാക്കി. സ്മൃതി മന്ഥാനയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
101 പന്തില്‍ 116 റണ്‍സാണ് മന്ഥാന അടിച്ചെടുത്തത്. 15 ഫോറും രണ്ട് സിക്സറും അടക്കം 114.85 സ്ട്രൈക്ക് റേറ്റിലാണ് വൈസ് ക്യാപ്റ്റന്‍ റണ്‍സടിച്ചുകൂട്ടിയത്.
ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി, ദേവ്മി വിഹംഗ, മാല്‍കി മധാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഇനോക രണവീര ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഓപ്പണര്‍ ഹാസിനി പെരേര ബ്രോണ്‍സ് ഡക്കായി മടങ്ങി. രണ്ടാം വിക്കറ്റില്‍ വിഷ്മി ഗുണരത്നെയെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇരുവരും ചെറുത്തുനിന്നത്.
ടീം സ്‌കോര്‍ 68ല്‍ നില്‍ക്കവെ വിഷ്മിയെ പുറത്താക്കി അമന്‍ജോത് കൗര്‍ ഇന്ത്യയ്ക്ക് ബ്രേക് ത്രൂ നല്‍കി. 41 പന്തില്‍ 36 റണ്‍സാണ് താരം സ്വന്തമാക്കിയത്.
പിന്നാലെയെത്തിയ നിലാക്ഷി ഡി സില്‍വയ്ക്കൊപ്പവും ചമാരി മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ സ്നേഹ് റാണയുടെ കരുത്തില്‍ ബ്രേക് ത്രൂ നേടിയ ഇന്ത്യ മത്സത്തില്‍ അപ്പര്‍ഹാന്‍ഡ് സ്വന്തമാക്കുകയും ചെയ്തു.
ഹര്‍ഷിത സമരവിക്രമയെ ഒപ്പം കൂട്ടി നിലാക്ഷി ചെറുത്തുനിന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മൊമെന്റം നഷ്ടപ്പെടാതെ കാത്തു.
ഒടുവില്‍ 48.2 ഓവറില്‍ ലങ്കയെ 245ല്‍ ഇന്ത്യ എറിഞ്ഞിട്ടു.
ഇന്ത്യയ്ക്കായി സ്നേഹ് റാണ നാല് വിക്കറ്റും അമന്‍ജോത് കൗര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. രണ്ട് ലങ്കന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ എന്‍. ചരണിയാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.
Content Highlight: Sneh Rana tops the list of most wickets by an Indian bowler in 3/4 team tournament in WODIs