| Saturday, 30th November 2024, 10:34 pm

അത്തരം കഥാപാത്രങ്ങള്‍ വീണുകിട്ടിയതാണ്, ഇന്‍സ്പിറേഷനൊന്നും ആയിരുന്നില്ല: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ പുറത്തിറങ്ങിയ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജിക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

സി.ബി.ഐ. സീരീസിലെ മൂന്നാമത്തെ ചിത്രമായ സേതുരാമയ്യര്‍ സി.ബി.ഐയെക്കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. ചിത്രത്തില്‍ ഈശോ അലക്‌സ് എന്ന കഥാപാത്രമായി വേഷമിട്ടത് കലാഭവന്‍ മണിയായിരുന്നു. ഒരു ഡിറ്റക്ടീവ് നോവലില്‍ നിന്നാണ് തനിക്ക് ആ സിനിമയുടെ മൂലകഥ കിട്ടിയതെന്ന് എസ്.എന്‍.സ്വാമി പറഞ്ഞു.

13 കൊലപാതകം ചെയ്ത പ്രതിയെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് അതിലൊരു കൊലപാതകം ചെയ്തത് താനല്ലെന്ന് അയാള്‍ പറയുകയും അത് മറ്റൊരു അന്വേഷണത്തിന് തുടക്കം കുറിക്കുകയുമാണെന്ന് എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. അത് അയാള്‍ ഏറ്റെടുത്താല്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടുമെന്നും അത് ശരിയല്ലെന്നും സ്വാമി പറഞ്ഞു.

അലക്‌സ് എന്ന കഥാപാത്രം കലാഭവന്‍ മണി ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും അയാളില്‍ നിന്ന് അത്തരം വേഷം ആരും അധികം പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. അത്തരം കഥാപാത്രങ്ങള്‍ തനിക്ക് വീണുകിട്ടിയതാണെന്നും അതിനൊന്നും യാതൊരു ഇന്‍സ്പിറേഷനില്ലെന്നും സ്വാമി പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍. സ്വാമി ഇക്കാര്യം പറഞ്ഞത്.

‘സേതുരാമയ്യരുടെ കഥയുടെ കോര്‍ എനിക്ക് കിട്ടുന്നത് ഒരു ഇംഗ്ലീഷ് ഡിറ്റക്ടീവ് നോവലില്‍ നിന്നാണ്. ആ നോവല്‍ അതുപോലെ സിനിമയാക്കിയില്ല. അധികം കേട്ടുകേള്‍വിയില്ലാത്ത കഥയാണ് ആ സിനിമയുടേത്. 13 പേരെ കൊന്ന ഒരാളെ തൂക്കിക്കൊല്ലുന്നതിന് മുമ്പ് അയാള്‍ പറയുകയാണ് ‘അതിലൊന്ന് അയാള്‍ ചെയ്തതല്ല’ എന്ന്. അയാള്‍ക്ക് വേണമെങ്കില്‍ അതുംകൂടി ഏറ്റെടുക്കാം. പക്ഷേ അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥ പ്രതി രക്ഷപ്പെടും.

ഈശോ അലക്‌സ് എന്ന ക്യാരക്ടര്‍ കലാഭവന്‍ മണി നന്നായി ചെയ്തിട്ടുണ്ടായിരുന്നു. അതുവരെ മണി ചെയ്തതില്‍ നിന്ന് കുറച്ച് വ്യത്യസ്തമായ ഒന്നായിരുന്നു അത്. അത്തരം കഥാപാത്രങ്ങളൊക്കെ എനിക്ക് വീണുകിട്ടിയതാണ്. അതായത്, ഒരു സുപ്രഭാതത്തില്‍ എന്റെ മനസിലേക്ക് ആ കഥാപാത്രം കടന്നുവരികയായിരുന്നു. അതിന് വേറെ ഇന്‍സ്പിറേഷനൊന്നും ഇല്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy about Kalabhavan Mani’s character in Sethurama Iyer CBI movie

We use cookies to give you the best possible experience. Learn more