ശ്രീലങ്ക ആതിഥേയത്യം വഹിക്കുന്ന ത്രി രാഷ്ട്ര പരമ്പരയിലെ അവസാന ഏകദിനത്തില്‍ ആതിഥേയര്‍ക്ക് എതിരെ സെഞ്ച്വറിയുമായി തിളങ്ങി സ്മൃതി മന്ഥാന. ശ്രീലങ്കയിലെ കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം.
31ാം ഓവറില്‍ തുടര്‍ച്ചയായ നാല് ഫോറടിച്ചാണ് സ്മൃതി തന്റെ പതിനൊന്നാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ഓപ്പണര്‍ 92 പന്തുകളിലാണ് സെഞ്ച്വറിയില്‍ എത്തിയത്. ഇതോടെ ശ്രീലങ്കക്കെതിരെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിത താരമാകാനും മന്ഥാനക്ക് സാധിച്ചു.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം സമ്മാനിക്കാനും താരത്തിനായി. 101 പന്തില്‍ 116 റണ്‍സെടുത്തതാണ് താരം ഇന്ത്യന്‍ ബാറ്റിങ് നിരയെ മുന്നോട്ട് നയിച്ചത്. 114.85 സ്‌ട്രൈക്ക് ബാറ്റ് ചെയ്ത സ്മൃതി രണ്ടും സിക്സും 15 ഫോറുമാണ് ശ്രീലങ്കന്‍ വനിതകള്‍ക്ക് എതിരെ അടിച്ചെടുത്തത്.
മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തോടെ വനിത ഏകദിനത്തിലെ പല റെക്കോഡുകളും സ്വന്തം പേരില്‍ കുറിക്കാന്‍ മന്ഥാനക്കായി. ഇന്ത്യക്കായി വനിത ഏകദിനത്തില്‍ കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന ബഹുമതിയും സ്മൃതി സ്വന്തം പേരില്‍ കുറിച്ചു. 55 സിക്‌സുകള്‍ നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്. 52 സിക്‌സുകള്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനെ പിന്തള്ളിയാണ് ഇടം കൈയ്യന്‍ ബാറ്റര്‍ ഈ നേട്ടത്തിലെത്തിയത്.
കൂടാതെ, വനിത ഏകദിനത്തില്‍ കൂടുതല്‍ 50 + സ്‌കോറുകള്‍ നേടുന്ന താരങ്ങളില്‍ അഞ്ചാമതെത്താനും സ്മൃതിക്കായി. താരം 101 ഇന്നിങ്സുകളില്‍ നിന്ന് 42 തവണയാണ് 50 പ്ലസ് സ്‌കോറുകള്‍ നേടിയത്.
വനിത ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ നേടിയ താരങ്ങള്‍
ഈ റെക്കോഡുകള്‍ക്ക് പുറമെ വനിത ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്നവരില്‍ മൂന്നാമതെത്താനും എവേ മത്സരങ്ങളില്‍ അഞ്ച് സെഞ്ച്വറിയുമായി രണ്ടാമത്തെ താരമാകാനും സ്മൃതിക്ക് സാധിച്ചു.
നിലവില്‍ മത്സരത്തില്‍ ഒന്നാം ഇന്നിങ്സ് അവസാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റില്‍ 342 റണ്‍സെടുത്തിട്ടുണ്ട്. സ്മൃതിക്ക് പുറമെ ഹര്‍ലീന്‍ ഡിയോള്‍ (56 പന്തില്‍ 47), ജെമീമ റോഡ്രിഗസ്(29 പന്തില്‍ 44), ഹര്‍മന്‍പ്രീത് കൗര്‍ (30 പന്തില്‍ 41) മികച്ച പ്രകടനം കാഴ്ച വെച്ചു.