ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ അതിവേഗ സെഞ്ച്വറിയുമായി സൂപ്പര്‍ താരം സ്മൃതി മന്ഥാന. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങവെയാണ് നേരിട്ട 50ാം പന്തില്‍ മന്ഥാന സെഞ്ച്വറി നേടിയത്.
വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത് സെഞ്ച്വറിയാണിത്. ഈ റെക്കോഡില്‍ ഓസീസ് ഇതിഹാസം ബെത് മൂണിയെ മൂന്നാം സ്ഥാനത്തേക്ക് പടിയിറക്കിവിട്ടാണ് മന്ഥാനയുടെ നേട്ടം. ഇതേ മത്സരത്തില്‍ തന്നെയായിരുന്നു 57 പന്തില്‍ സെഞ്ച്വറി നേടി ബെത് മൂണി റെക്കോഡ് പട്ടികയില്‍ ഇടം നേടിയത്.
സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷവും മികച്ച രീതിയില്‍ ബാറ്റ് വീശിയ താരം 63 പന്തില്‍ 125 റണ്‍സുമായി മടങ്ങി. 17 ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. ഗ്രേസ് ഹാരിസിന്റെ പന്തില്‍ ആഷ്‌ലീഗ് ഗാര്‍ഡ്ണറിന് ക്യാച്ച് നല്‍കിയായിരുന്നു മന്ഥാനയുടെ മടക്കം.
അതേസമയം, ഓസീസ് ഉയര്‍ത്തിയ 413 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 22 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. നാല് പന്തില്‍ ആറ് റണ്‍സുമായി ദീപ്തി ശര്‍മയും നാല് പന്തില്‍ അഞ്ച് റണ്‍സുമായി റിച്ച ഘോഷുമാണ് ക്രീസില്‍.
മന്ഥാനയ്ക്ക് പുറമെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (35 പന്തില്‍ 52), ഹര്‍ലീന്‍ ഡിയോള്‍ (14 പന്തില്‍ 11), പ്രതീക റാവല്‍ (12 പന്തില്‍ പത്ത്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് ഇതിനോടകം തന്നെ നഷ്ടപ്പെട്ടത്.
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിങ് തെരഞ്ഞെടുത്തു. ഓരോ വിക്കറ്റിലും മികച്ച കൂട്ടുകെട്ടുണ്ടാക്കി ഓസീസ് സ്‌കോര്‍ ബോര്‍ഡ് അതി വേഗം ചലിപ്പിച്ചു.
നേരിട്ട 57ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബെത് മൂണിയുടെ കരുത്തിലാണ് ഓസീസ് മികച്ച സ്‌കോറിലെത്തിയത്. 45ാം ഓവറിലെ മൂന്നാം പന്തില്‍ റണ്‍ ഔട്ടായി മടങ്ങുന്നതിന് മുമ്പ് 75 പന്ത് നേരിട്ട മൂണി 138 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. 23 ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
Beth Mooney is on a rampage in the third ODI, hitting form right in time for #CWC25 🔥
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മയും രേണുക സിങ് താക്കൂറും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ സ്‌നേഹ് റാണയും ക്രാന്തി ഗൗഡും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content highlight: Smriti Mandhana scored 50 ball century against Australia